
ഫാദർ സ്റ്റാൻ സ്വാമി, ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലും ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ട വ്യക്തി എന്ന നിലയിലും എന്നും ഓർമ്മിക്കപ്പെടുന്ന ഒരു പേരാണ്. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരും പാർശ്വത്കരിക്കപ്പെട്ടവരുമായ ജനതയ്ക്കുവേണ്ടി ജെസ്യൂട്ട് വൈദികനായ സ്റ്റാൻ സ്വാമി നടത്തിയ പോരാട്ടങ്ങൾ ഒരിക്കലും മറക്കാനാകാത്ത കാര്യമാണ്. ഭരണകൂടഭീകരതയുടെ ഇരയായ അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തിന് ജൂലൈ അഞ്ച് ശനിയാഴ്ച നാലാണ്ട് പൂർത്തിയായി.
വർഷങ്ങളോളം ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച ഫാ. സ്റ്റാൻ സ്വാമി, അവരുടെ ഭൂമിക്കും, വനാവകാശങ്ങൾക്കും, സ്വയംഭരണത്തിനും വേണ്ടി നിരന്തരം ശബ്ദമുയർത്തി. കോർപ്പറേറ്റുകളും സർക്കാരുകളും ആദിവാസി ഭൂമി കൈയടക്കുന്നതിനെതിരെയും, പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെതിരെയും അദ്ദേഹം ശക്തമായ നിലപാടെടുത്തു.
Also Read- ഭീമകോറേഗാവ്; ഭരണകൂടവേട്ടയുടെ മറ്റൊരു പേര്
ആദിദിവാസികളുടെ ജൽ, ജംഗൽ, സമീൻ (വെള്ളം, വനം, ഭൂമി) എന്നിവയുടെ അവകാശങ്ങൾ ഭരണഘടനാപരമായി ഉറപ്പുനൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം നിരന്തരം ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു. ഈ പോരാട്ടങ്ങൾ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നവയാണ്. സിപിഐഎം ഉൾപ്പടെയുള്ള രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എല്ലായ്പ്പോയും സ്റ്റാൻസ്വാമിയ്ക്കൊപ്പം നിലകൊണ്ടിട്ടുണ്ട്.
ഭീമ കൊറേഗാവ് കേസും ഫാ. സ്റ്റാൻ സ്വാമിയും
2018-ലെ ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് ഫാ. സ്റ്റാൻ സ്വാമിയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. 84 വയസ്സുകാരനായ ഒരു വൈദികനെ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും ജാമ്യം നിഷേധിച്ച് തടങ്കലിൽ പാർപ്പിച്ചത് മനുഷ്യാവകാശ ലംഘനമായി വ്യാപകമായി വിമർശിക്കപ്പെട്ടു. ജനാധിപത്യപരമായ അവകാശങ്ങളെ അടിച്ചമർത്തുന്നതിനുള്ള ഒരു ഉപാധിയായി യു.എ.പി.എ. പോലുള്ള കരിനിയമങ്ങൾ ഉപയോഗിക്കപ്പെടുന്നു എന്ന ഇടതുപക്ഷ വിമർശനത്തെ ഈ സംഭവം ശരിവെക്കുന്നതായിരുന്നു. വിയോജിപ്പുള്ളവരെ നിശ്ശബ്ദരാക്കാനുള്ള ഭരണകൂട ശ്രമങ്ങളുടെ പ്രതീകമായി ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മാറി.
ജയിലിൽ നരകയാതന, ഒടുവിൽ കസ്റ്റഡി കൊലപാതകം
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന ഘട്ടത്തിലാണ് ജാർഖണ്ഡിലെ റാഞ്ചി ആശ്രമത്തിൽനിന്ന് 84 വയസുള്ള സ്റ്റാൻസ്വാമിയെ എൻഐഎ അറസ്റ്റുചെയ്തുകൊണ്ടുപോയത്. മഹാരാഷ്ട്ര തലോജ ജയിലിൽ പാർപ്പിച്ച അദ്ദേഹത്തിന് മതിയായ ചികിത്സയോ പരിചരണമോ അധികൃതർ ലഭ്യമാക്കിയില്ല. പാർക്കിസൺ രോഗം രൂക്ഷമായിട്ടും ദ്രാവകരൂപത്തിൽ ഭക്ഷണം കഴിക്കുന്നതിനുള്ള സിപ്പറും സ്റ്റാൻ സ്വാമിക്ക് അധികൃതർ നൽകിയിരുന്നില്ല. സിപ്പർ നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും, അതിനെതിരെ ഹർജി നൽകിയും മറ്റും 50 ദിവസത്തോളം ജയിൽ അധികൃതർ അത് നീട്ടിക്കൊണ്ടുപോയി.
നരകയാതനയാണ് ഇക്കാലയളവിൽ സ്റ്റാൻസ്വാമി ജയിലിൽ അനുഭവിച്ചത്. സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ 2021 ജൂലൈ അഞ്ചിനാണ് സ്റ്റാൻസ്വാമി രക്തസാക്ഷിത്വം വരിച്ചത്. അദ്ദേഹത്തിന്‍റെ മരണം കസ്റ്റഡികൊലപാതകമാണെന്ന് വിവിധ രാജ്യാന്തര മനുഷ്യാവകാശ ഏജൻസികൾ വിലയിരുത്തിയിട്ടുണ്ട്.
അവകാശപോരാട്ടങ്ങളുടെ പ്രചോദനം
ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റും മരണവും, ഇന്ത്യയിലെ പൗരാവകാശ പ്രവർത്തകർക്കും മനുഷ്യാവകാശ സംരക്ഷകർക്കും നേരെയുള്ള ഭരണകൂടത്തിന്റെ കടന്നാക്രമണമായി ഇടതുപക്ഷം വിലയിരുത്തിയിട്ടുണ്ട്. പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെയും, ഭരണകൂടം സ്വേച്ഛാധിപത്യപരമായി പെരുമാറുന്നതിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെയും ആവശ്യകത ഫാ. സ്റ്റാൻ സ്വാമിയുടെ ജീവിതം ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മരണം ഒരു സ്ഥാപനവൽകൃത കൊലപാതകമാണെന്ന് സിപിഐഎം ഉൾപ്പടെ ആരോപിച്ചിട്ടുണ്ട്. സാമൂഹിക നീതിക്കുവേണ്ടിയും, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുമുള്ള പോരാട്ടങ്ങൾക്ക് പ്രചോദനമായി ഫാ. സ്റ്റാൻ സ്വാമി എന്നും നിലകൊള്ളും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here