
ഒരു വാക്ക് അക്ഷരത്തെറ്റില്ലാതെ എഴുതിക്കാണിച്ചാല്‍, അല്ലെങ്കില്‍ പറഞ്ഞാല്‍ എന്തെങ്കിലും സമ്മാനം കിട്ടുമോ? കിട്ടും! ഇക്കാര്യം തെളിയിച്ചിരിക്കുകയാണ് 13കാരനായ ഫൈസാൻ സാക്കി. അതും സമ്മാനമെന്ന് പറഞ്ഞാല്‍, വെറും സമ്മാനമല്ല. 42 ലക്ഷം ഇന്ത്യൻ രൂപ. ഇതുവരെ അവ്യക്തമായതോ വിശദീകരിക്കാനാകാത്തതോ ആയ ഒരു കാര്യത്തിന്റെ പ്രബുദ്ധമായ വിശദീകരണം എന്ന് അര്‍ഥം വരുന്ന ‘Éclaircissement’ (ക്ലെയർസിസ്മെന്റ്) എന്ന ഈ വാക്ക് ശരിയായി അക്ഷരത്തെറ്റില്ലാത്ത എഴുതിയതോടെയാണ് ടെക്സസ് സ്വദേശിയായ ഈ കുട്ടി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതോടെ 2025ലെ സ്ക്രിപ്സ് നാഷണൽ സ്പെല്ലിംഗ് ബീയുടെ ചാമ്പ്യനായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
ആരാണ് ഫൈസാൻ സാക്കി ?
അക്ഷരവിന്യാസത്തിലുള്ള കുട്ടിയുടെ താൽപ്പര്യം കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നുവെന്നാണ് സാക്കിയുടെ മാതാപിതാക്കളായ സാക്കി അൻവറും അർഷിയ ക്വാഡ്രിയും പറയുന്നത്. ഡാളസിലെ സിഎം. റൈസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥിയായ ഫൈസാൻ നാലാം തവണയാണ് ദേശീയ ബീയിൽ മത്സരിക്കുന്നത്.
2019ൽ ഏഴ് വയസ്സുള്ളപ്പോഴാണ് ഫൈസാൻ്റെ സ്പെല്ലിംഗ് യാത്ര ആരംഭിച്ചത്. അന്ന് 370-ാം സ്ഥാനം നേടിയിരുന്നു. ശേഷം 2023ൽ 21-ാം സ്ഥാനത്തേക്കും കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തേക്കും ഫൈസാൻ എത്തിയിരുന്നു. അക്ഷരവിന്യാസത്തിന് പുറമേ, വീഡിയോ ഗെയിമുകൾ കളിക്കുന്നതും റൂബിക്സ് ക്യൂബുകൾ മിന്നൽ വേഗത്തിൽ പരിഹരിക്കുന്നതും ഫൈസാൻ്റെ ഇഷ്ട ഹോബി.
ഫൈസാൻ സാക്കി നേടിയ ക്യാഷ് പ്രൈസ് എത്രയാണ്?
ടൈറ്റിലിനും ഐക്കണിക് സ്‌ക്രിപ്‌സ് കപ്പിനും ഒപ്പം, ഫൈസാൻ 50,000 ഡോളർ ക്യാഷ് പ്രൈസും സ്വന്തമാക്കി. ഇത് ഏകദേശം 42 ലക്ഷം ഇന്ത്യൻ രൂപ വരും. ക്യാഷ് പ്രൈസിന് പുറമേ അദ്ദേഹത്തിന് മെഡലും ലഭിക്കും. യുഎസിൽ നിന്നും ബഹാമാസ്, ജർമ്മനി, നൈജീരിയ എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള 243 മികച്ച സ്പെല്ലർമാരുമായി ആരംഭിച്ച ഒരു ആഴ്ചത്തെ തീവ്രമായ മത്സരത്തിന് ശേഷമാണ് ഫൈസാൻ ആ വിജയം നേടിയത്. ന്യൂയോർക്ക്, കാലിഫോർണിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ നിന്നുള്ള ഫൈനലിസ്റ്റുകളെയാണ് ഫൈസാൻ തോല്‍പ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

