ബസ് മാറിയത് അറിയാത്തതുകൊണ്ട് കയറാൻ കഴിഞ്ഞില്ല; യാത്രക്കാരനായി കെഎസ്ആർടിസി വഴിയിൽ കാത്ത് കിടന്നത് 20 മിനിറ്റ്, പോസ്റ്റ് വൈറലാകുന്നു

പൊതുവെ പലരും ഗതാഗത മാർഗമായി കാണുന്ന ഒന്നാണ് കെഎസ്ആർടിസി. കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിത ഇടപെടലുകൾ വഴി നിരവധി ജീവനുകൾ രക്ഷപ്പെട്ടിട്ടുണ്ട്. ബസിൽ വച്ചും മറ്റും വയ്യാതാകുന്ന പലരെയും ട്രിപ്പ് പോലും നോക്കാതെ ആശുപത്രിയിൽ എത്തിക്കുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട്. വൈകിയെത്തിയ ബസിൽ കയറാതെ ഇരുന്ന യാത്രക്കാരനായി വഴിയിൽ 20 മിനിട്ടോളം കാത്ത് കിടന്ന കെഎസ്ആർടിസിയെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുജിത് ചന്ദ്രൻ എന്ന ആളാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വരുന്ന വഴി വണ്ടി തകരാറിൽ ആയതോടെ മറ്റൊരു വണ്ടിയിലേക്ക് മാറി. എന്നാൽ ബസ് നോക്കി നിന്ന ആള് ഇതറിയാതെ വന്ന വണ്ടിയിൽ കയറിയില്ല. ഇത് അറിഞ്ഞതോ 15 മിനിറ്റുകൾക്ക് ശേഷം. ഇതോടെ ആ യാത്രക്കാരൻ എത്തുന്നത് വരെ ബസ് കാത്തുകിടക്കുകയും ചെയ്തു. താൻ എത്തിയ ഓട്ടോ കൂലി കൊടുക്കാൻ ഡ്രൈവറും കണ്ടക്ടറും മുതിർന്നതും പോസ്റ്റിൽ സുജിത് പറയുന്നുണ്ട്.

ALSO READ: എട്ട് ഖാലിസ്ഥാൻ തീവ്രവാദികൾ യുഎസിൽ അറസ്റ്റിൽ; പിടിയിലായവരിൽ ഒരാൾ എൻ‌ഐ‌എ തിരയുന്ന ഭീകരൻ

