
ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മത്സരിക്കാൻ കഴിയില്ലെന്ന വിജയ് ബാബുവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സാന്ദ്ര തോമസ്. നിയമം പരിശോധിക്കുന്നത് വിജയവാബുവിന്റെ സർട്ടിഫിക്കറ്റല്ല, അസോസിയേഷന്റെ ബൈലോ ആണ് എന്ന് അവർ പറഞ്ഞു. കാര്യങ്ങൾ കോടതി വിലയിരുത്തുമെന്നും സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. സത്യം വിജയിക്കട്ടെ, നീതിക്ക് വേണ്ടി നിലകൊള്ളുക എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് സാന്ദ്ര കുറിപ്പ് പങ്കുവെച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നു , ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം .
ഞാൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്ന് വിജയ്ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു , മറ്റൊരു അർത്ഥത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ 2016 വരെ പുറത്തുവന്ന സെൻസർഷിപ് ക്രെഡിറ്റും മാനേജിങ് പാർട്ണർ ആയിരുന്ന എന്റെ പേരിലാണെന്നും ഇതിൽനിന്നും വ്യക്തമാണ്. 2016 ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിൽ ഞാനൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല . എന്റെ വാദം കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ നിയമാവലി പ്രകാരം ഞാൻ മാനേജിങ് പാർട്ണർ ആയിരുന്നപോളുള്ള എല്ലാ സിനിമകളുടെയും സെന്സര്ഷിപ് ക്രെഡിറ്റ് എന്റെ പേരിൽ ഉള്ളതാണെന്നാണ് . അതിനാൽ KFPA യുടെ റെഗുലർ മെമ്പർ ആയ എനിക്ക് അസോസിയേഷന്റെ കീപോസ്റ്റിൽ നിയമപരമായി മത്സരിക്കാം , അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്റെ പോസ്റ്റിലില്ല . ഞാൻ പാർട്ണർഷിപ് ഒഴിഞ്ഞൊ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തർക്കവിഷയമേ അല്ല എന്നാൽ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ് .
നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല , മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ് , അത് കോടതി വിലയിരുത്തും .
ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന് .
സാന്ദ്രാ തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാനാവില്ലെന്ന് ആയിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം. ഒരു വ്യക്തിക്കല്ല, കമ്പനിക്കാണ് സെൻസർ എന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിജയ് ബാബു പറഞ്ഞു.
സാന്ദ്രാ തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനോ യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനോ സാധിക്കില്ല. തന്‍റെ സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ മാത്രമാണ് സാധിക്കുക എന്ന് അദ്ദേഹം കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

