‘ദൈവം ഇറങ്ങി നടന്നാലും ബെംഗളൂരു റോഡുകൾ നന്നാക്കാൻ കഴിയില്ല’; വീണ്ടും വിവാ​ദത്തിന് തിരികൊളുത്തി ഡി കെ ശിവകുമാർ

കർണാടക കോൺഗ്രസിലെ തമ്മിലടി തുടരുന്നതിനിടെ വിവാദ പരാമർശവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ‘ദൈവം ഇറങ്ങി ബെംഗളൂരു റോഡുകളിൽ നടന്നാലും, അടുത്ത ഒന്നോ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഒന്നും ചെയ്യാൻ കഴിയില്ല’ എന്നായിരുന്നു ഡി കെ ശിവകുമാർ പറഞ്ഞത്. ബെംഗളൂരുവിൽ കുഴികളില്ലാത്ത റോഡുകൾക്കും സുഗമമായ ഗതാഗതത്തിനുമുള്ള ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആണ് ശിവകുമാറിന്റെ പരാമർശം വിവാദത്തിന് വഴിയൊരുക്കിയത്. നിരവധിപ്പേരാണ് ശിവകുമാറിന്റെ പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

ALSO READ: കടം വാങ്ങി തുടങ്ങിയ കട, ഇന്ന് 2400 കോടി മൂല്യം; ക‍ഴിക്കുന്നവരെ കൊണ്ട് ‘വൗ’ പറയിപ്പിക്കുന്ന ‘വൗ മോമോ’യുടെ കഥ

ബെംഗളൂരു നിവാസികളും നഗരാസൂത്രണ വിദഗ്ധരും മോശമായ ഗതാഗത സാഹചര്യങ്ങൾ, വൈകുന്ന മെട്രോ വികസനം, അപര്യാപ്തമായ പൊതുഗതാഗതം എന്നിവയെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുന്ന സമയത്താണ് റോഡ് നിർമ്മാണത്തെക്കുറിച്ചുള്ള ഒരു വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത ശേഷം ശിവകുമാറിന്റെ വിവാദ പരാമർശം. നഗരത്തിലെ ഏകദേശം 13,000 കിലോമീറ്റർ റോഡ് ശൃംഖലയുടെ ഡിസൈൻ സ്റ്റാൻഡേർഡ് മാനുവലായ നമ്മ റാസ്‌തെ ഹാൻഡ്‌ബുക്കും അദ്ദേഹം പുറത്തിറക്കി.

‘നഗരത്തിലെ ജനസംഖ്യ 1.4 കോടിയിലെത്തി, രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണവും 1.1 കോടിയായി വർദ്ധിച്ചു. അധികാരത്തിൽ വന്നതിനുശേഷം തുടക്കം മുതൽ തുരങ്ക റോഡുകളെക്കുറിച്ച് ഞാൻ സംസാരിക്കുന്നുണ്ട്, പക്ഷേ ഞങ്ങൾ ഇതുവരെ ടെൻഡറുകൾ വിളിച്ചിട്ടില്ല. നിരവധി സാങ്കേതിക പ്രശ്നങ്ങൾ, ഭൂമി ഏറ്റെടുക്കൽ വെല്ലുവിളികൾ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയുണ്ട്,” എന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

ശിവകുമാറിന്റെ പ്രസ്താവനയെ വിമർശിച്ച ബിജെപി, കർണാടകയിലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ കടുത്ത കഴിവില്ലായ്മയാണെന്ന് ആരോപിച്ചു.

“ബ്രാൻഡ് ബെംഗളൂരു” നിർമ്മിക്കുമെന്ന് പറഞ്ഞയാൾ ദൈവത്തിന് പോലും ഇത് പരിഹരിക്കാൻ കഴിയില്ലെന്ന് പറഞ്ഞത് വളരെ നിർഭാഗ്യകരമാണ്. പിന്നെ ആർക്കാണ് ഇത് പരിഹരിക്കാൻ കഴിയുക?” ബിജെപി നേതാവ് മോഹൻ കൃഷ്ണ പറഞ്ഞു. “ഒരു വ്യക്തിക്കോ പാർട്ടിക്കോ ജനങ്ങളെ സേവിക്കാൻ ദൈവം അവസരം നൽകിയിട്ടുണ്ട്. വികസനത്തിന് പുറമെ നിരവധി പ്രവർത്തനങ്ങളിൽ ഈ സർക്കാർ ഏർപ്പെട്ടിരിക്കുന്നത് നിർഭാഗ്യകരമാണ്”

