
ട്രാഫിക്കില്ലാത്ത ഹൈവേയിലൂടെ കുതിച്ചുപായുന്ന വാഹനത്തിന്റെ വേഗതയില്‍ പ്രേക്ഷകന്റെ മനസ്സും കുതിച്ച നിമിഷങ്ങളായിരുന്നു ‘ട്രാഫിക്’ എന്ന രാജേഷ് പിള്ളയുടെ ചിത്രം സമ്മാനിച്ചത്. ശ്രീനിയായാല്‍ ലേശം കോമഡി, കുഞ്ചാക്കോ ബോബനും ആസിഫ് അലിയും വരുമ്പോള്‍ അൽപ്പം റൊമാന്‍സ്, റോമയും രമ്യയും സന്ധ്യയും ഒന്നിച്ചാൽ പാട്ടും കൂത്തും…. എന്നിങ്ങനെയുള്ള മുന്‍വിധികളെയെല്ലാം തകർത്ത സിനിമ. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ഹൃദയം, ഹൃദയ ശസ്ത്രക്രിയയ്ക്കായി മറ്റൊരു സ്ഥലത്തേക്ക് റോഡുമാർഗം കൊണ്ടുപോവുന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇത്രയും അപകടമേറിയ ആ ദൗത്യത്തിൽ വാഹനമേടിക്കുന്നത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ശ്രീനിവാസൻ ആയിരുന്നു. ദൗത്യത്തിൽ പങ്കാളിയായ ഡോക്ടറായി കുഞ്ചാക്കോ ബോബനും മരിച്ചയാളുടെ സുഹൃത്തായി ആസിഫ് അലിയും അതേ വാഹനത്തിൽ ശ്രീനിവാസനൊപ്പം യാത്ര ചെയ്യുന്ന സീനുകളാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ. അവരിലൂടെ ആണ് കഥ പറയുന്നത്.
നെഞ്ചിടിപ്പോടു കൂടി മാത്രം കണ്ടിരിക്കേണ്ടി വന്ന സീനുകളായിരുന്നു അവ. അതിനു സിനിമയിലെ കഥാസന്ദർഭം മാത്രമല്ല കാരണം. സത്യത്തിൽ ഡ്രൈവിംഗ് അത്ര വശമില്ലാത്ത ആളായിരുന്നു ശ്രീനിവാസൻ. കൗതുകകരമായ ഈ കാര്യം പിന്നീട് പല അഭിമുഖങ്ങളിലും ആസിഫും കുഞ്ചാക്കോ ബോബനും വെളിപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് അറിയാത്തയാൾ ഓടിക്കുന്ന വണ്ടിയിൽ ജീവൻ പണയം വച്ചിരുന്ന ആ ഷൂട്ടിംഗ് ദിവസങ്ങളെ കുറിച്ച് ഇവർ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.
“ഞാനും ചാക്കോച്ചനും എപ്പോഴും പറയും, ആ വണ്ടിയോടിച്ചത് മൂന്നുപേരാണ്. ഞാനും ചാക്കോച്ചനും ദൈവവും എന്ന്. ശ്രീനിയേട്ടൻ വണ്ടിയോടിക്കുമ്പോൾ പേടിക്കാതെ ഇരിക്കുക എന്നത് വല്യ സീനായിരുന്നു. ഇടയ്ക്ക് ക്ലച്ച് കരിയുന്നതും ടയറിൽ നിന്ന് ഒച്ച കേൾക്കുന്നതുമൊക്കെ ഞങ്ങൾക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു.”
“ചിത്രത്തിലൊരു സ്വീകൻസുണ്ട്. ചാക്കോച്ചൻ എന്റെ കഴുത്തിൽ കത്തി വയ്ക്കുമ്പോൾ ഞാൻ ശ്രീനിയേട്ടനോട് കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നതും അതു കണ്ട് ശ്രീനിയേട്ടൻ വണ്ടി വെട്ടിച്ച് ഒരു ഗ്രിഡിന്റെ മുകളിലേക്ക് കയറണം, അപ്പോൾ ചാക്കോച്ചൻ തെറിച്ചുപുറത്തേക്കു വീഴും. അതിന്റെ ആക്ച്വൽ ഷോട്ട് ഞങ്ങൾ പ്ലാൻ ചെയ്തത്, ഞാൻ കണ്ണു കാണിക്കുമ്പോൾ ശ്രീനിയേട്ടൻ സ്റ്റിയറിംഗ് തിരിക്കുന്നതുവരെയാണ്. എന്നാൽ ഷോട്ടിൽ ശ്രീനിയേട്ടൻ കൃത്യമായി വണ്ടി തിരിച്ച് ആ ഗ്രിഡിന്റെ മുകളിൽ കയറ്റിനിർത്തി. ചാക്കോച്ചൻ തെറിച്ചുപോയി, കത്തി എന്റെ കഴുത്തിൽ നിന്നുമാറി, ഞാൻ ഒന്നു ഷേക്കായതിനു ശേഷം നിവർന്നിരിക്കുന്നു, ശ്രീനിയേട്ടൻ നെടുവീർപ്പിടുന്നു. അതെല്ലാം ഒറ്റഷോട്ടിൽ കിട്ടി. പിന്നെ ഫൈറ്റ് മാസ്റ്റർ എന്തിനാ, മാസ്റ്റർ പൊക്കോട്ടെ എന്നു പറഞ്ഞ് പുള്ളിയേയും തിരിച്ചു അയച്ചു, ആ സീൻ കഴിഞ്ഞു. പിറ്റേദിവസം, ഞങ്ങൾ മേക്കപ്പ് ചെയ്തോണ്ടിരിക്കുമ്പോൾ ശ്രീനിയേട്ടൻ ഇരുന്നു ചിരിക്കുകയാണ്. :ക്ലച്ച്, ബ്രേക്ക്, ആക്സിലേറ്റർ അല്ലേ…? ഞാൻ ഇന്നലെ ബ്രേക്ക് എന്നു പറഞ്ഞ് ചവിട്ടിയത് ക്ലച്ചിലാ…” എന്ന്.
“പുള്ളി ബ്രേക്ക് ആണെന്നു കരുതി ക്ലച്ച് ചവിട്ടിയപ്പോൾ അതു ഓഫായി വണ്ടിയിടിച്ച് നിന്നതാണ്. സത്യത്തിൽ ആൾക്ക് ക്ലച്ചും ബ്രേക്കും മാറിയതാണ്, അതു ഞങ്ങൾക്കാർക്കും മനസ്സിലായില്ല. അതിനു ശേഷം കട്ട് പറയുമ്പോൾ ഞാൻ കയറി സ്റ്റിയറിംഗിൽ പിടിക്കും, ചാക്കോച്ചൻ ഹാൻഡ് ബ്രേക്കിലും. ഇങ്ങനെയാണ് വണ്ടി നിന്നുകൊണ്ടിരുന്നത്. വലിയൊരു അഡ്വെഞ്ചർ ട്രിപ്പായിരുന്നു അത്,” ആസിഫ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

