
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ വികനസ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഒരു കുറിപ്പാണ്. മുന്‍പ് ഒടിഞ്ഞ ബെഞ്ചുകളും ദുര്‍ഗന്ധം നിറഞ്ഞ വാര്‍ഡുകളുമുള്ള കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് അഞ്ചുനിലകളുള്ള ഈ കൂറ്റന്‍ കെട്ടിട സമുച്ചയത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ മുതല്‍ ഓപ്പറേഷന്‍ തിയേറ്റര്‍ വരെയുണ്ട്.
സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ:
ഇത് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലെ പുതിയ കാഷ്വാലിറ്റി ബില്‍ഡിംഗിന്റെ ഒരു രാത്രികാല കാഴ്ചയാണ്. അഞ്ചുനിലകളുള്ള ഈ കൂറ്റന്‍ കെട്ടിട സമുച്ചയത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ മുതല്‍ ഓപ്പറേഷന്‍ തിയേറ്റര്‍ വരെയുണ്ട്. നിരവധി ചെറിയ വാര്‍ഡുകളും കൂട്ടിരിപ്പുകാര്‍ക്കുള്ള വിശാലമായ ഇരിപ്പിടങ്ങളും കഫേകളുമടക്കം ഒട്ടേറെ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
ചില വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഇവിടുത്തെ കാഷ്വാലിറ്റി നമ്മില്‍ കുറച്ചു പേരെങ്കിലും ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഈ കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തായി 50 മീറ്റര്‍ അകലെയായി താഴെ ആ കെട്ടിടം ഇപ്പോഴുമുണ്ട്.
അവിടെ രോഗിയുമായെത്തുന്നവര്‍ക്കിരിക്കാന്‍ കുറെ ഒടിഞ്ഞ ബഞ്ചുകള്‍ ഉണ്ടാകുമായിരുന്നു . പക്ഷെ അവ തെരുവുപട്ടികള്‍ക്കുള്ള വിശ്രമസ്ഥലങ്ങള്‍ കൂടിയായിരുന്നു. അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ പരിശോധന കഴിഞ്ഞ് അഡ്മിഷനായാല്‍ സ്‌ട്രെച്ചര്‍ കിട്ടുന്ന മുറയ്ക്ക് 100 മീറ്റര്‍ കിഴക്കുള്ള പ്രധാന കെട്ടിടത്തിലേയ്‌ക്കൊരു പോക്കുണ്ട്. ആ പോക്കാണ് പോക്ക്. മഴക്കാലമാണെങ്കില്‍ നനഞ്ഞു തന്നെയാകും ആ യാത്ര.പരുപരുത്ത തറയില്‍ കിടന്നടിക്കുന്ന ചക്രങ്ങളുടെ ആഘാതത്തില്‍ മൂക്കിലിട്ട ട്യൂബ് വിട്ടുപോകരുതേ എന്നായിരുന്നു ഓരോ ബന്ധുവിന്റെയും ഉള്ളുരുകിയുള്ള പ്രാര്‍ത്ഥന. ലോകത്തേറ്റവും ദുര്‍ഗന്ധമുള്ള സ്ഥലം ഏതെന്നു ചോദിച്ചാല്‍ ആദ്യം മനസ്സിലെത്തുക സര്‍ക്കാര്‍ ആശുപത്രികളുടെ വാര്‍ഡുകളും പരിസരങ്ങളുമായിരുന്നു. ഓര്‍മ്മയില്ലേ? ഇപ്പോഴോ? ടൈല്‍സിട്ടു നവീകരിച്ച തറയും വൃത്തിയുള്ള ടോയ്‌ലറ്റുകളും. അവയെല്ലാം ഉണ്ടായതല്ല. ഉണ്ടാക്കിയതാണ്. എപ്പോള്‍ ? ഒരു മാറ്റം ഉണ്ടാവണമെന്ന് ഭരണാധികാരികള്‍ക്ക് ബോധ്യമായപ്പോള്‍. എല്ലാക്കാലവും സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ഭരണകൂടങ്ങളുടെ മുന്‍ഗണനാ ലിസ്റ്റിലേയ്ക്ക് കേരളത്തിലെ പൊതുവിദ്യാലയങ്ങളും സര്‍ക്കാര്‍ ആശുപത്രികളും കടന്നു വന്നപ്പോള്‍ രണ്ടു മേഖലകളിലും സ്വകാര്യ മേഖലകളെ വെല്ലുന്ന കൂറ്റന്‍ നിര്‍മ്മിതികള്‍ ഉയര്‍ന്നു.