കർണാടക തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി പുതിയ റോഡുകളുടെയും ബസ് സ്റ്റാൻഡുകളുടെയും രൂപകൽപ്പന ഉൾപ്പെടെ, നിലവിലുള്ള എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിനായി റോഡുകളെക്കുറിച്ചുള്ള ഒരു കൈപ്പുസ്തകം തന്റെ സർക്കാർ പുറത്തിറക്കിയിട്ടുണ്ടെന്ന് ശിവകുമാർ പിന്നീട് കൂട്ടിച്ചേർത്തു.

കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് മുമ്പ് അധികാര പങ്കിടൽ ക്രമീകരണങ്ങൾ സംബന്ധിച്ച് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ മുൻകൂർ ധാരണ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ വന്നത്.

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടിയതിന് പിന്നാലെയുണ്ടായ അധികാരത്തർക്കത്തെ തുടർന്നാണ് 50:50 ഫോർമുല ഉണ്ടായതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. തുടർന്നാണ് 30 മാസത്തെ അധികാരം ഫോർമുലയ്ക്ക് ധാരണയായത്. ഈ വർഷം അവസാനത്തോടെ സിദ്ധരാമയ്യയുടെ 30 മാസം പൂർത്തിയാകും. ശിവകുമാറിന് പുറമെ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും മുഖ്യമന്ത്രി സ്ഥാനത്തിന് കണ്ണുവെച്ചിട്ടുണ്ട്. ഇരുനേതാക്കളുടെയും അണികൾ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തിയിരുന്നു. എന്നാൽ, ആത്യന്തികമായി, ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.

ഇതോടെ ശിവകുമാറിന്റെ വിഭാ​ഗവും സിദ്ധരാമയ്യയുടെ വിഭാ​ഗവും തമ്മിൽ ചേരി തിരിഞ്ഞ് പോര് തുടങ്ങിയിട്ട് നാളുകൾ ഏറെയായി. സിദ്ധരാമയ്യയുടെ പേര്‌ ചിലർ ദുരുപയോഗം ചെയ്യുന്നുവെന്ന്‌ ശിവകുമാർ പറഞ്ഞതോടെ പ്രസ്‌താവനയ്‌ക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്‌തനായ സഹകരണമന്ത്രി കെ എൻ രാജണ്ണ രംഗത്തുവന്നു. ഇത്തരം ആളുകളുടെ പേര്‌ ശിവകുമാർ പരസ്യപ്പെടുത്തണമെന്നും എഐസിസിയുടെ പേര്‌ ശിവകുമാർ ദുരുപയോഗം ചെയ്യരുതെന്നും രാജണ്ണ തിരിച്ചടിച്ചു.

പിസിസി പ്രസിഡന്റ്‌ കൂടിയായ ശിവകുമാർ എപ്പോഴും എഐസിസി നിർദേശിച്ചുവെന്ന പേരിലാണ്‌ സംസാരിക്കുന്നതെന്നും ഇത്‌ അവസാനിപ്പിക്കണമെന്നും രാജണ്ണ ആവശ്യപ്പെട്ടു. ശിവകുമാറിന്‌ അധികാരമുണ്ട്‌. തെറ്റ്‌ ചെയ്യുന്നവർക്കെതിരെ നടപടി എടുക്കുകയാണ്‌ വേണ്ടതെെന്നും അദ്ദേഹം കൂട്ടിചേർത്തു. മന്ത്രിമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയ പിസിസി വർക്കിങ്‌ പ്രസിഡന്റ്‌ ജി സി ചന്ദ്രശേഖറിനെയും രാജണ്ണ പരിഹസിച്ചു. ഹൈക്കമാൻഡിന്‌ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയട്ടെ. ഹൈക്കമാൻഡിന്റെ പേര്‌ മറ്റുള്ളവർ ദുരുപയോഗം ചെയ്യേണ്ട എന്നും മന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News