ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതി കൊണ്ടാണ് മോദി സര്‍ക്കാര്‍ വനിതാ ബില്‍ കൊണ്ടുവന്നത്; എളമരം കരീം എം പി

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതി കൊണ്ടാണ് മോദി സര്‍ക്കാര്‍ വനിതാ ബില്‍ കൊണ്ടുവന്നതെന്നും അല്ലാതെ സ്ത്രീകളെ ശാക്തീകരിക്കണമെന്ന താല്‍പ്പര്യം കൊണ്ടല്ലെന്നും സിപിഐഎം രാജ്യസഭാ നേതാവ് എളമരം കരീം രാജ്യസഭയില്‍ പറഞ്ഞു. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലും ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും തോറ്റതോടെ ബിജെപി ഭീതിയിലായി. ജനങ്ങള്‍ ഒപ്പമില്ലെന്ന് ബോധ്യപ്പെട്ടു. വനിതാ സംവരണ ബില്‍ കൊണ്ടുവരാന്‍ ബിജെപി നിര്‍ബന്ധിതമായതാണ്. അല്ലാതെ നാരി ശക്തി ബന്ധന്‍ അല്ല ലക്ഷ്യം. സിപിഐഎം ബില്ലിനെ പൂര്‍ണമായി പിന്തുണയ്ക്കുകയാണ്. ബില്‍ പാസായാലുടന്‍ വനിതാ സംവരണം നടപ്പാക്കണം. അല്ലാതെ സെന്‍സസിനും മറ്റുമായി കാക്കരുത്.

Also Read: ആനക്കയം ചേപ്പൂർ കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

യുപിഎ കാലത്ത് രാജ്യസഭ ബില്ല് പാസാക്കിയിരുന്നു. സോണിയാ ഗാന്ധിയും ബൃന്ദാ കാരാട്ടുമാണ് ബില്ലിനായി ശക്തമായി നിലകൊണ്ടത്. രാജ്യസഭാധ്യക്ഷനായിരുന്ന ഹമീദ് അന്‍സാരിയുടെ ഉറച്ച നിലപാടും നിര്‍ണായകമായി. എന്നാല്‍ ലോക്സഭയില്‍ ബില്ല് പരിഗണിക്കാനായില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലുള്ള വനിതാ സംഘടനകളുടെ ദീര്‍ഘനാളത്തെ പോരാട്ട ഫലമാണ് വനിതാ സംവരണ ബില്‍. 2014 ല്‍ വനിതാ ബില്‍ കൊണ്ടുവരുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം ഒന്നും ചെയ്തില്ല. 2019 ലും ബിജെപി ഇതേ വാഗ്ദാനം മുന്നോട്ടുവെച്ചു. എന്നാല്‍ നാലര വര്‍ഷം ഒന്നും ചെയ്തില്ല. വനിതകള്‍ക്ക് സംവരണം ലഭിക്കുമായിരുന്ന ഒമ്പതര വര്‍ഷം നിങ്ങള്‍ നഷ്ടമാക്കി.

Also Read: കോട്ടയം തീക്കോയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍;ഗതാഗതം തടസപ്പെട്ടു

മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തുകയും ചെയ്തപ്പോള്‍ ബിജെപിയുടെ വനിതാ സ്നേഹം കണ്ടില്ല. രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളെ ബിജെപി നേതാവ് കൂടിയായ ഫെഡറേഷന്‍ പ്രസിഡന്റ് ഉപദ്രവിച്ച ഘട്ടത്തിലും വനിതാ സ്നേഹമുണ്ടായില്ല. ഉന്നാവിലും കത്വയിലും ഹാഥ്രാസിലുമൊന്നും ബിജെപിയുടെ വനിതാ ശാക്തീകരണ താല്‍പ്പര്യം പ്രകടമായില്ല.

അടുത്ത സെന്‍സസിനും തുടര്‍ന്നുള്ള മണ്ഡല പുനര്‍നിര്‍ണയത്തിനും ശേഷം വനിതാ സംവരണം നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ സംവരണം നടപ്പാക്കുമോയെന്ന് ഉറപ്പില്ല. ബംഗാളില്‍ 1983 ല്‍ തന്നെ പഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കി. കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ അമ്പത് ശതമാനമാണ് സ്ത്രീ സംവരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്താണ് അവസ്ഥ– എളമരം കരീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News