
മന്ത്രി എം ബി രാജേഷിനെതിരെയുള്ള മലയാള മനോരമയുടെ വ്യാജ വാർത്ത പൊളിഞ്ഞു. എം ബി രാജേഷ് സ്പീക്കർ ആയിരിക്കെ നിയമസഭയിൽ സംഘടിപ്പിച്ച വനിത അസംബ്ലിയിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിത പങ്കെടുത്തുവെന്നായിരുന്നു മനോരമയുടെ റിപ്പോർട്ട്. എന്നാൽ ഇതിനെതിരെ മന്ത്രി തന്നെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് തെറ്റായ വാർത്ത നൽകിയതിൽ മനോരമ ദിനപത്രം ഖേദം പ്രകടിപ്പിച്ചത്.
മന്ത്രി എം ബി രാജേഷ് സ്പീക്കറായിരിക്കെ നിയമസഭയിൽ സംഘടിപ്പിച്ച വനിതാ അസംബ്ലിയിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിത 2022 മെയ് 27 ന് ഒരു സെഷനിൽ പങ്കെടുത്തുവെന്നായിരുന്നു മനോരമയുടെ കഴിഞ്ഞ ദിവസത്തെ വാർത്ത.
അണ്ടർ റെപ്രസെന്റേഷൻ ഓഫ് വിമൻ ഇൻ ഡിസിഷൻ മേക്കിങ് ബോഡീസ് എന്ന സെഷനിലാണ് സ്പീക്കർക്കൊപ്പം ഒന്നിച്ച് പങ്കെടുത്തതെന്നും മനോരമയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വാർത്ത തീർത്തും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണെന്ന് മന്ത്രി തന്നെ തെളിവ് സഹിതം ഫേസ്ബുക്കിലൂടെ പുറത്തു വിടുകയായിരുന്നു.
സഭാ ടിവിയിൽ അന്ന് പ്രസിദ്ധീകരിച്ച ചർച്ചയുടെ വീഡിയോയുടെ ലിങ്കും സ്ക്രീൻ ഷോട്ടും പുറത്തുവിട്ടാണ് മന്ത്രി പ്രതികരിച്ചത്. പ്രതിപക്ഷനേതാവ് ഒരു വ്യാജ ആരോപണം ഉന്നയിക്കുമ്പോൾ, അതിന് ബലം നൽകാൻ മനോരമ ഒരു ഇല്ലാക്കഥ സൃഷ്ടിക്കുന്നു. ഇങ്ങനെയൊക്കെയാണ് പ്രതിപക്ഷവും മാധ്യമങ്ങളും കള്ളക്കഥകൾ പടച്ചുവിടുന്നതെന്നും മന്ത്രി തുറന്നടിച്ചു.
നൽകിയ വാർത്ത തെറ്റായിരുന്നുവെന്നും പിൻവലിക്കുന്നതായും മനോരമ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ മനോരമയുടെ ഇന്നത്തെ പത്രത്തിൽ തെറ്റായ വാർത്ത നൽകിയതിൽ പത്രാധിപർ ഖേദം പ്രകടിപ്പിച്ചു.
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മനോരമയിൽ ഇന്ന് എന്നെക്കുറിച്ച് വന്ന വാർത്ത തികഞ്ഞ അസത്യമാണ്. ഞാൻ സ്പീക്കറായിരിക്കെ നിയമസഭയിൽ സംഘടിപ്പിച്ച വനിതാ അസംബ്ലിയിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കവിത 2022 മെയ് 27 ന് ഒരു സെഷനിൽ എന്നോടൊപ്പം പങ്കെടുത്തു എന്നാണ് വാർത്ത. അണ്ടർ റെപ്രസെന്റേഷൻ ഓഫ് വിമൻ ഇൻ ഡിസിഷൻ മേക്കിങ് ബോഡീസ് എന്ന സെഷനിലായിരുന്നത്രേ ഒന്നിച്ച് പങ്കെടുത്തത്. തീർത്തും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമായ ഒരു വാർത്ത പ്രതിപക്ഷത്തിനെ സഹായിക്കാനായി നൽകിയതാണെന്ന് വേണം സംശയിക്കാൻ.
മനോരമ പറയുന്ന പരിപാടിയെക്കുറിച്ചുള്ള 2022 മെയ് 28 ലെ മനോരമയുടെ തന്നെ വാർത്തയും ചിത്രവും ഇവിടെ കൊടുക്കുന്നു. ഈ വാർത്തയിൽ എവിടെയെങ്കിലും കവിത എന്ന പേരുണ്ടോ? ഇത്രയും പ്രധാനപ്പെട്ട ഒരാളുടെ പേര് എങ്ങനെ മനോരമ ഉൾപ്പെടെ എല്ലാ മാധ്യമങ്ങളും ഒഴിവാക്കും? ഇന്നത്തെ വാർത്ത അസത്യമെന്നതിന് അന്നത്തെ മനോരമ തന്നെ തെളിവ്.
