
ഫിഫ ക്ലബ് ലോകകപ്പിലെ ദാവീദ്- ഗോലിയാത്ത് മത്സരത്തിൽ ഇത്തവണ ഗോലിയാത്തിന് ഗംഭീര ജയം. എതിരില്ലാത്ത പത്ത് ഗോളിന് ന്യൂസിലൻഡ് ക്ലബ് ഓക്ക്ലാൻഡ് സിറ്റിയെ ജർമൻ ടാങ്കായ ബയേണ്‍ മ്യൂണിക്ക് തകർത്തു. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിലാണ് ഹാരി കെയ്നിൻ്റെ ബയേൺ ഗംഭീരജയം സ്വന്തമാക്കിയത്. മുസിയാല ഹാട്രിക് അടിച്ചാണ് ഓക്ക്ലാൻഡിന് മേൽ അവസാനത്തെ ആണിയും അടിച്ചത്. വെറ്ററന്‍ താരം തോമസ് മുള്ളര്‍ ഇരട്ട ഗോളടിച്ചു.
ആറാം മിനുട്ടിൽ കിംഗ്സ്ലി കോമാന്‍ ആണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. 21-ാം മിനുട്ടിലും അദ്ദേഹം ഗോള്‍ നേടി. സാച്ച ബോയി (18), മൈക്കിള്‍ ഒലിസെ (20′, 45+3′) മുള്ളര്‍ (45′, 89′), ജമാല്‍ മുസിയാല (67, 73 (പെനാല്‍റ്റി), 84) എന്നിവരാണ് ഗോളുകൾ ചറപറ അടിച്ചത്. ഈ വിജയത്തോടെ ബയേൺ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത് ആണ്.
Read Also: പ്രോലീഗ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ; 2-3 ന് ആസ്ട്രേലിയയോട് തോറ്റു
അതേസമയം, ഗ്രൂപ്പ് ബിയിൽ സ്പാനിഷ് കരുത്തരെ മലർത്തിയടിച്ച് ഫ്രഞ്ച് പട പി എസ് ജിയും കച്ചമുറുക്കി. അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് പി എസ് ജി വൻ ജയം നേടിയത്. ചാമ്പ്യൻസ് ലീഗ് കിരീടത്തിന് തുടർച്ചയുണ്ടാകുമെന്ന പ്രതീതിയാണ് പി എസ് ജി ഉയർത്തിയത്. ഫാബിയാന്‍ റൂയിസ്, വിറ്റീഞ്ഞ, സെന്നി മയുലു, ലീ കാങ്- ഇന്‍ എന്നിവരാണ് ഗോൾ നേടിയത്. അതേസമയം, എഫ് സി പോര്‍ട്ടോ- പാല്‍മീറാസ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here