
മനുഷ്യന്‍റെ തലകൾ, തലച്ചോറ്, ചർമ്മം, കൈകൾ, മുഖം മുതൽ നിരവധി അവയവങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റതിന് കുറ്റം സമ്മതിച്ച് ഹാർവാർഡ് മെഡിക്കൽ സ്കൂൾ മോർച്ചറിയിലെ മുൻ മാനേജർ. മെഡിക്കൽ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായി ഹാർവാർഡിലേക്ക് സംഭാവന ചെയ്ത മൃതദേഹങ്ങളിൽ നിന്നാണ് സെഡ്രിക് ലോഡ്ജെന്ന 57 കാരൻ മാനേജർ അവയവങ്ങൾ അടിച്ചുമാറ്റി കടത്തിയത്.
2018 മുതൽ 2020 മാർച്ച് വരെ, അക്കാദമിക് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതും ദഹിപ്പിക്കുകയോ സംസ്കരിക്കുകയോ ചെയ്യാത്തതുമായ മൃതദേഹങ്ങളിൽ നിന്നാണ് മോഷ്ടിച്ചത്. ഹാർവാർഡ് അനാട്ടമിക്കൽ ഗിഫ്റ്റ് പ്രോഗ്രാമിലേക്ക് സംഭാവന ചെയ്ത മൃതദേഹാവശിഷ്ടങ്ങളാണ് ഹാർവാർഡിന്റെയോ ദാതാക്കളുടെയോ അറിവില്ലാതെ മോർച്ചറി സൂക്ഷിപ്പിന്റെ ചുമതലയുണ്ടായിരുന്ന സെഡ്രിക് ലോഡ്ജ് വിറ്റുകാശാക്കിയത്.
ALSO READ; പൊലീസ് ഉദ്യോഗസ്ഥനെന്ന് കബളിപ്പിച്ച് യുവതിയെ വിവാഹം ചെയ്തു; കള്ളത്തരം വെളിച്ചത്തായതോടെ പീഡനം
മോർച്ചറിയിൽ നിന്ന് മോഷ്ടിച്ച അവശിഷ്ടങ്ങൾ ന്യൂ ഹാംഷെയറിലെ ഗോഫ്‌സ്‌ടൗണിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ലോഡ്ജ് വില്പന നടത്തിയിരുന്നതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. വീട്ടിലെത്തിച്ച ഭാഗങ്ങൾ ലോഡ്ജും ഭാര്യ ഡെനിസ് ലോഡ്ജും ചേർന്നാണ് ആവശ്യക്കാർക്ക് നൽകിയിരുന്നത്. ചിലപ്പോൾ വാങ്ങുന്നവർക്ക് പാഴ്സലായി അയക്കുകയും, ചില സമയങ്ങളിൽ ആവശ്യക്കാർ നേരിട്ടെത്തി വേണ്ടത് തിരഞ്ഞെടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. ലക്ഷങ്ങളുടെ കച്ചവടമാണ് ഇങ്ങനെ നടന്നത്.
പരമാവധി 10 വർഷത്തെ ജയിൽ ശിക്ഷയും പിഴയുമാണ് സെഡ്രിക് ലോഡ്ജിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫെഡറൽ നിയമങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ചീഫ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മാത്യു ഡബ്ല്യു ബ്രാൻ ആയിരിക്കും ശിക്ഷ തീരുമാനിക്കുന്നത്. ഇയാളിൽ നിന്നും അവശിഷ്ടങ്ങൾ വാങ്ങിയ ആൾക്കാരും പിടിയിലായിട്ടുണ്ട്. ഇവർക്കും വർഷങ്ങളുടെ ജയിൽ ശിക്ഷയാണ് കാത്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

