
എറണാകുളം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കൊച്ചി നഗരം കനത്ത വെള്ളക്കെട്ടിലും പകർച്ചവ്യാധി ഭീഷണിയിലുമാണ്. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയുടെ ശക്തിക്ക് നേരിയ കുറവുണ്ടെങ്കിലും വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പുഴയോരത്തുള്ളവർക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊച്ചി നഗരം നേരിടുന്ന പ്രധാന പ്രതിസന്ധി രൂക്ഷമായ വെള്ളക്കെട്ടാണ്. കോർപ്പറേഷൻ നടത്തേണ്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പരാജയപ്പെട്ടതാണ് ഇതിന് കാരണമെന്ന് ആക്ഷേപമുയരുന്നു. ഓടകളിൽ നിന്നും കനാലുകളിൽ നിന്നും നീക്കം ചെയ്യുന്ന മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡരികിൽ തന്നെ ഇടുന്നതാണ് പ്രധാന പ്രശ്നം. മഴ ശക്തമാകുമ്പോൾ ഈ മണ്ണ് തിരികെ ഓടകളിലേക്ക് തന്നെ ഒഴുകിയെത്തുകയും നീരൊഴുക്ക് തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് മുൻകാലങ്ങളെ അപേക്ഷിച്ച് റോഡുകളിൽ കൂടുതൽ സമയം വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കുന്നു.
മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരത്തിൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയെക്കുറിച്ച് വലിയ ആശങ്കയുണ്ട്.
ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊച്ചി കോർപ്പറേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. മുൻ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കായൽ ശുചീകരണവും ഓടകളുടെ വൃത്തിയാക്കലും കൃത്യമായി നടന്നിരുന്നെന്നും, എന്നാൽ നിലവിലെ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി ഇക്കാര്യത്തിൽ പരാജയപ്പെട്ടെന്നും ആരോപണമുണ്ട്. പ്രശ്നങ്ങളിൽ നിന്ന് മേയർ ഒളിച്ചോടുകയാണെന്നും സമരക്കാർ ആരോപിക്കുന്നു. നിലവിലെ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളുടെയും കോർപ്പറേഷന്റെയും അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് കൊച്ചി നിവാസികൾ മുന്നോട്ടുവെക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

