
മലയാളികൾക്കും സുപരിചിതയായ താരമാണ് ശ്രുതി ഹാസൻ. കമൽ ഹാസന്റെ മകൾ എന്നതിലുപരി തന്റേതായ ഒരു ഇടം സിനിമാമേഖലയിൽ താരം നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ മനുഷ്യത്വം നിറഞ്ഞ ഒരു പ്രവർത്തിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അപൂർവ്വമായ ജനിതക രോഗം ബാധിച്ച കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് താരം നൽകിയ സാമ്പത്തിക സഹായം ആ കുഞ്ഞ് ജീവൻ നിലനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുഞ്ഞിനെ നേരിൽ കാണുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
യൂതേക പാണ്ഡ്യൻ – ശ്രീറാം ദമ്പതികളുടെ മകളാണ് ആഴ്വി. കുഞ്ഞിന് എംഎസ്എംഡി (Mendelian Susceptibility to Mycobacterial Diseases) എന്ന ഗുരുതരമായ ജനിതക രോഗമായിരുന്നു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു കുഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള ഏക വഴി. ഈ നിർണ്ണായക ഘട്ടത്തിലാണ് നടി ശ്രുതി ഹാസൻ സഹായഹസ്തവുമായി വന്നത്. സാമ്പത്തിക സഹായം നൽകുക മാത്രമല്ല, മികച്ച ഡോക്ടർമാരുടെ ചികിത്സ കുഞ്ഞിന് ലഭ്യമാക്കാനും ശ്രുതി തന്നെ മുൻകൈ എടുത്തു.
വർഷങ്ങൾക്ക് ശേഷം ശ്രുതിയെ കാണാൻ എത്തിയപ്പോൾ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് താരം തങ്ങളെ സ്വീകരിച്ചതെന്ന് കുട്ടിയുടെ അച്ഛനായ ശ്രീറാം കുറിപ്പിൽ പറയുന്നു. “ഇന്ന് എന്റെ ഹൃദയം നിറഞ്ഞു കവിയുകയാണ്. ആഴ്‌വിയോട് ശ്രുതി കാണിച്ച സ്നേഹവും ഊഷ്മളതയും വാക്കുകൾക്കും അപ്പുറമാണ്. താരം നൽകിയ വലിയ ബിസ്‌ക്കറ്റ് പാക്കറ്റ് കണ്ടപ്പോൾ കുഞ്ഞിന്റെ മുഖത്ത് വിരിഞ്ഞ ചിരി ഞങ്ങൾക്ക് വലിയ സന്തോഷം നൽകി. മകൾ ഇന്ന് ജീവനോടെ ഇരിക്കുന്നത് ശ്രുതി ഹാസൻ ഉള്ളതുകൊണ്ട് മാത്രമാണ്,” എന്ന് ശ്രീറാം കുറിച്ചു.
ശ്രുതിയുടെ വീട്ടിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കകഴിഞ്ഞു. താരത്തിന്റെ എളിമയെയും കാരുണ്യത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിക്കൊണ്ടിരിക്കുന്നത്. വെറും നായികയല്ല, ഒരു പിഞ്ചുകുഞ്ഞിന്റെ കാവൽ മാലാഖയായി ശ്രുതി മാറിയെന്നു ആരാധകർ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

