
ലോക ഫുട്ബോൾ പ്രേമികളെ ആവേശത്തിലാക്കുന്ന ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് നാളെ യു എസിൽ തുടക്കം. ലയണൽ മെസിയുടെ ഇന്റര്‍ മയാമിയും ഈജിപ്ഷ്യൻ ക്ലബ് അല്‍ അഹ്ലിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യൻ സമയം പുലര്‍ച്ച 5.30-നാണ് കിക്കോഫ്. ടൂര്‍ണമെന്റ് ഒരു മാസം നീണ്ടുനില്‍ക്കും. നാളെ രാത്രി 9.30-ന് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും ന്യൂസീലന്‍ഡ് ടീം ഓക്ലന്‍ഡ് സിറ്റിയും ഏറ്റുമുട്ടും. അതേസമയം, സ്പാനിഷ് വമ്പന്മാരായ ബാഴ്സയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ലാമിൻ യമാൽ, മുഹമ്മദ് സല തുടങ്ങിയ സൂപ്പർ താരങ്ങളുമുണ്ടാകില്ല. ഇവരുടെ ടീമുകൾ യോഗ്യത നേടാനാകാത്തതാണ് കാരണം.
ആറ് ഭൂഖണ്ഡങ്ങളിൽ നിന്നായി 32 ടീമുകൾ പങ്കെടുക്കുന്ന രീതിയിൽ പരിഷ്കരിച്ചിരിക്കുകയാണ് ഇത്തവണ ക്ലബ് ലോകകപ്പ്. യൂറോപ്പില്‍ നിന്ന് 12 ടീമുകളുണ്ട്. തെക്കേ അമേരിക്കയില്‍ നിന്ന് ആറും ആഫ്രിക്ക, ഏഷ്യ, കോണ്‍കകാഫ് എന്നിവിടങ്ങളില്‍ നിന്ന് നാലും വീതം ടീമുകളുണ്ട്. ഓഷ്യാനിയയില്‍ നിന്ന് ഒരു ടീമാണ്. യു എസിലെ 11 നഗരങ്ങളിലെ 12 വേദികളിലായിട്ടാണ് മത്സരങ്ങള്‍.
മെസിക്ക് പുറമെ കിലിയന്‍ എംബാപ്പെ, വിനീഷ്യസ്, ഹാരി കെയ്ന്‍, എര്‍ലിങ് ഹാളണ്ട്, ഒസുമാനെ ഡെംബലെ, തിയാഗോ സില്‍വ, സെര്‍ജി റാമോസ്, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ കളിക്കാനെത്തും. ജൂലായ് 13-നാണ് കിരീടപോരാട്ടം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here