
മലയാളത്തിലെ മുഖ്യ ധാരാ സിനിമകള്‍ രാഷ്ട്രീയം പറയാന്‍ മടിച്ചു നില്‍ക്കുന്ന ഒരിടത്താണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളില്‍ ഒന്നായ മുത്തങ്ങാ ഭൂസമരം പ്രമേയമാക്കി നരിവേട്ട പുറത്തിറങ്ങുന്നതെന്ന് സംവിധായകന്‍ ഡോ. ബിജു. നരിവേട്ട എന്ന സിനിമയും ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണെന്നും കേരളം കാണേണ്ട ഒരു ഓര്‍മപ്പെടുത്തല്‍ ആണ് നരിവേട്ടയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മലയാളത്തിലെ മുഖ്യ ധാരാ സിനിമകള്‍ രാഷ്ട്രീയം പറയാന്‍ മടിച്ചു നില്‍ക്കുന്ന ഒരിടത്താണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളില്‍ ഒന്നായ മുത്തങ്ങാ ഭൂസമരം പ്രമേയമാക്കി നരിവേട്ട പുറത്തിറങ്ങുന്നത് . സിനിമ കാണുന്നതിനുള്ള ആദ്യ കാരണവും അത് തന്നെ ആയിരുന്നു .
മുത്തങ്ങ സമരത്തിന്റെ ചരിത്രത്തോടും രാഷ്ട്രീയത്തോടും ഒക്കെ സിനിമ പൂര്‍ണ്ണമായും നീതി പുലര്‍ത്തിയോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട് . പക്ഷെ യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമ ആക്കുമ്പോള്‍ സ്വാഭാവികമായി എടുക്കുന്ന കലാപരമായ ഭാവനാ സ്വാതന്ത്ര്യം എന്ന നിലയില്‍ അതിനെ നോക്കി കാണാം. മുത്തങ്ങ സമരം പോലെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ ചരിത്രം ഒരു മുഖ്യ ധാരാ സിനിമയ്ക്ക് പ്രമേയമാക്കാന്‍ കാട്ടിയ ധൈര്യത്തിനും രാഷ്ട്രീയ ബോധ്യത്തിനും ഒരു വലിയ അഭിനന്ദനം തന്നെ നല്‍കേണ്ടതുണ്ട് . വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ് മുഖ്യധാരാ സിനിമ ആദിവാസി സമര രാഷ്ട്രീയ ചരിത്രം സംസാരിക്കുന്ന ഒരു യഥാര്‍ത്ഥ പ്രമേയം കൈകാര്യം ചെയ്യുക എന്നത്, മാത്രവുമല്ല ഒരു മുഖ്യ ധാരാ സിനിമ ആദിവാസികളുടെ രാഷ്ട്രീയത്തെയും സമരത്തെയും ജീവിതത്തെയും അപമാനിക്കാതെ അടയാളപ്പെടുത്തുന്നു എന്നതും പ്രധാനമാണ്.
സംവിധായകന്‍ അനുരാജ് മനോഹറിനും, തിരക്കഥാകൃത്ത് അബിന്‍ ജോസഫിനും നിര്‍മ്മാതാക്കള്‍ ആയ ടിപ്പു ഷാന്‍ , ഷിയാസ് ഹസന്‍ എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍. കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ള ഒരു സംവിധായകനും എഴുത്തുകാരനും നിര്‍മ്മാതാവിനും മാത്രം സാധ്യമാകുന്ന ഒന്നാണ് ഇത്തരം ഒരു രാഷ്ട്രീയ ചരിത്രം സിനിമയിലേക്ക് കൂടെ കൂട്ടുക എന്നത്.
മുത്തങ്ങ ഭൂസമരം വീണ്ടും കേരളത്തിന്റെ സാമൂഹ്യ മേഖലയില്‍ ചര്‍ച്ചയിലേക്ക് കൊണ്ട് വരുന്നു ഈ സിനിമ . മികച്ച മേക്കിങ്ങും സാങ്കേതിക മേന്മകളും അഭിനേതാക്കളുടെ പ്രകടനങ്ങളും സിനിമയ്ക്ക് ഏറെ മികവേകുന്നു . വിജയ്യുടെ ക്യാമറയും രംഗനാഥ് രവിയുടെ ശബ്ദ സന്നിവേശവും ജേക്‌സ് ബിജോയിയുടെ സംഗീതവും ഏറെ നന്നായി . ടോവിനോയുടെ അഭിനയം ഏറെ സൂക്ഷ്മമായ ഒന്നായി മാറുന്നുണ്ട് . ഓരോ സിനിമകള്‍ കഴിയുമ്പോഴും അഭിനയം കൂടുതല്‍ കൂടുതല്‍ ഉരച്ചു മിനുസപ്പെടുത്തി റിഫൈന്‍ഡ് ആയി മാറുന്ന നടന്‍ ആണ് ടോവിനോ . നായകന്‍ എന്ന നിലയില്‍ മുഖ്യ ധാരാ സിനിമകളില്‍ പോലും ഇത്തരത്തില്‍ ഉള്ള പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്നത് കലാകാരന്‍ എന്ന നിലയിലെ ടോവിനോയുടെ സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തുന്നു . സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയത്തെ പറ്റി കൂടുതല്‍ എഴുതേണ്ടതില്ലല്ലോ . സുഹൃത്ത് കൃഷ്ണന്‍ ബാലകൃഷ്ണനെയും മികച്ച ഒരു വേഷത്തില്‍ കണ്ടു . മറ്റുള്ള നടന്മാരും സ്വാഭാവിക അഭിനയത്താല്‍ ഏറെ നന്നായി . തീര്‍ച്ചയായും കാണേണ്ട സിനിമ ആണ് നരിവേട്ട എന്ന നര വേട്ടയുടെ ചരിത്രം . ചരിത്രത്തെ , ആദിവാസി ഭൂസമരത്തെ സമകാലിക സിനിമയിലേക്കും ചര്‍ച്ചകളിലേക്കും കൊണ്ടുവന്ന മികച്ച ഒരു ദൃശ്യാനുഭവം ..
സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ രണ്ടു കാര്യങ്ങള്‍ ഓര്‍ത്ത് പോയി . പേരറിയാത്തവര്‍ സിനിമയുടെ രണ്ടാം പകുതി നടക്കുന്നത് ആദിവാസികള്‍ ഭൂമിയ്ക്കായി സമരം നടത്തുന്ന കാട്ടിനുള്ളില്‍ ആണ്. ആ സിനിമയുടെ തുടക്കവും ഒടുക്കവും ഒരേ ഷോട്ടാണുള്ളത്. ഒരു വശത്തു നിരന്നു നിന്ന് ഭൂമിയ്ക്കായുള്ള മുദ്രാവാക്യം മുഴക്കുന്ന അനേകം ആദിവാസികള്‍ . അവര്‍ക്ക് നേരെ മറു വശത്തായി തോക്കുകളും ലാത്തിയും ബാരിക്കേഡുകളും ആയി നിരന്നു നില്‍ക്കുന്ന അനേകം പോലീസുകാര്‍ . പോലീസ് മേധാവിയുടെ ആജ്ഞ അനുസരിച്ചു പോലീസുകാര്‍ അവരുടെ കയ്യിലുള്ള തോക്കുകള്‍ ഉയര്‍ത്തി മുന്നില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ട് നില്‍ക്കുന്ന നൂറു കണക്കിന് ആദിവാസികള്‍ക്ക് നേരെ ചൂണ്ടുന്നിടത്താണ് പേരറിയാത്തവര്‍ സിനിമ അവസാനിക്കുന്നത് . പോലീസുകാര്‍ തോക്കിന്റെ കാഞ്ചിയില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ആദിവാസി സമരക്കാരുടെ മുന്നില്‍ നിന്ന് പോലീസിനെ നോക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ ചെവി പൊത്തുകയും ദൃശ്യത്തിന്റെ ഓഡിയോ മുഴുവന്‍ മ്യൂട്ടായി ഇരുട്ടിലേക്ക് ഫെയ്ഡ് ചെയ്യുകയും ചെയ്യുന്നു . നരിവേട്ട പറയുന്നത് പോലീസുകാരുടെ ആ തോക്കുകളില്‍ നിന്നും വര്‍ഷിക്കുന്ന വെടിയുണ്ടകളുടെയും അത് നെഞ്ചില്‍ പതിച്ച ആദിവാസികളുടെയും കഥ കൂടിയാണ് .
രണ്ടാമത് ഞാന്‍ ഓര്‍ത്തത് ഷാജി പട്ടണം എന്ന സുഹൃത്തിനെയാണ് . മുത്തങ്ങ സമരത്തിലെ പോലീസ് നരനായാട്ടിന്റെതായി പുറത്തു വന്ന ഒരേ ഒരു വിഷ്വല്‍ ആ കാലത്തു കൈരളി ചാനലിന്റെ ക്യാമറാമാന്‍ ആയിരുന്ന ഷാജി പട്ടണം ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആണ് . മുത്തങ്ങയില്‍ പോലീസിന്റെ ലാത്തിചാര്‍ജ്ജും വെടി വെപ്പും ഉണ്ടാകുമ്പോള്‍ കൂടുതല്‍ ദൃശ്യങ്ങള്‍ എടുക്കുന്നതിനായി ഒരു മരത്തിന്റെ മുകളില്‍ അതി സാഹസികമായി കയറി കൂടി ആണ് ഷാജി പട്ടണം ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത് . മരത്തിന്റെ മുകളില്‍ നിന്നും പോലീസ് ഷാജിയെ വലിച്ചു താഴെ ഇറക്കുമ്പോഴേക്കും ഷാജി ക്യാമറയില്‍ നിന്നും ടേപ്പ് ഊരി മാറ്റി ജീന്‍സിന്റെ പോക്കറ്റില്‍ ഒളിപ്പിക്കുകയും പകരം വേറെ ഒരു ടേപ്പ് ക്യാമറയില്‍ ഇടുകയും ചെയ്തു . താഴെ ഇറങ്ങിയ ഷാജിയെ പോലീസ് മര്‍ദ്ദിക്കുകയും ക്യാമറയിലെ ടേപ്പ് ഊരി വാങ്ങുകയും ചെയ്തു . ഒളിപ്പിച്ചു കടത്തിയ ടേപ്പിലുണ്ടായിരുന്ന ഷാജി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ് പിന്നീട് കൈരളി ചാനലിലൂടെ ആ കടുത്ത പോലീസ് ആക്രമണത്തിന്റെ കഥ പുറം ലോകത്തേക്ക് എത്തിച്ചത് . പേരറിയാത്തവര്‍ സിനിമയുടെ അവസാന ടൈറ്റിലുകളില്‍ കൈരളി ചാനലിന്റെ ആ ഫുട്ടേജുകള്‍ കാണിക്കുന്നുണ്ട്..
ചരിത്രം ഓര്‍മ്മപ്പെടുത്തലുകള്‍ ആണ് അത് ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും . നരിവേട്ട എന്ന സിനിമയും അത്തരത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ് . കേരളം കാണേണ്ട ഒരു ഓര്‍മപ്പെടുത്തല്‍ .. ഒരിക്കല്‍ക്കൂടി അനുരാജിനും ടീമിനും അഭിനന്ദനങ്ങള്‍ .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here