പഴയ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളജിനെക്കുറിച്ച് ഇന്നലെ ചില പത്രങ്ങളില്‍ വന്ന പരാമര്‍ശങ്ങളാണ്.
ഞാന്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജാശുപത്രികളിലും പോയിട്ടുള്ളയാളാണ്. പക്ഷെ അടുത്ത കാലത്ത് പോയിട്ടുള്ളത് എന്റെ നാട്ടിലെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലാണ്. കഴുത്തറപ്പന്‍ എന്ന് എല്ലാവരും വിളിക്കുന്ന നിരവധി സ്വകാര്യ ആശുപത്രികളുടെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടയം ഗവ: മെഡിക്കല്‍ കോളജിലേയ്ക്ക് നിങ്ങളൊന്നു വരൂ. അടുത്ത കാലത്തായി അവിടെ നടന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണൂ. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്കവിടെ കാണാം. അവിശ്വസനീയമെന്ന് പറയാവുന്ന ഈ വികസന പ്രവര്‍ത്തനങ്ങളെയെല്ലാം പാടേ ഇകഴ്ത്തിക്കാട്ടുന്ന ഈ തരം അധമ റിപ്പോര്‍ട്ടുകള്‍ ഒരു പക്ഷെ തിരുവനന്തപുരത്തെ സംഭവത്തിന് ചുവടു പിടിച്ചെഴുതിയതാവാം. 24 മണിക്കൂറും സുരക്ഷാജീവനക്കാര്‍ കാവല്‍ നില്‍ക്കുന്ന അടിപ്പാതയോട് ചേര്‍ന്ന് ഏറ്റവും പുതിയ കവാടങ്ങളും അതിനോടു ചേര്‍ന്ന് നില്‍ക്കുന്ന നേരത്തെ ഞാന്‍ സൂചിപ്പിച്ച കാഷ്വാലിറ്റിയുടെ പുതിയ കെട്ടിട സമുച്ചയങ്ങളും നിങ്ങള്‍ക്കവിടെ കാണാം. നമ്മുടെ ചില പത്രലേഖകരുടെ ദൃഷ്ടിയില്‍ ഇവയൊന്നും വന്നു പെടുന്നില്ലല്ലോയെന്നോര്‍ത്തപ്പോള്‍ വലിയ ദുഃഖം തോന്നി.
- * * ഈ കുറിപ്പെഴുതാന്‍ കാരണങ്ങള്‍ ***
- വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ സഹോദരിയുടെ തന്നെ ഡെലിവറി കഴിഞ്ഞ് പഴയ കെട്ടിടത്തിന്റെ നാലാം നിലയിലുള്ള 9-ാം വാര്‍ഡ് എന്ന പ്രസവവാര്‍ഡ് സന്ദര്‍ശിച്ചത് ഓര്‍ത്തു പോയി. ഇപ്പഴോ ? പകരം മൂന്നരയേക്കര്‍ സ്ഥലത്ത് പുതുതായി പണിതീര്‍ത്ത മനോഹരമായ കൂറ്റന്‍ ഗൈനക്കോളജി ബില്‍ഡിംഗ്.
