
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വയറുനിറയെ കൊടുത്ത് ആഴ്‌സണല്‍ കിരീടത്തിലേക്കുള്ള യാത്ര ഒന്നുകൂടി കരുത്തുറ്റതാക്കി. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ 5 ഗോളുകള്‍ക്ക് ആണ് ആഴ്‌സണൽ ഗംഭീര ജയം നേടിയത്. അതിനിടെ, സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാണം കെട്ട തോൽവി ഏറ്റുവാങ്ങി.
മത്സരം ആരംഭിച്ച് രണ്ടാം മിനുറ്റില്‍ തന്നെ ലീഡ് എടുത്ത് മേധാവിത്വം സ്ഥാപിക്കാൻ ആഴ്‌സണലിന് സാധിച്ചു. ആദ്യ പകുതിയില്‍ ഈ ലീഡ് തുടര്‍ന്നു. സിറ്റി ഡിഫന്‍ഡര്‍ അകാഞ്ചിയുടെ പിഴവ് മുതലെടുത്ത് ട്രൊസാര്‍ഡ് ആണ് ആഴ്‌സണലിന് ലീഡ് നല്‍കിയത്. എന്നാൽ, രണ്ടാം പകുതിയില്‍ 55ാം മിനുറ്റില്‍ സിറ്റി സമനില കണ്ടെത്തി. സവിഞ്ഞോയുടെ ക്രോസ് ഹാളണ്ട് ഹെഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ സമനില അധിക നേരം നീണ്ടുനിന്നില്ല. 35 സെക്കന്‍ഡുകള്‍ക്കകം പാര്‍ട്ടിയിലൂടെ ആഴ്‌സണല്‍ ലീഡ് തിരിച്ചുപിടിച്ചു.
അതേസമയം, ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനോട് തോറ്റു. എതിരില്ലാത്ത 2 ഗോളിനായിരുന്നു പരാജയം. സ്‌ട്രൈക്കര്‍ ഇല്ലാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്. ആദ്യ പകുതിയില്‍ കളി യുണൈറ്റഡ് താരങ്ങളുടെ കാലുകളിലായിരുന്നെങ്കിലും ഗോള്‍ കണ്ടെത്താന്‍ ആയില്ല. 64ാം മിനുറ്റില്‍ മറ്റേറ്റയിലൂടെ ക്രിസ്റ്റല്‍ പാലസ് ലീഡ് എടുത്തു. 89ാം മിനുറ്റില്‍ മറ്റേറ്റ വീണ്ടും ഗോള്‍ നേടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here