മലയാള സാഹിത്യത്തിന്റെ ഗതി തിരിച്ചുവിട്ട മഹാപ്രതിഭ ! ഇന്ന് ഒ വി വിജയന്റെ ഓര്‍മദിനം

മലയാള സാഹിത്യത്തിന്റെ ഗതി തിരിച്ചു വിട്ട മഹാപ്രതിഭയാണ് ഒ വി വിജയന്‍. ഖസാക്കിന്റെ ഇതിഹാസകാരന്റെ ഓര്‍മ്മ ദിനമാണ് ഇന്ന്. മലയാള ഭാവനയുടെ ചരിത്രത്തെ ഒ വി വിജയന് മുമ്പും പിമ്പും എന്ന് വിലയിരുത്തിയാല്‍ തെറ്റാവില്ല. ഖസാക്കിന്റ ഇതിഹാസത്തെ പോലെ ഒരാഖ്യാനവും മലയാളിയെ അതുപോലെ അതിനു മുമ്പോ പിമ്പോ ആവേശിച്ചിട്ടില്ല.

ഊട്ടു പുലായ്ക്കല്‍ വേലുക്കുട്ടി വിജയന്‍ മലയാളിയുടെ എക്കാലത്തെയും കഥാകാരനും കാര്‍ട്ടൂണിസ്റ്റും എന്നതിനപ്പുറം തീഷ്ണമായ അടിയന്തരാവസ്ഥാക്കാലം തൊട്ട് ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളെ തുറന്നുകാട്ടിയ പത്രപ്രവര്‍ത്തകനും കോളമിസ്റ്റും സഞ്ചാരിയുമായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും വിജയന്റെ മാധ്യമപ്രവര്‍ത്തനം ഒരുപോലെ വിളങ്ങി നിന്നു.

1950ല്‍ പരാജിതന്‍ എന്ന കഥയെഴുതി സാഹിത്യത്തിലേക്കു വന്ന വിജയന്‍ തന്റെ എഴുത്തു ജീവിതത്തില്‍ എന്നും വിജയശ്രീലാളിതനായിരുന്നു. മരിക്കുന്നതുവരെ 122 കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളുവെങ്കിലും നവീകരിക്കപ്പെട്ട നാട്ടുഭാഷയുടെ കരുത്തും പ്രവചാനാതീതമായ കാഴ്ചപ്പാടുകളും കൊണ്ട് ആ കഥകളുടെ ശക്തി ഇന്നും അനനുകരണീയമാണ്. ആധുനികതയുടെ കൊടിയടയാളമായി നിന്ന കഥകളുടെ ഒരു സംക്രമണ കാലത്ത് വിജയന്‍ ഖസാക്കിന്റെ ഇതിഹാസവുമായി പ്രത്യക്ഷപ്പെട്ടപ്പോളാണ് മലയാള നോവല്‍ സാഹിത്യം ആദ്യന്റെ ശരിയായ വസന്തം ആഘോഷിച്ചത്.

Also Read : ടിക്ക് ടോക് താരത്തിന്റെ മുഖത്തടിച്ച് അജ്ഞാതന്‍; വീഡിയോ വൈറല്‍, യുഎസ് ഭരണകൂടത്തിനെതിരെ ഇലോണ്‍ മസ്‌ക്

ഖസാക്കിനു പിന്നാലെ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയെ നഗ്‌നമാക്കിക്കാട്ടിയ ധര്‍മ്മപുരാണം, പരിസ്ഥിതിയും ആത്മീയതയും നിറഞ്ഞ മധുരം ഗായതി, ലൗകികതയുടെ കടലുകള്‍ കടന്ന ഗുരുസാഗരം, വരും കാലത്തെ മുന്‍കൂട്ടിക്കണ്ട പ്രവാചകന്റെ വഴി, ചരിത്രത്തിന്റെ പ്രതിസന്ധികള്‍ കൂട്ടിക്കെട്ടിയ തലമുറകള്‍- അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തിന്റെ മഹാഭാരത കഥാകാരന്‍ തന്നെയാണ് ഒവി വിജയന്‍.

കഥാകാരന്‍ എന്നതിനപ്പുറം കേരളം കണ്ട ഏറ്റവും പ്രതിഭാധനനായ ചിന്തകനും ദാര്‍ശനികനുമാണ് ഒ വി വിജയന്‍. ഇഎംഎസുമായി നിരന്തരമായ പ്രത്യയശാസത്ര യുദ്ധങ്ങള്‍ നടത്തിയ വിജയന്‍, സംവാദങ്ങള്‍ കേരളത്തില്‍ എങ്ങനെയാണ് നടക്കേണ്ടതെന്നതിന്റെ ഒരു സാര്‍വലൗകിക മാതൃകയാണ്. ഇഎംഎസ് അന്തരിച്ചപ്പോള്‍ വിജയന്‍ എഴുതി- ഇ എം എസ് ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ എത്ര ചെറിയ മനുഷ്യരായേനേയെന്ന്.

വിജയന് അവഗാഹമില്ലാത്ത വിഷയങ്ങളില്ലെങ്കിലും ആത്മീയതയുടെ പേരിലാണ് അദ്ദേഹം നിരന്തരം വിമര്‍ശന വിധേയനായത്. ഇന്ത്യയില്‍ ഫാസിസത്തിന്റെ കടന്നുവരവിന് കാരണമായ മതാത്മകമായ ആധ്യാത്മികതയെ ആദ്യം മുതലേ ചെറുത്തുനിന്ന എഴുത്തുകാരനായിരുന്നു ഒ വി വിജയന്‍. വിജയന്റെ ധര്‍മ്മപുരാണം ആധുനിക ഇന്ത്യയുടെ ആ ധര്‍മ്മസങ്കടങ്ങളാണ് എഴുതുന്നത്. കേരള സമൂഹത്തില്‍ പ്രവാചക സ്വഭാവത്തോടെ സാഹിത്യത്തിലും രാഷ്ട്രീയത്തിലും വിജയന്‍ നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News