
കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ടാറ്റ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു. തന്നെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും ടാറ്റ പ്രതിനിധികൾ വന്ന് കണ്ടിരുന്നുവെന്ന് അവകാശപ്പെട്ട കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയുടെ ചിത്രവും പങ്കുവെച്ചിരുന്നു. ടാറ്റയുടെ നിക്ഷേപം സംബന്ധിച്ച കള്ളംമറയ്‌ക്കാൻ മുഖ്യമന്ത്രി പാടുപെടുമ്പോഴാണ് വ്യവസായമന്ത്രി വക സപ്പോർട്ട്. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ നീക്കം യുഡിഎഫിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഇതേ വിഷയത്തിൽ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘ലോകം മുഴുവൻ കണ്ട നുണ വെളുപ്പിച്ച് സ്വയം അപഹാസ്യനാകരുത് കുഞ്ഞാലിക്കുട്ടി മന്ത്രി’എന്നാണ് പോസ്റ്റിൽ പറയുന്നത്. കേരളത്തിൽ കപ്പൽ നിർമാണശാല സ്ഥാപിക്കാൻ ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്നും അതിനായി ഭൂമി കൈമാറുമെന്നുമാണ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ ടാറ്റ ഗ്രൂപ്പ് ഇത് നിഷേധിച്ചതോടെ മുഖ്യമന്ത്രി അപഹാസ്യനായി.
ALSO READ: പാവങ്ങളുടെ അന്നം മുടക്കുന്ന സർക്കാർ എന്ന പേര് കേൾപ്പിക്കരുത്: എം. സ്വരാജ്
ഇങ്ങനെയിരിക്കുമ്പോഴാണ് പി കെ കുഞ്ഞാലിക്കുട്ടി പുതിയ അടവുമായി എത്തിയത്. സതീശൻ പറഞ്ഞ 10000 കോടിയെ പറ്റി തങ്ങൾക്കറിയില്ലെന്ന് ടാറ്റ പറഞ്ഞതിൻ്റെ ക്ഷീണം തീർക്കാൻ കുഞ്ഞാലിക്കുട്ടി സാഹിബ് ഒരു പഴയ ഫോട്ടോയും പൊക്കിപ്പിടിച്ച് പ്രത്യക്ഷനായെന്ന് പോസ്റ്റിൽ പറയുന്നു. ടാറ്റയ്ക്കൊപ്പം ആര് ഫോട്ടോയെടുത്തു എന്നതല്ലല്ലോ വിഷയം. നിക്ഷേപത്തെ കുറിച്ച് നുണപറഞ്ഞത് ഒരു ഫോട്ടോ കാണിച്ച് പറ്റിച്ചാൽ ഒരു പക്ഷെ ലീഗുകാരും സൈബറിടത്തെ പ്രവർത്തകരും അതിൽ വീഴുമായിരിക്കും. തെളിവുമായി കുഞ്ഞാലിക്കുട്ടി എന്ന് ചില യുഡിഎഫ് മാധ്യമങ്ങളും എഴുതിയിട്ടുണ്ട്. പക്ഷെ അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴിയല്ല മറുപടി, പോസ്റ്റ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

