നിഖില വിമലിന്റെ അഭിപ്രായത്തിനെതിരെ പുതിയ വാദമുഖങ്ങളുമായി ഫാത്തിമ തെഹ്‌ലിയ

കണ്ണൂരിലെ മുസ്ലിം കല്യാണങ്ങളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്താണ് ഭക്ഷണം നല്‍കുന്നതെന്ന അഭിനേത്രി നിഖില വിമലിന്റെ പരാമര്‍ശത്തിനെതിരെ പുതിയ വാദങ്ങളുമായി ഫാത്തിമ തെഹ്‌ലിയ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫാത്തിമ തെഹ്‌ലിയയുടെ പ്രതികരണം. സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള ഇടചേരലുകളെ പ്രോത്സാഹിപ്പിക്കാത്ത മതമാണല്ലോ ഇസ്ലാം. ആ മതത്തെ അനുകൂലിക്കുന്നവരും പിന്തുടരുന്നവരുമായ ആളുകള്‍ നടത്തുന്ന സ്വകാര്യ പരിപാടികളില്‍ സ്വാഭാവികമായും സ്ത്രീക്കും പുരുഷനും വെവ്വേറെ ഇരിപ്പിടങ്ങളായിരിക്കുമല്ലോ ഒരുക്കുക. ഈ സ്വാഭാവിക കാര്യങ്ങളെ വിവാദമാക്കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഫാത്തിമ തെഹ്‌ലിയ ഉയര്‍ത്തിയിരിക്കുന്നത്.

പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മാത്രമായി ട്രെയിനില്‍ പ്രത്യേക കോച്ചുകളും ബസ്സില്‍ പ്രത്യേക ഇരിപ്പിടങ്ങളും ബസ്സ്റ്റാന്റിലും മറ്റും പ്രത്യേക കംഫര്‍ട്ട് സ്റ്റേഷനുകളുമെല്ലാം ഒരുക്കുന്ന നമ്മുടെ നാട്ടില്‍, മതപരമായ കാരണങ്ങള്‍ കൊണ്ട് മാത്രം സ്ത്രീ പുരുഷ ഇരിപ്പിടങ്ങള്‍ വെവ്വേറെയാക്കുന്നത് തിരഞ്ഞ് പിടിച്ച് വാര്‍ത്തയാക്കുന്നതിനും വിവാദമാക്കുന്നതിനും പിന്നില്‍ പ്രത്യേക താല്‍പ്പര്യം തന്നെയുണ്ട് എന്നാണ് പോസ്റ്റില്‍ ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കിയിരിക്കുന്നത്.

