‘മുഖ്യമന്ത്രിയുടെ യോഗം കാരണം തിരച്ചിൽ വൈകിയെന്ന മനോരമ വാർത്ത പച്ചക്കള്ളം’; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ വ്യാജപ്രചാരണം പൊളിക്കുന്ന പോസ്റ്റ്

kottayam medical college accident

കോട്ടയം മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ, വ്യാജവാർത്തകളും കള്ളപ്രചാരണങ്ങളും കൊണ്ട് കേരളത്തിന്‍റെ ആരോഗ്യ മേഖലയേയും താറടിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് മാധ്യമങ്ങൾ. അപകടം നടന്നപ്പോൾ രക്ഷാപ്രവർത്തനം വൈകിയെന്നായിരുന്നു ഒരു ആരോപണം. അതിന് കാരണമായി മനോരമ കണ്ടതാകട്ടെ, കോട്ടയത്ത് ആ സമയത്ത് നടക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ അവലോകനയോഗവും. എന്നാൽ, മനോരമ പതിവ് പോലെ പച്ചക്കള്ളം ഒരു മടിയും കൂടാതെ അച്ചടിച്ച് വിടുകയാണെന്നതിനുള്ള തെളിവായി യോഗസ്ഥലത്ത് ഉണ്ടായിരുന്ന യഹിയ മുഹമ്മദ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് മാറുകയാണ്.

അപകടം നടന്ന വിവരം അറിഞ്ഞയുടൻ, യോഗത്തിൽ എന്താണ് സംഭവിച്ചതെന്നുള്ള ഇദ്ദേഹത്തിന്റെ വിശദമായ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. അപകട വാർത്ത അറിഞ്ഞപ്പോൾ, മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും എത്ര വേഗത്തിലാണ് പ്രവർത്തിച്ചതെന്ന് വ്യക്തമാക്കുകയാണ് പോസ്റ്റ്. ഓരോരുത്തരും എന്തെല്ലാം ചെയ്തു, രക്ഷാപ്രവർത്തനം എങ്ങനെ ഏകോപിപ്പിച്ചു എന്നതടക്കം കൃത്യവും വ്യക്തവുമായാണ് പോസ്റ്റിൽ വിവരങ്ങൾ നൽകിയിരിക്കുന്നത്. മനോരമയടക്കമുള്ള മാധ്യമങ്ങളുടെ നുണകൾക്കുള്ള വ്യക്തമായ മറുപടിയായി ഈ ഫേസ്ബുക്ക് കുറിപ്പ്.

ALSO READ: കോട്ടയം മെഡിക്കല്‍ കോളജ് അപകടം; സര്‍ക്കാര്‍ ഒപ്പമുണ്ടാകും: മന്ത്രി വീണാ ജോര്‍ജ് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചു

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കോട്ടയം മെഡിക്കൽ കോളേജിൽ പൊളിക്കാൻ വേണ്ടി മാറ്റി വെച്ചിരുന്ന ഒരു കെട്ടിടം തകർന്നു ബിന്ദു എന്ന സ്ത്രീ മരിച്ചു. വളരെ ദൗർഭാഗ്യകരമായ സംഭവമാണിത്. ആദരാഞ്ജലികൾ നേരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് കേരളത്തിലെ സർക്കാർ ആരോഗ്യ രംഗം വളരെ മോശമാണെന്നും അതിന് നേതൃത്വം കൊടുക്കുന്നവർ ഒട്ടും കൊള്ളരുതാത്തവർ ആണെന്നും മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങളും(ദേശീയ മാധ്യമങ്ങൾക്ക് കേരള വിരുദ്ധ നിലപാട് ഇല്ല – അവർ കേരളത്തെ കുറിച്ച് ശരിയായ, സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്) അത് ഏറ്റുപിടിച്ച് പ്രതിപക്ഷവും നിരന്തരം പറഞ്ഞു കൊണ്ടിരിക്കുകയാണ്.

രോഗികളെ കിടത്തിയിരിക്കുന്ന ഒരു വാർഡ് ഇടിഞ്ഞു തകർന്നു എന്ന് വാർത്ത കൊടുത്തവർ അത് അല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ഇനി സർക്കാരിനെ എങ്ങനെ കുറ്റപ്പെടുത്തും എന്ന് ആലോചിച്ച് കണ്ടെത്തിയ വിഷയമാണ് രക്ഷാപ്രവർത്തനം വൈകിയത് കൊണ്ടാണ് ബിന്ദു മരിച്ചത് എന്നാണ്. അതിന്റെ ഭാഗമായിട്ടാണ് എങ്ങനെ ഇത് മുഖ്യമന്ത്രിയിലേക്ക് എത്തിക്കും എന്ന് കണ്ട് കോട്ടയത്തുള്ള മുഖ്യമന്ത്രിയുടെ യോഗം കാരണമാണ് രക്ഷാപ്രവർത്തനം വൈകിയത് എന്ന് മനോരമ വാർത്ത നൽകിയത്.