- എന്റെ അമ്മയുമായി ദിവസങ്ങളോളം ചെലവഴിച്ച പഴയ പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വടക്കുകിഴക്കേമൂലയില്‍ അസൗകര്യങ്ങളുടെ നടു വില്‍ ശ്വാസംമുട്ടി നിന്നിരുന്ന കാര്‍ഡിയോളജി വാര്‍ഡ് ഓര്‍ത്തു പോകുന്നു. അവിടെ നെടുവീര്‍പ്പിട്ടു കഴിഞ്ഞിരുന്ന രോഗികള്‍. എന്നാല്‍ ഇപ്പോള്‍ ഹാര്‍ട്ട് പേഷ്യന്‍സിനായി അത്യന്താധുനിക സൗകര്യങ്ങളോടെ വിശാലമായ മറ്റൊരു കെട്ടിടം.
- മുന്തിയ സ്വകാര്യ ആശുപത്രിയിലെ സൗകര്യങ്ങളെ വെല്ലുന്ന ഒ.പി.സെക്ഷന്‍.
- പുറത്ത് പനമ്പാലം റൂട്ടിലേയ്ക്ക് തിരിയുന്നിടത്ത് അഞ്ചാറു തേക്കു മരങ്ങളുടെ ചുവട്ടില്‍ ഉണ്ടായിരുന്ന ചെറിയ കാര്‍പാര്‍ക്കിംഗിനുപകരം ഗൈനക്കോളജി വിഭാഗത്തിനു സമീപം 1000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യം.
നക്ഷത്രചിഹ്നങ്ങളിടാവുന്ന സൗകര്യങ്ങള്‍ ഇനിയുമേറെയുണ്ടിവിടെ. സ്ഥല പരിമിതിയാല്‍ വിട്ടുകളയുന്നു. സ്വകാര്യ ആശുപത്രികളില്‍ രജിസ്‌ട്രേഷന്‍ എടുക്കാന്‍ പോലും പണമില്ലാത്ത ആയിരക്കണക്കിനാളുകള്‍ ദിവസവും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങുന്നു. അവരില്‍ പലരും ആരോഗ്യ ഇന്‍ഷ്വറന്‍സ് സൗകര്യം ഉപയോഗിക്കുന്നവര്‍ തന്നെയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളും ആ തുര സേവന മേഖലയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ പതിഞ്ഞ മേഖലകളായി മാറിയതോടെയാണ് നമ്മെ വിസ്മയിപ്പിക്കുന്ന മാറ്റങ്ങള്‍ ദൃശ്യമായത്. ആരും അത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല.പോരായ്മകള്‍ ഇനിയുമേറെ. എല്ലാം പരിഹരിക്കപ്പെടണം.
പൊതുജനാരോഗ്യ മേഖലയിലെ വന്‍ മുതല്‍ മുടക്ക് കണ്ട് കേരളത്തിലെ ഡോക്ടര്‍മാരും സര്‍ക്കാര്‍ സ്‌ക്കൂളുകളുടെ മുഖഛായ മാറുന്നത് കണ്ട് അദ്ധ്യാപകരും ഒന്നു പോലെ അത്ഭുതപ്പെട്ടു നിന്നപ്പോള്‍ ‘മുന്‍ഗണന ഈ രണ്ടു മേഖലകള്‍ക്കും തന്നെയെന്ന് ‘ സര്‍ക്കാരിന് അവരെ പോലും ബോധ്യപ്പെടുത്തേണ്ടി വന്നു.
താഴ്ന്ന വരുമാനമുള്ളവര്‍ക്കും വരുമാന മാര്‍ഗമേ ഇല്ലാത്തവര്‍ക്കും ഏക ആശ്രയമായ നമ്മുടെ ആതുരാലയങ്ങള്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിക്കാന്‍ നമുക്ക് കഴിയട്ടെ. കാരണം സാധാരണ പൗരന് ആശ്രയം ഇതു മാത്രം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here