
പതിനേഴുകാരിയുടെ തിരോധാനത്തിന് പിന്നിൽ അച്ഛനെന്നു കണ്ടെത്തി പൊലീസ്. കർണാടകയിൽ ആണ് ഒരു മാസത്തിലേറെയായി കാണാതായ പെൺകുട്ടിയെ സ്വന്തം അച്ഛൻ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. തുമകുരു ജില്ലയിലെ ഷിര താലൂക്കിലുള്ള നിംബെമരദഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന മേഘന എന്ന പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ഏപ്രിൽ 16-നാണ് മേഘനയെ കാണാതാകുന്നത്. ജോലിയ്ക്ക് പോയ അമ്മ നിർമല തിരികെ വീട്ടിൽ എത്തിയപ്പോൾ ആണ് മകളെ കാണാനില്ലെന്ന് മനസിലായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് സംശയം തോന്നിയ നിർമ്മല പൊലീസിൽ പരാതി നൽകുകയായിരുന്നു.
ALSO READ: വർഷങ്ങളായുള്ള ക്രൂരപീഡനം, അശ്ലീല വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗ്; നീതി തേടിയുള്ള പോരാട്ടത്തിനൊടുവിൽ സഹോദരിമാരുടെ ആത്മഹത്യയും, രാജസ്ഥാനിൽ എന്താണ് സംഭവിക്കുന്നത് ?
മേഘനയുടെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നു. 18 വയസ് ആകുമ്പോൾ തന്നെ കുട്ടിയും ബന്ധുവിന്റെ മകനുമായി വിവാഹം നടത്താൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി വരന്റെ വീട്ടുകാർ വിവാഹസാരിയും മംഗലസൂത്രവും വരെ വാങ്ങിയിരുന്നു. എന്നാൽ ഭാര്യയുടെ ബന്ധുക്കളുടെ കൂടെ മകളുടെ വിവാഹം നടത്തുന്നതിനെ കുട്ടിയുടെ അച്ഛൻ എതിർത്തിരുന്നു. കുറച്ചുനാളായി ഇതേച്ചൊല്ലി ആയിരുന്നു വീട്ടിൽ തർക്കം നടന്നിരുന്നത്. അത്തരത്തിൽ തർക്കം നടന്നതിന്റെ തൊട്ടടുത്ത ദിവസം മുതലാണ് കുട്ടിയെ കാണാതായത്. ഇതിനു പിന്നാലെ അച്ഛനെയും കാണാതായി. ഇതോടെ ആണ് സംശയങ്ങൾ ഉയർന്നത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് തിമ്മരായപ്പ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചതും കുറ്റം സമ്മതിച്ചതും.
മേഘനയെ ഇയാൾ ആദ്യം കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് കിണറ്റിലേക്ക് കല്ലുകളെറിഞ്ഞ് മരണം ഉറപ്പാക്കി. അതിനുശേഷം കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് ആരുമില്ലാത്ത വിജനമായ സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം, തനിക്കെതിരെ യാതൊരുവിധ സംശയവും ഉണ്ടാകാതിരിക്കാൻ തിമ്മരായപ്പ തന്നെയാണ് ഭാര്യ നിർമ്മലയെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി മേഘ്‌നയെ കാണാനില്ലെന്ന് പരാതി നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

