കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ പരാജയം; റബര്‍ ബോര്‍ഡിനും കേന്ദ്രസര്‍ക്കാരിനുമെതിരെ കത്തോലിക്കാ സഭയുടെ കര്‍ഷക സംഘടന

റബര്‍ ബോര്‍ഡിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ കത്തോലിക്കാ സഭയുടെ കര്‍ഷക സംഘടനയായ ഇന്‍ഫാം രംഗത്ത്. കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ റബര്‍ ബോര്‍ഡ് പരാജയമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. റബര്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് വ്യവസായികള്‍ക്കുവേണ്ടിയാണ്. ആഭ്യന്തരവിപണിയിലെ വിലയിടിച്ച് വ്യവസായികള്‍ക്ക് അസംസ്‌കൃത റബര്‍ എത്തിക്കുന്ന കര്‍ഷകദ്രോഹ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റബര്‍ ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിയാലോഘത്തില്‍ കര്‍ഷകര്‍ക്കനുകൂലമായ ഒരു പ്രഖ്യാപനവുമുണ്ടായില്ല. ഇതിലൂടെ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് റബര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും സ്വീകരിച്ചതെന്ന് വി.സി സെബാസ്റ്റ്യന്‍ പറയുന്നു. 1947 ഏപ്രില്‍ 18 ന് നടപ്പില്‍ വന്ന റബര്‍ ആക്ട് 2021 ജനുവരി 10 ന് റദ്ദ് ചെയ്ത് പുതിയൊരു റബര്‍ ആക്ട് രൂപീകരിക്കുന്നതിനുള്ള കരട് പുറത്തിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റബര്‍ ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം. നിലവിലുള്ള ആക്ട് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നു. എന്നാല്‍ പുതിയ ആക്ട് വ്യവസായ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുകയും കര്‍ഷകരെ വാക്കില്‍ മാത്രം ഒതുക്കുന്നതുമാണെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.

റബര്‍ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് അടക്കം നിര്‍ത്തണമെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇത് റദ്ദ് ചെയ്തതായി ഒരു പ്രഖ്യാപനവുമുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ കര്‍ഷകരെ സഹായിക്കുന്ന ഇടപെടല്‍ ഉണ്ടാവണമെന്നും വി. സി സെബാസ്റ്റ്യന്‍ പറഞ്ഞു. കോമ്പൗണ്ടിങ് റബറിന്റെ ഇറക്കുമതി വര്‍ദ്ധിപ്പിച്ചതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നും ഇതിന്റെ പേരില്‍ കര്‍ഷക്കരെ കബളിപ്പിക്കുകയാണെന്നും വി. സി സെബാസ്റ്റ്യന്‍ ആരോപിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here