ഈ യോഗസ്ഥലത്ത് ഉണ്ടായിരുന്ന ഒരാൾ എന്ന നിലയിൽ എന്റെ നേർക്കാഴ്ചയിൽ കണ്ട ചില കാര്യങ്ങൾ വ്യക്തമാക്കാനാണ് ഇങ്ങനെ ഒരു പോസ്റ്റ്

സംസ്ഥാന സർക്കാരിന്റെ മേഖലാ അവലോകന യോഗങ്ങളുടെ അവസാന യോഗമാണ് കോട്ടയം തെള്ളകത്തുള്ള ഡി എം കൺവൻഷനിൽ സെന്ററിൽ ജൂലൈ മൂന്നിന് നടന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കളക്ടർക്ക് കീഴിൽ എല്ലാ ഉദ്യോഗസ്ഥരും, സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുമാണ് ഈ യോഗത്തിൽ സംബന്ധിച്ചത്. മുഖ്യമന്ത്രിയും, മന്ത്രിമാരും, ചീഫ് സെക്രട്ടറിയും പരിഗണിക്കേണ്ട ഓരോ വിഷയങ്ങളും പരിശോധിക്കാൻ എത്തിയിരുന്നു.
യോഗം രാവിലെ 10:15 ന് ആരംഭിച്ചു.

ചർച്ചകൾ നടന്നു കൊണ്ടിരിക്കുമ്പോഴാണ് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണൻ കോട്ടയം മെഡിക്കൽ ഒരു അപകടം നടന്നിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞത്. ഞാൻ അത് മുഖ്യമന്തിയുടെ പ്രസ് സെക്രട്ടറി പി എം മനോജിനോട് പറയുകയും ചെയ്തു. പി എം മനോജ് യോഗത്തിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും വിവരം അറിയിച്ചു. ഇവർ ഈ വിവരം മുഖ്യമന്ത്രിയെ അറിയിച്ചു. വളരെ പെട്ടെന്ന് തന്നെ ആരോഗ്യ മന്ത്രി വീണ ജോർജ്ജും, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും, ഹെൽത്ത് സെക്രട്ടറി രാജൻ ഖോബ്രഗഡെയും യോഗത്തിൽ നിന്നും ഇറങ്ങി വന്നു.

പുറത്തിറങ്ങിയ ഇവർ ഫോണിൽ വിവരങ്ങൾ അന്വേഷിക്കുണ്ടായിരുന്നു. ഉടൻ തന്നെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും വന്നു. അദ്ദേഹം സ്ഥലത്തുണ്ടായിരുന്ന കോട്ടയം എസ്പി ഷാഹുൽ ഹമീദുമായി സംസാരിക്കുന്നത് കണ്ടു. 5 മിനിറ്റിനകം മന്ത്രിമാരും, ഹെൽത്ത് സെക്രട്ടറിയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോയി. ഈ സമയവും ഡിജിപിയും, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ളവരും പോലീസ്, ഫയർഫോഴ്സ് മറ്റ് സംവിധാനങ്ങൾ എന്നിവരുമായി ഫോണിൽ നിരന്തരം സംസാരിക്കുന്നതും നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കുറച്ച് സമയം കഴിഞ്ഞാണ് 2 പേർക്ക് നിസ്സാരമായ പരിക്കുകൾ മാത്രമാണ് ഉള്ളത് മറ്റ് തിരച്ചിലുകൾ നടന്നു കൊണ്ടിരിക്കുകയാണ് എന്നുള്ള വിവരം പോലീസ് അറിയിച്ചത്.

ഇത് പൊളിറ്റിക്കൽ സെക്രട്ടറി പി ശശി മുഖ്യമന്ത്രിയെ അറിയിച്ചു. വിവരങ്ങൾ ഇടയ്ക്ക് ധരിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. കുറച്ച് കഴിഞ്ഞതിന് ശേഷമാണ് 50 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുടെ മൃതശരീരം കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ലഭിച്ചെന്ന് എസ് പി അറിയിക്കുന്നത്. ഇത് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണൻ എല്ലാവരെയും അറിയിക്കുകയും ചെയ്തു.
ഇത്രയും കാര്യങ്ങൾ എന്റെ കാഴ്ചയിൽ ഞാൻ നേരിട്ട് കണ്ട് ഇടപെട്ട് ബോധ്യപ്പെട്ട വിഷയങ്ങളാണ്.

പിന്നെ എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ യോഗം കാരണമാണ് തിരച്ചിൽ നടത്താൻ വൈകിയത് എന്ന് മനോരമ വാർത്ത നൽകിയത് എന്നറിയില്ല. എല്ലാ സംവിധാനങ്ങളും ഒരേ സമയം പ്രവർത്തിച്ചു സാധ്യമായ എല്ലാ വഴികളിലൂടെയും കോട്ടയം മെഡിക്കൽ കോളജിൽ രക്ഷാപ്രവർത്തനം നടന്നിട്ടുണ്ട്. സത്യം അറിഞ്ഞ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുക എന്നതാണ് മാധ്യമ ധർമ്മം എന്നാണ് ഞാൻ മനസ്സിലാക്കിയത്. അങ്ങനെയല്ല കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും പ്രവർത്തിക്കുന്നത് എന്നുള്ളതിന്റെ തെളിവാണ് മനോരമയുടെ ഈ വാർത്ത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News