
ഹൈദരാബാദ്: ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയിൽ മാത്രമല്ല, ലോകത്തെമ്പാടും ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുത്ത പാൻ-ഇന്ത്യൻ താരം പ്രഭാസിന് ഇന്ന് ജന്മദിനം. സോഷ്യൽ മീഡിയയിൽ അടക്കം ആശംസകളുമായി താരങ്ങളും ആരാധക ലോകവും രംഗത്തെത്തി. പിറന്നാൾ ദിനത്തിൽ കാത്തിരുന്ന ആരാധകർക്ക് ആവേശമായി തന്റെ പുതിയ ചിത്രം ഫൗസി, അണിയറയിൽ ഒരുങ്ങുന്ന ‘ദി രാജാസാബ്’ എന്നിവയുടെ പോസ്റ്ററുകൾ പ്രഭാസ് പങ്കുവെച്ചു. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രോജക്ടുകളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
സലാർ: പാർട്ട് 2 – ശൗര്യാംഗ പർവ്വ’, ‘സ്പിരിറ്റ്’, ‘കൽക്കി 2898 AD: പാർട്ട് 2’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളും താരത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്കപ്പുറം വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന പ്രകൃതവും പ്രഭാസിനെ നിർമ്മാതാക്കൾക്കിടയിൽ വിശ്വസ്തനാക്കുന്നു. സൂപ്പർ താരമെന്ന ഭാവമില്ലാതെയുള്ള വിനയവും പെരുമാറ്റവുമാണ് പ്രഭാസിന്റെ ആരാധകരുടെ ഡാർലിംഗ് ആക്കി മാറ്റിയത്.
എല്ലാ വർഷവും ഒക്ടോബറിൽ ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പഴയ ഹിറ്റ് ചിത്രങ്ങളായ ‘ഈശ്വർ’, ‘പൗർണമി’, ‘ബാഹുബലി’ തുടങ്ങിയവ വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നുണ്ട്. സിനിമാ ജീവിതത്തിനപ്പുറം, പൊതുശ്രദ്ധയിൽ വരാതെ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളിലൂടെയും പ്രഭാസ് ശ്രദ്ധേയനാണ്.
അതിവേഗം സിനിമകൾ പൂർത്തിയാക്കുന്നതിലും താരം മുന്നിലാണ്. ‘കൽക്കി’, ‘സലാർ’ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ ഒരു വർഷത്തിനുള്ളിലാണ് പ്രഭാസ് പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ‘ബാഹുബലി’, ‘കൽക്കി’ തുടങ്ങിയ ചിത്രങ്ങളിലൂടെ 1000 കോടി ക്ലബ്ബിൽ സ്ഥിരമായി ഇടം നേടുന്ന പ്രഭാസ്, ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകരുടെ ആദ്യ പരിഗണനയിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

