
ലോകസിനിമയിലെ തന്നെ വിസ്മയമായ സൂപ്പർ സ്റ്റാർ രജനീകാന്ത് തന്റെ ആത്മകഥ എഴുതുന്നു എന്ന ആവേശകരമായ വാർത്തയാണ് ഇപ്പോൾ സിനിമ ലോകത്തു നിന്ന് പുറത്തുവരുന്നത്. മകൾ സൗന്ദര്യ രജനീകാന്ത് ആണ് ആരാധകർ ഏറെക്കാലമായി കാത്തിരുന്ന ഈ വലിയ രഹസ്യം പരസ്യമാക്കിയത്.
തന്റെ പുതിയ ചിത്രമായ ‘വിത്ത് ലവ്’ എന്ന സിനിമയുടെ പ്രമോഷനിടെയാണ് അച്ഛൻ തന്റെ ജീവിതകഥ എഴുതിത്തുടങ്ങിയ വിവരം സൗന്ദര്യ പങ്കുവെച്ചത്. ബെംഗളൂരുവിലെ ബസ് കണ്ടക്ടറിൽ നിന്നും ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിലേക്കുള്ള രജനിയുടെ വളർച്ച ലളിതമായിരുന്നില്ലെന്നും, ആ പോരാട്ടത്തിന്റെ അണിയറക്കഥകൾ ലോകത്തെ ഞെട്ടിക്കുമെന്നും സൗന്ദര്യ പറഞ്ഞു.
ALSO READ : ഇനി സംശയങ്ങളില്ല അവരെത്തുന്നു; അഭ്യൂഹങ്ങൾക്കൊടുവിൽ രജനികാന്തും കമൽഹാസനും ഒന്നിക്കുന്നു
അമ്പതു വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിനിടയിൽ രജനീകാന്ത് നേരിട്ട പ്രതിസന്ധികളും അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവുകളും ഈ പുസ്തകത്തിലൂടെ വായനക്കാരിലേക്ക് എത്തും. വെള്ളിത്തിരയിലെ സ്റ്റൈൽ മന്നന്റെ മിന്നും പ്രകടനങ്ങൾക്ക് പിന്നിൽ അദ്ദേഹം നടത്തിയ കഠിനാധ്വാനവും ഓരോ വേഷത്തിനും വേണ്ടി നൽകിയ അർപ്പണബോധവും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
നേരത്തെ ‘കൂലി’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ സംവിധായകൻ ലോകേഷ് കനകരാജും ഇതിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നുവെങ്കിലും, സൗന്ദര്യയുടെ വെളിപ്പെടുത്തലോടെ ആരാധകർ കൂടുതൽ ആവേശത്തിലാണ്.
ലോകമെമ്പാടുമുള്ള വായനക്കാരെ ആകർഷിക്കുന്ന തരത്തിൽ ഒരു വിപ്ലവകരമായ കൃതിയായിരിക്കും ഇതെന്നും, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഹോളിവുഡ് തുടങ്ങി വിവിധ ഭാഷകളിൽ സ്വാധീനം ചെലുത്തിയ ഒരു ഇതിഹാസത്തിന്റെ യഥാർത്ഥ മുഖം ഇതിലൂടെ വെളിപ്പെടുമെന്നും മകൾ കൂട്ടിച്ചേർത്തു.
സാധാരണക്കാരനായ ഒരു യുവാവ് എങ്ങനെ ആഗോളതലത്തിൽ സ്വാധീനമുള്ള ഒരു ഐക്കണായി മാറി എന്നതിന്റെ നേർച്ചിത്രമാകും ഈ ആത്മകഥ. സിനിമാ ലോകത്തെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുസ്തകത്തിൽ ഉണ്ടാകുമെന്ന സൂചനകൾ കൂടി പുറത്തുവന്നതോടെ കാത്തിരിപ്പിലാണ് ആരാധക ലോകം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


