
ഓടരുതമ്മാവ ആളറിയാം എന്ന പ്രിയദർശൻ ചിത്രത്തിനാണ് ശ്രീനിവാസൻ ആദ്യമായി തിരക്കഥയൊരുക്കിയത്. എങ്ങനെയാണ് തിരക്കഥയെഴുത്തിലേക്ക് താൻ എത്തപ്പെട്ടതെന്ന് ഒരു വേദിയിൽ ശ്രീനിവാസൻ പറയുന്നുണ്ട്. ‘തിരക്കഥ എന്ന് പറയുന്ന നടുക്കടലിലേക്ക് തള്ളിയിട്ട് എന്നെ മുക്കിക്കൊല്ലാൻ ശ്രമിച്ച വിദഗ്ധനാണ് പ്രിയൻ’ എന്നാണ് നർമത്തിന്റെ മേമ്പൊടിയിലൂടെ ശ്രീനിവാസൻ പറഞ്ഞത്.
തിരക്കഥയിലേക്ക് എത്തിയത് എങ്ങനെയെന്ന് ശ്രീനിവാസൻ പറയുന്നത് ഇപ്രകാരമാണ്. “വർഷങ്ങൾക്കു മുമ്പ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി മാത്രം തിരുവനന്തപുരത്ത് ചെന്നപ്പോൾ അദ്ദേഹത്തോട് ഞാൻ ചോദിച്ചു, ഷൂട്ടിങ്ങിന്റെ തലേദിവസമാണോ, എന്താണ് പ്രിയാ എന്റെ റോൾ? റോളൊക്കെ പിന്നെ പറയാം, അഭിനയിക്കാൻ വന്നതാണല്ലേ? ഞാൻ പറഞ്ഞു അതേ. അങ്ങനെ നാളെ തുടങ്ങാണെന്ന് പറഞ്ഞ് വന്നതാണ്, കുഴപ്പമൊന്നുമില്ല. ഇവിടെ ഒരു സാധനം ഇല്ല. എന്താണ്? തിരക്കഥ. അപ്പൊ എന്ത് ചെയ്യും? അതൊന്നും എനിക്കറിയില്ല, താൻ എഴുതുകയാണെങ്കിൽ അഭിനയിക്കാം.
ഞാൻ പറഞ്ഞു എനിക്ക് എഴുതാൻ അറിയില്ല. എന്നാൽ പിന്നെ വന്ന വഴിയെ പോയിക്കോ എന്ന് പറഞ്ഞു. വന്ന വഴി പോകാൻ എനിക്കറിയാം, പക്ഷേ ആ വഴി പോയിട്ട് വലിയ പ്രയോജനമില്ല എന്നുള്ളതുകൊണ്ട് ഞാൻ അവിടെ തന്നെ നിന്നു. അങ്ങനെ സിനിമയുടെ തിരക്കഥ എന്ന് പറയുന്ന നടുക്കടലിലേക്ക് തള്ളിയിട്ട് എന്നെ മുക്കിക്കൊല്ലാൻ ശ്രമിച്ച വിദഗ്ധനാണ് പ്രിയൻ” ശ്രീനിവാസൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

