
പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദി രാജാ സാബ്’. റിലീസിനായി തയ്യാറെടുക്കുന്ന ഈ സിനിമയിൽ മലയാളികള്‍ക്കും പ്രിയങ്കരിയായ നടി സറീന വഹാബും വേഷമിടുന്നുണ്ട്. ഇപ്പോഴിതാ സറീന വഹാബിന്റെ സിനിമാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ബോളിവുഡിൽ കൂടുതൽ സെലക്ടീവ് ആകുന്നതിനെയും തെലുഗു ചലച്ചിത്ര മേഖലയിലെ പ്രോജക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും കുറിച്ചാണ് നടിയുടെ തുറന്നുപറച്ചിൽ. തിങ്കളാഴ്ച മുംബൈയിൽ നടന്ന ഒരു പ്രത്യേക പരിപാടിക്കിടെ ആയിരുന്നു സറീനയുടെ വെളിപ്പെടുത്തൽ. തന്റെ വേരുകളെക്കുറിച്ചും ഭാഷാ വൈദഗ്ധ്യത്തെക്കുറിച്ചും അവർ പരിപാടിയിൽ സംസാരിച്ചു.
“ഞാൻ 40 വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ആന്ധ്രാ സ്വദേശിയാണ് ഞാൻ. അതിനാൽ എനിക്ക് നന്നായി തെലുഗു സംസാരിക്കാൻ കഴിയും, മറ്റാരെക്കാളും നന്നായി. എന്തുകൊണ്ടാണ് ഞാൻ തെലുഗു സിനിമകളിൽ പ്രവർത്തിക്കാത്തതെന്ന് എല്ലാവരും എന്നോട് ചോദിച്ചിരുന്നു. ഞാൻ കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ ഈ സിനിമ (രാജാ സാബ്) എനിക്ക് കൂടുതൽ പ്രശസ്തി നേടിത്തരുന്നു.”
ഹിന്ദി സിനിമകളേക്കാൾ തന്നെ കൂടുതൽ ആവേശഭരിതയാക്കുന്നത് തെലുഗു സിനിമയാണ് എന്ന് അവർ വിശദീകരിച്ചു. “നിങ്ങൾ എന്തിനാണ് തെലുഗു സിനിമകൾ ചെയ്യുന്നതെന്ന് ബോംബെയിലെ ആളുകൾ എന്നോട് ചോദിക്കുന്നു. ഹിന്ദി സിനിമകളിൽ ഇപ്പോള്‍ കുടുംബമില്ല, ദക്ഷിണേന്ത്യയിൽ മാത്രമാണ് ഇത്തരം കുടുംബ സിനിമകള്‍ സജീവമായിരിക്കുന്നത്.
ALSO READ: ചിരിച്ചും കരഞ്ഞും അലറിവിളിച്ചും സുധാ ചന്ദ്രൻ; മുംബൈയിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു
ആളുകൾ കാണാൻ ഇഷ്ടപ്പെടുന്ന കുടുംബാധിഷ്ഠിത സിനിമകൾ അവർ നിർമ്മിക്കുന്നു. ഞാൻ ഇപ്പോൾ 2-3 തെലുഗു സിനിമകളിൽ കൂടി പ്രവർത്തിക്കുന്നുണ്ട്’, സറീന വ്യക്തമാക്കി. എന്നാൽ ബോളിവുഡിനോട് തനിക്ക് ഒരു നീരസവുമില്ലെന്നും സറീന വ്യക്തമാക്കി.
തെലുഗു വ്യവസായത്തോടും ഹിന്ദി വ്യവസായത്തോടും താൻ വളരെ നന്ദിയുള്ളവളാണെന്ന് അവർ പറഞ്ഞു. നടൻ ആദിത്യ പഞ്ചോളിയെയാണ് സറീന വഹാബ് വിവാഹം കഴിച്ചത്. അഭിനേതാക്കളായ സൂരജ് പഞ്ചോളിയും സന പഞ്ചോളിയും മക്കളാണ്.
അതേസമയം സഞ്ജയ് ദത്ത്, ബോമൻ ഇറാനി, നിധി അഗർവാൾ, മാളവിക മോഹനൻ എന്നിവരും ദി രാജാ സാബ് സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ എത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

