
ഫിഫ ക്ലബ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് സമനിലപ്പൂട്ട്. ഈജിപ്ഷ്യൻ ക്ലബ് അല്‍ അഹ്ലിയാണ് മെസ്സിപ്പടയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ഇരു ടീമുകളിലെയും ഗോളിമാർ കോട്ടകെട്ടി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. യു എസ് സമയം ശനി രാത്രി മിയാമി ഗാര്‍ഡന്‍സിലായിരുന്നു മത്സരം. ഇരു ടീമുകൾക്കും ഒന്ന് വീതം പോയിൻ്റ് ലഭിച്ചു.
അല്‍ അഹ്ലി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഷെനാവിയും ഇന്റര്‍ മയാമി ഗോള്‍കീപ്പര്‍ ഓസ്‌കാര്‍ ഉസ്തരിയും തകർപ്പൻ സേവുകളിലൂടെ ടീമുകളുടെ രക്ഷകരായി. മത്സരത്തിന്റെ അധികസമയത്ത് മെസിയുടെ ഉഗ്രൻ ഷോട്ട് തടുത്തത് ഷെനാവിയുടെ മികവിന് തെളിവായിരുന്നു. 43-ാം മിനുട്ടില്‍ അല്‍ അഹ്ലി ട്രെസെഗെയുടെ ഉതിർത്ത പെനാല്‍റ്റി ഷോട്ട് ഉസ്തരി തടഞ്ഞതും മികച്ച പ്രകടനമായി. ഉസ്തരിയാണ് സുപ്പീരിയർ പ്ലെയർ ഓഫ് ദ മാച്ച്. ആദ്യ പകുതിയിൽ സന്ദർശകർക്കായിരുന്നു ആധിപത്യം.
Read Also: 2026 ലെ ടി20 ലോകകപ്പ്: സന്നാഹ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ: സഞ്ജു ടീമിലിടം പിടിക്കുമോ?
രണ്ടാം പകുതിയില്‍ ഇന്റര്‍ മിയാമി തിരിച്ചുവന്ന് അവസരങ്ങള്‍ തുടരത്തുടരെ സൃഷ്ടിച്ചു. 64-ാം മിനുട്ടില്‍ മെസിയുടെ ഫ്രീ കിക്ക് വലയുടെ പുറത്തുകൂടി പോയി. ഫാഫ പിക്കോള്‍ട്ടിന്റെ ഹെഡര്‍ ആകട്ടെ ബാറിന് മുകളിലൂടെ പറക്കുകയും ചെയ്തു. അവസാന നിമിഷങ്ങളിൽ മെസിയുടെ അത്യുഗ്രൻ ഷോട്ട് അൽ അഹ്‌ലി കീപ്പർ വിരൽത്തുമ്പ് കൊണ്ട് ക്രോസ്ബാറിലേക്ക് തട്ടിമാറ്റുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here