സഭാ ടിവിയിൽ അന്ന് പ്രസിദ്ധീകരിച്ച ഈ ചർച്ചയുടെ വീഡിയോയുടെ ലിങ്കും സ്ക്രീൻ ഷോട്ടും ഇവിടെ നൽകാം. ഇതിൽ എവിടെയാണ് കവിതയുള്ളത്? പ്രാസംഗികരുടെ പേര് ബാക്ക്ഗ്രൗണ്ടിലെ സ്ക്രീനിലുണ്ട്, അതിൽ കവിതയുടെ പേര് പോലുമില്ല. കവിതയുടെ സാന്നിദ്ധ്യത്തിൽ ഈ സെഷനിൽ ഞാൻ പ്രസംഗിച്ചുവെന്നാണ് മനോരമയുടെ കണ്ടെത്തൽ. വീഡിയോ പരിശോധിച്ചാൽ ഗവർണർക്കൊപ്പം ഞാൻ സദസ്സിൽ ഇരിക്കുന്നത് കാണാനാവും, വേദിയിൽ പോലും കയറിയിട്ടില്ലെന്നും. വനിതാ അസംബ്ലിയിലേക്ക് ക്ഷണിച്ച 133 വനിതാ ജനപ്രതിനിധികളിൽ ഒരാളായിരുന്ന കവിത, അന്ന് പരിപാടിക്കേ എത്തിയിരുന്നില്ല എന്നതുമാണ് യാഥാർഥ്യം. പക്ഷേ മനോരമ ഞങ്ങൾ ഒരുമിച്ച് വേദിയിൽ ഇരിക്കുന്നതും പ്രസംഗിക്കുന്നതും കണ്ടു!!!
എഥനോൾ പ്ലാൻ്റ് കൊണ്ടുവരാൻ കേരള നിയമസഭാ സ്പീക്കർ തെലങ്കാന എം എൽ സിയുമായി ചർച്ച നടത്തി എന്നാണോ മനോരമ സങ്കൽപ്പിക്കുന്നത്?
പ്രതിപക്ഷനേതാവ് ഒരു വ്യാജ ആരോപണം ഉന്നയിക്കുന്നു. അതിന് ബലം നൽകാൻ മനോരമ ഒരു ഇല്ലാക്കഥ സൃഷ്ടിക്കുന്നു. ആ കഥയ്ക്ക് പൊടിപ്പും തൊങ്ങലും ചാർത്തി പിന്നീട് പ്രതിപക്ഷം പ്രചരണം നടത്തുന്നു. ഇങ്ങനെയാണ് ഇടതുവിരുദ്ധ അച്ചുതണ്ട് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇങ്ങനെയൊക്കെയാണ് പ്രതിപക്ഷവും മാധ്യമങ്ങളും കള്ളക്കഥകൾ പടച്ചുവിടുന്നത്.
ഇനി 2022 ൽ ഞാൻ സ്പീക്കറായിരിക്കെ അവർ പരിപാടിയിൽ പങ്കെടുത്തു എന്നുതന്നെ കരുതുക. എങ്കിൽ തന്നെ അതിലെന്താണ് ഇപ്പോൾ വാർത്ത? അപ്പോൾ അങ്ങനെയുണ്ടാവാതെ തന്നെ വാർത്ത കൊടുക്കുന്നതിന്റെ ദുഷ്ടലാക്ക് എത്രത്തോളമുണ്ട്?
മനോരമയ്ക്ക് ദുരുദ്ദേശമില്ലായിരുന്നുവെങ്കിൽ നാളെ വാർത്ത തെറ്റായിരുന്നുവെന്നും പിൻവലിക്കുന്നുവെന്നും തുല്യ പ്രധാന്യത്തിൽ അവർ പ്രസിദ്ധീകരിക്കണം. നോക്കാം മനോരമ എന്ത് ചെയ്യുമെന്ന്.
വാൽക്കഷണം: ഒരു രഹസ്യവിവരം കൂടി മനോരമയെ അറിയിക്കട്ടെ. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം കുറച്ചുകാലം ഹൈദരാബാദ് നഗരത്തിൽ ഞാൻ താമസിച്ചിട്ടുണ്ട്. അന്നു മുതലേ തുടങ്ങിയതാണ് എഥനോൾ പ്ലാൻ്റ് നിർമിക്കാനുള്ള ഗൂഢാലോചന എന്നു പറഞ്ഞ് വാർത്ത കൊഴുപ്പിക്കാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here