സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തെപ്പറ്റി അറിയില്ല; നിര്‍മ്മാതാക്കളെ തള്ളി ഫെഫ്ക

ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സംബന്ധിച്ച സിനിമാ സംഘടനകളില്‍ ഭിന്നാഭിപ്രായം. നിര്‍മ്മാതാക്കളുടെ പരാമര്‍ശത്തില്‍ ഫെഫ്കയ്ക്ക് അതൃപ്തിയെന്ന് സൂചന. സംയുക്ത യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യമാണ് നിര്‍മ്മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്ന് ഫെഫ്ക അറിയിച്ചു. അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പൂര്‍ണമായും പിന്തുണച്ച് താരസംഘടന അമ്മ രംഗത്തെത്തി.

സിനിമാ മേഖലയിലെ ചില താരങ്ങളുടെ ലഹരി മരുന്ന് ഉപയോഗം സംബന്ധ് ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന ആഞ്ഞടിച്ചിരുന്നു. ഇത്തരക്കാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക സര്‍ക്കാരിന് കൈമാറുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഈ പട്ടിക സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് ഫെഫ്ക അറിയിച്ചു. സംയുക്ത യോഗത്തില്‍ ഈ വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നില്ല. പരാതികളും അച്ചടക്ക നടപടിയും മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന് പേരു നല്‍കിയാല്‍ തെളിവ് നല്‍കേണ്ടിവരും.

തങ്ങളുടെ അറിവോടെയല്ല വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന ഇക്കാര്യം അറിയിച്ചതെന്നും ഫെഫ്ക പറഞ്ഞു. അതേസമയം താരങ്ങളില്‍ രാസലഹരി ഉപയോഗം ഉണ്ടെന്ന് താരസംഘടന അമ്മ ആവര്‍ത്തിച്ചു.

ഇക്കാര്യത്തില്‍ ശക്തമായ നിലപാട് വേണമെന്നും അമ്മ ആവശ്യപ്പെട്ടു. അമ്മയും പ്രഡ്യൂസേഴ്‌സ് അസോസിയേഷനെ പൂര്‍ണമായും പിന്തുണച്ചതോടെ രാസലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ സംഘടനകളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളെന്നതും വ്യക്തം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News