
അറിയാതെ ഒന്ന് ഉറുമ്പിന്റെ കൂട്ടിൽ കയറിയാലുള്ള അവസ്ഥ പ്രത്യേകം പറയേണ്ടല്ലോ ? അവരുടെ വീടിനെ സംരക്ഷിക്കുന്നതിൽ അവർ എത്രത്തോളം മിടുക്കരാണെന്ന് അപ്പോൾ നമുക്ക് കൃത്യമായി മനസിലാകും. മരപ്പണിക്കാരായ ഉറുമ്പുകളെയും പഞ്ചസാര ഉറുമ്പുകളെയും (carpenter ants and sugar ants) കുറിച്ച് നിങ്ങൾക്ക് എല്ലാം അറിയാം, പക്ഷേ സൂപ്പർ ഉറുമ്പുകളെക്കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാകില്ല. മലേഷ്യ, തായ്‌ലൻഡ്, ബോർണിയോ എന്നിവിടങ്ങളിലെ മഴക്കാടുകളിൽ നിന്നാണ് ഈ പുതിയ ഇനം ഉറുമ്പുകളെ അടുത്തിടെ കണ്ടെത്തിയത്, നമ്മൾ ഇതുവരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കൗതുകകരമായ കണ്ടെത്തലുകളിൽ ഒന്നാണിത്. കാരണം സ്വന്തം ജീവൻ നൽകി കൂട്ടത്തിലുള്ളവരെ സംരക്ഷിക്കാൻ മനസ്സുള്ള ചിലരാണ് അവർ.
ഇന്തോനേഷ്യയിലെ മഴക്കാടുകളിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ ഒരു പുതിയ ഇനം ഉറുമ്പാണ് കൊളോബോപ്സിസ് എക്സ്പ്ലോഡൻസ്. കോളനിയിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഉറുമ്പുകൾ അക്ഷരാർത്ഥത്തിൽ സ്വയം പൊട്ടിത്തെറിക്കുന്നതിനാലാണ് അവയ്ക്ക് ഈ ശാസ്ത്രീയ നാമം ലഭിച്ചത്. ഒരു ശത്രു (മറ്റൊരു പ്രാണിയുടെ രൂപത്തിൽ) അടുത്തുവരുന്നതായി അവയ്ക്ക് തോന്നിയാൽ, ഉറുമ്പ് സ്വയം ബലിയർപ്പിക്കുകയും ശരീരം കീറുകയും ചെയ്യും.
സ്വയം ജീവത്യാഗം ചെയ്യുന്ന സ്വഭാവമുള്ള കമികസെ ഉറുമ്പ് വിഭാഗത്തിൽപ്പെട്ടവയാണ് ഇവയും. രണ്ടാം ലോകമഹായുദ്ധത്തിൽ ദൗത്യം നിറവേറ്റുന്നതിനായി മരിക്കാൻ തയ്യാറായ കമികസെ പൈലറ്റുമാരിൽ നിന്നുമാണ് ഈ വിഭാഗത്തിന് പേര് ലഭിച്ചത്. കോളനിക്ക് നേരെ ഭീഷണി ഉയർത്തിക്കൊണ്ട് അക്രമി എത്തിയാൽ അവ ശരീരത്തിന്റെ പിൻഭാഗം ഉയർത്തിവച്ച് മുന്നറിയിപ്പ് നൽകും. ഇത് ശത്രുക്കൾ മനസ്സിലാക്കാതെ വീണ്ടും ആക്രമിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ശരീരം പരമാവധി വളച്ച് വയറിനുള്ളിലെ മസിലിൽ അമിത സമ്മർദ്ദം നൽകും. ഇതോടെ വിഷദ്രാവകം ഉൾക്കൊള്ളുന്ന വയറിനുള്ളിലെ ഗ്രന്ഥി വീർത്ത് ബലൂൺ പോലെയാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.
ശത്രുക്കൾ തൊട്ടരികിൽ എത്തുമ്പോഴാണ് ഈ തന്ത്രം പ്രയോഗിക്കുന്നത്. ഉറുമ്പിന് ജീവൻ നഷ്ടപ്പെടുമെങ്കിലും ശത്രുക്കളുടെ ശരീരത്തിലേക്ക് മഞ്ഞനിറത്തിൽ പശിമയുള്ള വിഷ ജെൽ ചീറ്റിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഈ വിഷദ്രാവകം ശത്രുവിന്റെ ശരീരത്തിനുള്ളിൽ എത്തുകയും ജീവനെടുക്കുകയും ചെയ്യുന്നു.
വിഷം ശത്രുവിന് മേൽ കൃത്യമായി ഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പലപ്പോഴും എതിരാളിയുടെ മേൽ കയറി നിന്നുകൊണ്ടാണ് കൊളോബോപ്സിസ് എക്സ്പ്ലോഡൻസ് പൊട്ടിത്തെറിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ എതിരാളിയെ കൊല്ലത്തക്ക ശക്തിയുള്ള ഈ ദ്രാവകത്തിൽ അടങ്ങിയിരിക്കുന്നത് എന്തൊക്കെയാണെന്ന് സംബന്ധിച്ച് ഇപ്പോഴും കൃത്യമായി ഗവേഷകർക്ക് അറിയില്ല. എങ്കിലും ചില ആന്റി ബാക്ടീരിയൽ ഘടകങ്ങളും ഒന്നിലധികം വിഷ വസ്തുക്കളും ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് അനുമാനം.
കൊളോബോപ്സിസ് എക്സ്പ്ലോഡൻസ് വിഭാഗത്തിലെ എല്ലാ ഉറുമ്പുകളും ഇത്തരത്തിൽ പൊട്ടിത്തെറിക്കില്ല. കൂട്ടത്തിലെ ഏറ്റവും ചെറിയ തൊഴിലാളി ഉറുമ്പുകളാണ് ഇത്തരത്തിൽ പൊട്ടിത്തെറിക്കുന്നത്. വലിയ തൊഴിലാളി ഉറുമ്പുകളാവട്ടെ തങ്ങളുടെ വലിപ്പമുള്ള തല ഉപയോഗിച്ച് ബാരിക്കേഡുകൾ തീർത്ത് കോളനിയെ സംരക്ഷിക്കും. ചാവേറുകളായി മാറുന്ന ഇത്തരം ഉറുമ്പുകൾക്ക് പ്രത്യുൽപാദനശേഷിയില്ല എന്നതും ശ്രദ്ധേയമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

