
ഗായിക ആര്യാ ദയാല്‍ വിവാഹിതയായി. അഭിഷേക് എസ്.എസ്. ആണ് വരന്‍. ലളിതമായ ചടങ്ങില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നാണ് വിവരം. തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന ചിത്രമാണ് ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധിയാളുകൾ ആര്യയ്ക്ക് ആശംസകളുമായി എത്തി.
സഖാവ് എന്ന കവിത പാടി മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ് ആര്യ ദയാൽ. പിന്നീട് കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ വ്യത്യസ്തമായ ഗാനാലാപനം ആളുകളുടെ മനസ് കീഴടക്കിയിരുന്നു.
വിദ്യാർഥി ആയിരുന്ന സമയത്ത് ആര്യ ദയാൽ പാടിയ ഗാനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്. കൊവിഡ് കാലത്ത് ഒരു ഗാനം ആലപിച്ചാണ് ആര്യ ബോളിവുഡ് താരം അമിതാഭ് ബച്ചനേയും ആരാധകനാക്കി മാറ്റിയത്. അദ്ദേഹം ആര്യയുടെ ഗാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
“സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും പ്രിയ സുഹൃത്തുമായ ഒരാളാണ് എനിക്കീ വീഡിയോ അയച്ചു തന്നത്. ഇതാരാണ് എന്നെനിക്കറിയില്ല, പക്ഷെ ഒരു കാര്യം എനിക്ക് പറയാനാകും,’നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെൺകുട്ടീ’ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇത്തരം നല്ല സൃഷ്ടികൾ ഇനിയും തുടരുക. മറ്റൊരിക്കലുമില്ലാത്ത വിധം എന്റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി. കർണാടക സംഗീതവും വെസ്റ്റേൺ പോപ്പും മിക്സ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. പക്ഷെ വളരെ ചടുലമായും എളുപ്പത്തോടെയുമാണ് അവൾ അത് ചെയ്തിരിക്കുന്നത്. എന്നാൽ സ്റ്റൈലിൽ ഒട്ടും വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. അസാധ്യം!,” എന്നായിരുന്നു അന്ന് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

