
വിജയ് നായകനാകുന്ന ‘ജനനായകന്’ പിന്നാലെ മറ്റൊരു പൊങ്കൽ റിലീസായ തമിഴ് ചിത്രവും അനിശ്ചിതത്വത്തിൽ. സുധ കൊങ്കരയുടെ ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’യ്ക്ക് ആണ് അവസാന നിമിഷം സെൻസർ ബോർഡ് കട്ടുകൾ പറഞ്ഞിരിക്കുന്നത്. നേരത്തെ 23 കട്ടുകൾ നിർദേശിച്ചിരുന്നു. ഇതുകൂടാതെ പുതിയ 15 കട്ടുകൾ കൂടി ബോർഡ് നിർദേശിച്ചതോടെയാണ് ചിത്രം പ്രതിസന്ധിയിലായത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളും ഡയലോഗുകളുമുണ്ടെന്നാണ് സെൻസർ ബോർഡ് നിരീക്ഷണം.
എന്നാൽ സെൻസർ ബോർഡിന്റെ നിർദേശം അസ്വീകാര്യമാണെന്നാണ് അണിയറപ്രവർത്തകരുടെ നിലപാട്. ഇതോടെ ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര റിവൈസിങ് കമ്മിറ്റിയെ സമീപിക്കും. നിർദേശിക്കപ്പെട്ട തിരുത്തലുകൾ ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തേയും അടിസ്ഥാന കഥയേയും ദുർബലപ്പെടുത്തുമെന്നാണ് ഇവരുടെ ഭാഗം.
ALSO READ: മിനിറ്റിന് ഒരു കോടി രൂപ; നൃത്തച്ചുവടുകൾക്ക് റെക്കോർഡ് പ്രതിഫലം വാങ്ങി തമന്ന
1960-കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രം ശനിയാഴ്ചയാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കൊച്ചുമകനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകനുമായ ഇമ്പൻ ഉദയനിധിയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
അതേസമയം സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി വിധി പറയാൻ മാറ്റിയതിനെത്തുടർന്ന് വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് മാറ്റിയിരുന്നു. ചിത്രം പുറത്തിറങ്ങേണ്ടിയിരുന്ന വെള്ളിയാഴ്ച രാവിലെ വിധി പറയുമെന്നാണ് കോടതി അറിയിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