ഫാത്തിമ തെഹ്‌ലിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലിബറല്‍ കൈയ്യടിക്ക് വേണ്ടിയല്ല നിലപാട് പറയാറുള്ളത്. കണ്ണൂരിലെ മുസ്ലിം വീടുകളില്‍ മാത്രമല്ല, മലബാറിലെ മുസ്ലിം വീടുകളില്‍ വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും മറ്റു മതപരമായ ഒത്തുചേരലുകള്‍ക്കുമെല്ലാം സ്ത്രീകള്‍ക്കായി പ്രത്യേക ഇരിപ്പിടം ഉണ്ടാവാറുണ്ട്. സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള ഇടചേരലുകളെ പ്രോത്സാഹിപ്പിക്കാത്ത മതമാണല്ലോ ഇസ്ലാം. ആ മതത്തെ അനുകൂലിക്കുന്നവരും പിന്തുടരുന്നവരുമായ ആളുകള്‍ നടത്തുന്ന സ്വകാര്യ പരിപാടികളില്‍ സ്വാഭാവികമായും സ്ത്രീക്കും പുരുഷനും വെവ്വേറെ ഇരിപ്പിടങ്ങളായിരിക്കുമല്ലോ ഒരുക്കുക. ഈ സ്വാഭാവിക കാര്യങ്ങളെ വിവാദമാക്കുന്നത് എന്തിനാണ്.? പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മാത്രമായി ട്രെയിനില്‍ പ്രത്യേക കോച്ചുകളും ബസ്സില്‍ പ്രത്യേക ഇരിപ്പിടങ്ങളും ബസ്സ്റ്റാന്റിലും മറ്റും പ്രത്യേക കംഫര്‍ട്ട് സ്റ്റേഷനുകളുമെല്ലാം ഒരുക്കുന്ന നമ്മുടെ നാട്ടില്‍, മതപരമായ കാരണങ്ങള്‍ കൊണ്ട് മാത്രം സ്ത്രീ പുരുഷ ഇരിപ്പിടങ്ങള്‍ വെവ്വേറെയാക്കുന്നത് തിരഞ്ഞ് പിടിച്ച് വാര്‍ത്തയാക്കുന്നതിനും വിവാദമാക്കുന്നതിനും പിന്നില്‍ പ്രത്യേക താല്‍പ്പര്യം തന്നെയുണ്ട്.
പുരുഷന്മാര്‍ ഉള്ള സദസ്സിലേക്ക് കയറി ചെല്ലാന്‍ മടിക്കുന്ന ഒരുപാട് സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്ക് ഇത്തരത്തില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ ഉള്ളത് തന്നെയാണ് സൗകര്യം. കൂടാതെ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വകാര്യതയും സുരക്ഷിതത്വവും ലഭിക്കുന്നുണ്ട്. തിക്കിലും തിരക്കിലും ലൈംഗിക അതിക്രമത്തിന് വിധേയരാകുന്ന ഒരുപാട് അനുഭവങ്ങള്‍ പല പെണ്‍കുട്ടികളും പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ വെവ്വേറെ ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ലഭിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.
‘സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ഇരിപ്പിടം ഉണ്ട് എന്ന കാരണം കൊണ്ട്, സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്ക് നല്‍കുന്ന അതേ സൗകര്യങ്ങളാണ് പന്തലില്‍ ഒരുക്കാറുള്ളത് എന്നും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്ക് നല്‍കാറുള്ള അതേ ഭക്ഷണമാണ് പന്തലില്‍ നല്‍കാറുള്ളത്’ എന്നും സാന്ദര്‍ഭികമായി ഇന്നലെ നടന്ന മനോരമ ന്യൂസിന്റെ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിലെ എന്റെ വാദങ്ങളില്‍ നിന്നും ‘സ്ത്രീകള്‍ക്കും ഒരേ ഭക്ഷണമാണ് നല്‍കുന്നത്, പിന്നെങ്ങനെയാണ് വിവേചനമാകുക’ എന്ന കാര്യം അടര്‍ത്തി മാറ്റി ഒരു troll material എന്ന നിലക്ക് വാര്‍ത്ത അവതരിപ്പിച്ച ചില മാധ്യമങ്ങളുടെ താല്‍പ്പര്യങ്ങളെ നന്നായി മനസ്സിലാക്കുന്നുണ്ട്. മുസ്ലിം സ്ത്രീകളെ മുസ്ലിം പുരുഷന്മാരുടെ ”കരാള ഹസ്തങ്ങളില്‍” നിന്നും മോചിപ്പിക്കുക എന്ന ഉദ്ദേശം വെച്ച് മാത്രം പ്രവര്‍ത്തിക്കുന്ന പ്രസ്തുത മാധ്യമങ്ങളുടെ സദുദ്ദേശത്തിന് എന്റെ നല്ല നമസ്‌ക്കാരം. ഈ മോദി ഭരണകാലത്തും മുസ്ലിങ്ങളേയും അവരുടെ സംസ്‌ക്കാരങ്ങളേയും രീതികളേയും നിരന്തരം വിമര്‍ശിച്ച് ആസൂത്രിത വിവാദമുണ്ടാക്കി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇത്തരം മാധ്യമങ്ങളുടെ താല്‍പ്പര്യത്തെ അത്ര നിഷ്‌ക്കളങ്കമാണെന്ന് കരുതാനാകില്ല.
മാധ്യമങ്ങളുടേയും ലിബറല്‍ സഹോദരങ്ങളുടേയും ഓശാന കേട്ടിട്ടല്ലല്ലോ ഞങ്ങളാരും ജീവിക്കുന്നത്. ഒഴുക്കിനെതിരെ നീന്തി തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. സാംസ്‌ക്കാരികമായി മുസ്ലിം സമുദായത്തെ ഇകഴ്ത്തി കാണിച്ചുക്കൊണ്ട് നടത്തുന്ന പ്രചരണങ്ങളില്‍ പാകപ്പെട്ട് മൗനം അവലംഭിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. പറയാനുള്ളത് ഇനിയും ഉറക്കെ പറയുക തന്നെ ചെയ്യും. ഒരുപാട് സൈബര്‍ അറ്റാക്കുകള്‍ നേരിട്ട് കൊണ്ട് തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. ട്രോളുകളിലൂടെ നിശബ്ദമാക്കാമെന്ന് കരുതുന്നവര്‍ക്ക് ഒരിക്കല്‍ കൂടി എന്റെ നല്ല നമസ്‌ക്കാരം. Good morning!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here