പോസ്റ്റിന്റെ പൂർണരൂപം

Gratitude Post
————————

ഇന്നലെ രാത്രി വൈറ്റില ഹബ്ബിൽ നിന്ന് പന്തളത്തേക്ക് KSRTC SWIFT ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. തിരക്കുള്ള ദിവസമായതുകൊണ്ട് സ്പെഷ്യൽ സർവീസാണ് എന്ന് തോന്നുന്നു, നിരക്കും കൂടുതൽ. സാധാരണ AC ബസ് ടിക്കറ്റ് 220 രൂപ ആണ്, ഇത് 456 രൂപ.
വാട്സ്ആപ്പിൽ അയച്ചു കിട്ടിയ മെസേജ് പ്രകാരം 7.20ന് എറണാകുളം ബസ് സ്റ്റേഷനിൽ നിന്ന് എടുക്കുന്ന വണ്ടി 7.30 ന് ഹബ്ബിൽ എത്തും. പത്ത് മിനിറ്റ് മുമ്പേ എത്തി കണ്ടക്ടറുടെ നമ്പറിൽ വിളിച്ചപ്പോൾ വണ്ടിക്ക് തകരാറുണ്ട്, വൈകുമെന്ന് മറുപടി. അര മണിക്കൂറിന് ശേഷം ഒന്നുകൂടി വിളിച്ചു. വണ്ടി പുറപ്പെട്ടിട്ടില്ല, നന്നാക്കിക്കൊണ്ടിരിക്കുന്നു. ടെൻഷനാവണ്ട, നിങ്ങളെ വിളിക്കാതെ പോകില്ല എന്ന് സമാശ്വാസം.
രണ്ടാം ശനിയും ഞായറും വരാനിരിക്കുന്നത് കൊണ്ട് ഹബ്ബിൽ വലിയ തിരക്ക്. ഏറെയും വീട്ടിലേക്ക് മടങ്ങുന്ന ഹോസ്റ്റൽ വിദ്യാർത്ഥികളും സ്വകാര്യ, IT ജീവനക്കാരായ ചെറുപ്പക്കാരുമാണ്. നല്ല മഴ, ഹബിൽ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട് ചെളിയും ഈറനുമെല്ലാമായി മടുപ്പ് മൂഡ്. വണ്ടി വരുന്നുണ്ടോ എന്ന് നോക്കി ഇരുന്നും നിന്നും കാപ്പി കുടിച്ചുമെല്ലാം സമയം പോക്കിക്കൊണ്ടിരുന്നു. ഒടുവിൽ 8.50 ആയപ്പോൾ കണ്ടക്ടർ വിളിച്ചു, ‘നിങ്ങൾ കയറിയില്ലേ? സീറ്റിൽ കാണുന്നില്ലല്ലോ.’
‘ഇല്ല! മാഡം വിളിക്കുമെന്ന് പറഞ്ഞല്ലോ, മെസേജിൽ അയച്ചുകിട്ടിയ നമ്പർ ബസ് പോകുന്നത് കണ്ടതുമില്ല’
‘ആ ബസ് തകരാറായതുകൊണ്ട് വേറൊന്നാണ് വന്നത് സാറിനെ വിളിച്ചിട്ട് കിട്ടിയില്ല. തിരക്കിനിടെ കയറാതിരുന്നത് ശ്രദ്ധിച്ചുമില്ല, ക്ഷമിക്കണം’
വണ്ടി വൈറ്റില ഹബ് വിട്ടിട്ട് 15 മിനിറ്റായിരുന്നു. ഇനി വരാനുള്ള ഒരു ബസിലും സീറ്റില്ല. വരുന്ന ബസുകൾ ഇരട്ടി ആളെ കയറ്റിയാണ് പോകുന്നത്. ഇത്രദൂരം തിരക്കിൽ ബാഗും തൂക്കി നിന്നുപോകുന്നത് ഓർക്കാനേ വയ്യ. തിരക്കിലും മഴയിലും ഒന്നര മണിക്കൂർ കാത്തിരുന്ന മടുപ്പും വണ്ടി വന്നിട്ട് കയറ്റാതെ പോയ ദേഷ്യത്തിലും പറഞ്ഞു,
‘നിങ്ങൾ വിളിച്ചില്ല, അതുപോട്ടെ, വരുന്ന വണ്ടിയുടെ നമ്പർ മാറിയത് നിങ്ങളുടെ ഡിപ്പാർട്ട്മെന്റ് മെസേജ് അലേർട്ടിൽ എങ്കിലും അറിയിക്കേണ്ടതായിരുന്നു. ഇത് വലിയ ചതിയായി..’
വിളിച്ചിട്ട് കിട്ടാഞ്ഞതാണെന്ന് അവർ ആവർത്തിച്ചു. അത് വിശ്വസിക്കാതെ വഴിയില്ല. ‘ഒരു കാര്യം ചെയ്യൂ ഒരു ഓട്ടോറിക്ഷ വിളിച്ച് വേഗം വരൂ, ബസ് തൃപ്പൂണിത്തുറ നടക്കാവ് ജംഗ്ഷനിൽ വെയ്റ്റ്’ ചെയ്യാം..!’
