
അണമുറിയാത്ത നടനയൊഴുക്കാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. ഓരോ കഥാപാത്രത്തിലും നവഭാവുകത്വം സൃഷ്ടിച്ച് ആസ്വാദകരുടെ പശിയകറ്റുന്ന അതുല്യ പ്രതിഭ. സിനിമയുടെ തലപ്പൊക്കം മമ്മൂട്ടിയുടെ പിറന്നാളാണ് ഇന്ന്. 1951ല്‍ ഇതുപോലൊരു സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയെന്ന പി ഐ മുഹമ്മദ് കുട്ടി കോട്ടയം ജില്ലയിലെ ചെമ്പ് ദേശത്ത് ജനിക്കുന്നത്.
ഇസ്മയില്‍- ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ മുതല്‍ വരാനിരിക്കുന്ന കളങ്കാവല്‍ വരെ അര നൂറ്റാണ്ടിലധികമായി അനുസ്യൂതം ഒഴുകുന്ന അഭിനയ നദി. ഇതിനകം എത്രയെത്ര കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി! മേളയും വടക്കന്‍ വീരഗാഥയും മതിലുകളും വിധേയനും പൊന്തന്‍മാടയും ന്യൂഡല്‍ഹിയും വല്യേട്ടനും പാലേരിമാണിക്യവും ഭ്രമയുഗവും പുഴുവും നന്‍പകല്‍ നേരത്തും അടക്കം നൂറുകണക്കിന് കഥാപാത്രങ്ങളെ അദ്ദേഹം പ്രേക്ഷക മനസ്സില്‍ കൊത്തിവെച്ചു.

Read Also: 52 വര്‍ഷം മുമ്പ് മഹാരാജാസില്‍ കഥാപ്രസംഗം അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ ചിത്രം വൈറലാകുന്നു
1971 ആഗസ്റ്റ് ആറിനായിരുന്നു മമ്മൂട്ടി അഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസ് ചെയ്തത്. ബഹദൂറിനൊപ്പം ഒരു സീനില്‍ സാന്നിധ്യം അറിയിച്ചു. സംഭാഷണമുള്ള ആദ്യ സിനിമ 1973ലെ കാലചക്രമായിരുന്നു. കരിയര്‍ ബ്രേക്ക് നല്‍കിയത് 1980ല്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയും.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ആ കൈകളിലെത്തി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാകട്ടെ അഞ്ച് പ്രാവശ്യവും. 1998-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ വേഷമിട്ടു. ഇനിയും ഒരുപാട് വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ആസ്വാദനത്തിൻ്റെ പരമകാഷ്ഠയിലെത്തിക്കും. പ്രിയ മമ്മൂക്ക, അങ്ങേക്ക് ഒരായിരം ജന്മദിന സന്തോഷങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

