
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ഷംല ഹംസ എന്ന നടിയാണ് ശ്രദ്ധേകേന്ദ്രമായി മാറിയിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, നായികയെന്ന നിലയിൽ അരങ്ങേറ്റ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഷംല ഹംസ. ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയിൽ പുരസ്ക്കാരങ്ങൾ തൂത്തുവാരിയ ഫെമിനിച്ചി ഫാത്തിമ, ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിലും തിളങ്ങി. അതിൽ ഏറ്റവും ശ്രദ്ധേയമാണ് ഷംല ഹംസയുടെ പ്രകടനം.
ലിംഗസമത്വം, സാംസ്കാരിക പാരമ്പര്യം, വ്യക്തി ശാക്തീകരണം എന്നിവയിലൂന്നിയ പ്രമേയം കേന്ദ്ര കഥാപാത്രമായ ഫാത്തിമയുടെ കണ്ണിലൂടെ കാണിച്ചുതരുന്ന ചലച്ചിത്രാവിഷ്ക്കാരമാണ് ഫെമിനിച്ചി ഫാത്തിമ. പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ സിനിമയിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് ഫെമിനിച്ചി ഫാത്തിമയുടെ കഥാതന്തു.
ചിത്രത്തിൽ ഫാത്തിമ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഷംല ഹംസ അവതരിപ്പിച്ചത്. ഒരു പുതുമുഖ നടിയുടെ യാതൊരു പതർച്ചയുമില്ലാതെ, ഫാത്തിമയുടെ ജീവിത പോരാട്ടങ്ങൾ അതിമനോഹരമായി പ്രേക്ഷകരിൽ എത്തിക്കാൻ ഷംലയ്ക്ക് സാധിച്ചുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. മതത്തിന്‍റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുക്കപ്പെടുമ്പോഴും, ജീവിതത്തോട് പോരാടാൻ ധൈര്യം കാണിക്കുന്ന ഫാത്തിമ, സമീപകാല മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് പ്രമുഖ നടൻ പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ഷംലയെ മികച്ച നടിയായി തിരഞ്ഞെടുത്തത്.
ഫെമിനിച്ചിയായ ഫാത്തിമ, സിനിമ കണ്ടിറങ്ങുന്നവരുടെ വീടുകളിൽ ഇടപെടുന്ന വീട്ടമ്മയായി മാറി. വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംലയുടെ കഥാപാത്രം മുന്നോട്ടുവെക്കുന്ന ചോദ്യങ്ങളും സംശയങ്ങളും ഓരോ വീടുകളിലെയും അടുക്കളയിൽമാത്രം ഒതുങ്ങുന്നതാകില്ല. ഈ ചിത്രം പറയുന്നത് അതിശക്തമായ രാഷ്ട്രീയം തന്നെയാണ്.
ALSO READ; ‘പത്തില്‍ പത്ത്’: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ‘മഞ്ഞുമ്മല്‍ ബോയ്സ്’
തനിക്ക് നന്നായി ചെയ്യാൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസമുള്ളതുകൊണ്ടാണ് ഫെമിനിച്ചി ഫാത്തിമയിൽ അഭിനയിച്ചതെന്ന് പുരസ്ക്കാര വിവരം അറിഞ്ഞ് ഷംല ഹംസ മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം അഭിനയിച്ചവരുടെ പിന്തുണയും തനിക്ക് ഏറെ സഹായകരമായെന്നും അവർ പറയുന്നു.
മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പുറമെ മറ്റ് രണ്ട് പ്രധാന അവാർഡുകളും ‘ഫെമിനിച്ചി ഫാത്തിമ’ നേടി. ചിത്രത്തിന്റെ സംവിധായകനായ ഫാസിൽ മുഹമ്മദ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ഈ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും ‘ഫെമിനിച്ചി ഫാത്തിമ’യ്ക്കാണ്. ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പുരസ്ക്കാരങ്ങൾ ഫെമിനിച്ചി ഫാത്തിമ നേടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