ബസിൽ വേറെയും യാത്രക്കാരുണ്ടല്ലോ അവരെ ബുദ്ധിമുട്ടിക്കേണ്ട, പൊയ്ക്കോളൂ എന്നുപറയാവുന്ന അവസ്ഥയല്ലായിരുന്നു. ഇന്ന് വീട്ടിലെത്തിയിട്ട് അത്യാവശ്യമുണ്ടായിരുന്നു. രാത്രി വൈകിയിരുന്നു. സ്വന്തം വാഹനം കൊച്ചിയിലുമില്ല. നടക്കാവിന്. 11 കിലോമീറ്റർ ദൂരമുണ്ട്. മഴയത്ത് ഓട്ടോറിക്ഷ കിട്ടി അവിടെയെത്താൻ 20 മിനിട്ടിന് മേലെ സമയമെടുത്തു. ഓട്ടോയിലിരിക്കെ രണ്ടുവട്ടം കൂടി എവിടെയെത്തി എന്നന്വേഷിച്ച് കണ്ടക്ടറും ഡ്രൈവറും വിളിച്ചു. വളരെ മര്യാദയോടെ ക്ഷമാസ്വരത്തിൽ ആയിരുന്നു ഇരുവരുടേയും സംസാരം. ഓട്ടോറിക്ഷയിൽ ചെന്നിറങ്ങുമ്പോൾ കണ്ടക്ടർ വഴിയിൽ ഇറങ്ങി കാത്തുനിൽപ്പുണ്ടായിരുന്നു. അവർ ഓട്ടോക്കൂലി കൊടുക്കാൻ ശ്രമിച്ചു, അത് തടഞ്ഞു. സമയം പോകാതിരിക്കാൻ വണ്ടിയിലിരുന്ന് തന്നെ ഓട്ടോക്കൂലി GPay ചെയ്തിരുന്നു. അത് പറഞ്ഞിട്ടും എത്ര രൂപയായി എന്ന് കണ്ടക്ടർ ഓട്ടോഡ്രൈവറോട് പലവട്ടം തിരക്കി. ഓട്ടോക്കാശ് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് ബസിൽ ഓടിക്കയറി. യാത്രക്കാരോട് ഞാനും അവരും സോറി പറഞ്ഞു. നല്ല അലോസരമായെങ്കിലും പൊതുവേ എല്ലാവരും, ഒകെ സാരമില്ല എന്നൊരു പോസിറ്റീവ് വൈബും പുഞ്ചിരിയുമായിരുന്നു! എനിക്കാണോ അതോ നാട്ടുകാർക്ക് മൊത്തമാണോ കിളി പോയത് എന്ന് സംശയം തോന്നിപ്പോയി!
വഴിയിൽ പത്തിരുപത് മിനിട്ട് വണ്ടി നിർത്തിയിട്ടതിൽ ഒരു സീനിയർ സിറ്റിസൺ ലേശം ക്ഷോഭിച്ചു. അദ്ദേഹത്തെയും കണ്ടക്ടർ നയപൂർവം സംസാരിച്ച് തണുപ്പിച്ചു. വൈകിയെത്തിയ യാത്രക്കാരന്റെ തെറ്റല്ല എന്നദ്ദേഹത്തോട് ആവർത്തിച്ചു. അങ്ങനെ കാത്തിരിപ്പിന്റേയും ബസ് കയറ്റാതെ വിട്ടുപോയതിന്റേയും മഴയത്തെ അലച്ചിലിന്റെയും 200 രൂപ ഓട്ടോക്കൂലി കൊടുക്കേണ്ടിവന്നതിന്റേയുമെല്ലാം ദേഷ്യവും മടുപ്പും ആ കണ്ടക്ടറുടേയും ഡ്രൈവറുടേയും പെരുമാറ്റത്തിൽ ഇല്ലാതായി.. രാത്രി 12ന് പന്തളം ജംഗ്ഷനിൽ ബസ് ഇറങ്ങുന്ന സമയത്തും ഓട്ടോയ്ക്ക് ചെലവായ പണം തിരികെ തരാൻ അവർ ശ്രമിച്ചു. പാതിരാത്രി അങ്ങോട്ടുമിങ്ങോട്ടും ക്ഷമ പറഞ്ഞ് ശുഭയാത്ര നേർന്ന് പിരിഞ്ഞു. കണ്ടക്ടറുടെ പേര് വിനീത.വി എന്ന് KSRTC-യുടെ ബുക്കിംഗ് മെസേജിൽ കണ്ടു. അവർക്കും കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവർക്കും അഭിവാദ്യങ്ങൾ. രണ്ടുപേരുടേതും എത്ര ആത്മാർത്ഥമായ സമീപനവും ഹൃദ്യമായ പെരുമാറ്റവും. ചിലദിവസങ്ങളിലിങ്ങനെ അപരിചിതരായ മനുഷ്യർ പൊടുന്നനെ ചെറുസന്തോഷങ്ങളുമായി വന്ന് മാഞ്ഞുപോകുന്നു…!
KSRTCയോട്,
ബുക്ക് ചെയ്ത ബസ് മാറ്റിയാൽ ബസ് നമ്പർ ഒന്ന് അറിയിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News