കാലത്തെ മറികടന്ന വിജയ്- രശ്മിക മന്ദാന പ്രണയം: ‘രണബാലി’ പോസ്റ്ററിന് പിന്നിലെ ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തി സംവിധായകൻ

ranabaali rashmika vijay

ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഏറെ അഭ്യൂഹങ്ങള്‍ക്കിടെ ഫെബ്രുവരി 26ന് ആണ് ഇരുവരുടെയും വിവാഹം ക‍ഴിഞ്ഞത്. അവരുടെ വിവാഹം ആരാധകർക്കിടയിൽ വൻ ആവേശമാണ് സൃഷ്ടിച്ചത്. വിവാഹത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചെത്തുന്ന ‘രണബാലി’യുടെ പോസ്റ്റർ പുറത്തുവന്നിരുന്നു. ഇരുവരും വിവാഹ വേഷത്തിലുള്ള പോസ്റ്ററായിരുന്നു അത്. പിന്നാലെ ചിത്രത്തിൻ്റെ സംവിധായകനായ രാഹുൽ സങ്ക്രിത്യൻ പോസ്റ്ററിന് പിന്നിലെ രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ്. പോസ്റ്റർ പരസ്യചിത്രം എന്നതിലുപരി തികച്ചും വ്യക്തിപരമായ ഒരു അനുഭൂതിയായി മാറിയിരിക്കുന്നുവെന്ന് രാഹുൽ സങ്ക്രിത്യൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ഈ ചിത്രം ഒരിക്കലും ഒരു പോസ്റ്ററായി ഡിസൈൻ ചെയ്തതല്ലെന്നും അതൊരു നല്ല നിമിഷമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

പഴയകാല ഫോട്ടോകളോട് തനിക്ക് എപ്പോഴും താൽപ്പര്യമുണ്ടെന്ന് സങ്ക്രിത്യൻ വിശദീകരിച്ചു. മുൻതലമുറക്കാർ ക്യാമറയ്ക്ക് മുന്നിൽ നിന്നിരുന്ന രീതിയാണിതെന്നും യാതൊരു അഭിനയമോ കൃത്രിമമായ ഭാവങ്ങളോ ഇല്ലാതെ അവരുടെ സ്വാഭാവികമായ സാന്നിധ്യം മാത്രം പകർത്താനാണ് താൻ ഈ പോസ്റ്ററിലൂടെ ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 1800-കളുടെ അവസാനം അത്ര ഗ്ലാമറസായ കാലഘട്ടമായിരുന്നില്ലെന്നും അതിജീവനത്തിന്റേതായ ആ കാലത്തെ വിവാഹങ്ങൾക്ക് ഗൗരവം ഉണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ വേഷത്തിൽ സെറ്റിലെത്തിയപ്പോൾ അവർ അഭിനയിക്കുകയാണെന്ന് തോന്നിയില്ലെന്നും, മറിച്ച് കാലത്തിലൂടെ സഞ്ചരിച്ച് എത്തിയവരെപ്പോലെയാണ് തോന്നിച്ചതെന്നും സംവിധായകൻ പറയുന്നു. ലളിതമായ ഒരു പശ്ചാത്തലത്തിൽ, വലിയ ലൈറ്റുകളോ പ്രത്യേക പോസുകളോ ഇല്ലാതെ ആ നിശബ്ദതയിൽ പകർത്തിയതാണ് ഈ ചിത്രം.

അതേസമയം, വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ പോസ്റ്റർ പുറത്തിറങ്ങിയത്.”ചില ബന്ധങ്ങൾ ശാശ്വതമാണ്. ചിലപ്പോൾ ഇത് അവരുടെ മുൻജന്മത്തിലെ വിവാഹ ചിത്രമെന്ന പോലെയാണ് എനിക്ക് തോന്നുന്നത്” എന്ന വരികളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഈ പോസ്റ്റ് തന്നെ വികാരാധീനനാക്കിയെന്നും സംവിധായകന്റെ സൂക്ഷ്മമായ നിരീക്ഷണം തന്നെ സന്തോഷിപ്പിച്ചുവെന്ന് വിജയ് ദേവരകൊണ്ട പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News