
ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കിംഗി’നെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ‘പഠാൻ’, ‘വാർ’ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വെറും 10 ദിവസത്തെ ആക്ഷൻ രംഗങ്ങൾക്കായി മാത്രം അണിയറപ്രവർത്തകർ ചിലവാക്കിയത് 50 കോടി രൂപയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതായത് ഒരു ദിവസത്തെ ഷൂട്ടിംഗിന് മാത്രം 5 കോടി രൂപ!
യൂറോപ്പിലെ അതിമനോഹരമായ ലൊക്കേഷനുകളിലാണ് വമ്പൻ ആക്ഷൻ സീക്വൻസുകൾ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുണ്ടാകുക എന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു.
ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ആദ്യമായി അച്ഛനോടൊപ്പം സ്ക്രീനിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, റാണി മുഖർജി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വെറുമൊരു നടനായി മാത്രമല്ല, ചിത്രത്തിന്റെ ആക്ഷൻ ഡിസൈനിംഗിലും ഷാരൂഖ് ഖാൻ നേരിട്ട് ഇടപെടുന്നുണ്ട്. സ്റ്റണ്ട് ടീമിനൊപ്പം ചേർന്ന് ആക്ഷൻ സീനുകൾ പെർഫെക്റ്റ് ആക്കാൻ കിംഗ് ഖാൻ നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് 2026 ജൂണോടെ പൂർത്തിയാക്കി അതേ വർഷം ക്രിസ്മസിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ആഗോളതലത്തിൽ ഇന്ത്യൻ സിനിമയുടെ കരുത്ത് തെളിയിക്കുന്ന ഒരു മാസ്സ് എന്റർടൈനറാകും ഇതെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


