
റോഡിൽ നിന്ന് ലഭിച്ച 45 പവൻ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായ ശുചീകരണ തൊഴിലാളിയെ അഭിനന്ദിച്ച് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്. ഒപ്പം ഹൃദയം നിറഞ്ഞ് ഒരു സമ്മാനവും നൽകി. ഒരു സ്വർണ്ണമാലയും പൊന്നാടയും ആണ് താരം നൽകിയത്.
കഴിഞ്ഞ ജനുവരി 11-ന് ആയിരുന്നു ചെന്നൈയിലെ ടി. നഗർ പ്രദേശത്ത് റോഡ് വൃത്തിയാക്കുന്നതിനിടെയാണ് പത്മയ്ക്ക് ചപ്പുചവറുകൾക്കിടയിൽ നിന്ന് ഒരു ബാഗ് ലഭിച്ചത്. സാധനം പരിശോധിച്ചപ്പോൾ അതിൽ നിന്ന് ഏകദേശം 45 പവൻ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി. ഒട്ടും വൈകാതെ തന്നെ പത്മ തന്റെ മേലധികാരികളെ വിവരമറിയിക്കുകയും അടുത്തുള്ള പോണ്ടി ബസാർ പോലീസ് സ്റ്റേഷനിൽ സ്വർണ്ണം അടങ്ങിയ ബാഗ് ഏൽപ്പിക്കുകയും ചെയ്തു. പോലീസ് സ്വർണ്ണം യഥാർത്ഥ ഉടമയ്ക്ക് കൈമാറി.
ALSO READ: കൽക്കി 2വിൽ ദീപിക പദുക്കോണിന് പകരം സായി പല്ലവി ? റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ
പത്മയുടെ ഈ നിസ്വാർത്ഥമായ പ്രവർത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം പത്മയെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. പത്മയുടെ ജീവിതം സമൂഹത്തിന് ഒരു വലിയ പാഠമാണെന്നും ഇന്നത്തെ തിരക്കുപിടിച്ച ലോകത്തും മനുഷ്യത്വം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണിതെന്നും നടൻ രജനികാന്ത് പറഞ്ഞു. അദ്ദേഹം പത്മയെ ആദരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും താരത്തിന്റെ ഈ ലളിതമായ ഇടപെടലിനെ ആരാധകർ പ്രശംസിക്കുകയും ചെയ്തു കഴിഞ്ഞു.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ രജനികാന്ത്. കൂടാതെ, സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന രജനിയുടെ 173-ാമത്തെ ചിത്രം (താൽക്കാലിക പേര് ‘തലൈവർ 173’) ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. കമൽ ഹാസനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

