
ലോകം കാറ്റ് നിറച്ച വികാരത്തിന് പിന്നാലെ കുതിച്ച് പായുകയാണ്. ഓരോ കൂടിച്ചേരലുകളിലും ഫുട്ബോളെന്ന മഹത്തായ കായികരൂപം ചർച്ചാ വിഷയമാണ്. ഫുട്ബോൾ എന്ന സംസ്കാരം ഇന്ന് പലരുടേയും ജീവിതത്തിൻ്റെ ഭാഗമാണ്. അതിർവരമ്പുകളില്ലാത്ത ജാതിയുടേയോ മതത്തിന്റേയോ വേർതിരിവുകളില്ലാത്ത വലിയ ലോകമാണ് ഫുട്ബോൾ ലോകം. എന്നാൽ ഇത്തവണ ഫിഫ വേൾഡ് കപ്പ് വേദിയിൽ അരങ്ങേറിയ രാഷ്ട്രീയ പ്രകടനങ്ങൾ ലോകം കണ്ടു. അത് നേരിൻ്റെ രാഷ്ട്രീയമായിരുന്നോ? ജനാധിപത്യത്തിന്റെ രാഷ്ട്രിയമായിരുന്നോ? അമേരിക്കയിലാണ് ഇത്തവണ വേൾഡ് കപ്പ് നടക്കുന്നത്. തങ്ങൾക്കെതിരെ നിൽക്കുന്ന എല്ലാ രാജ്യങ്ങളേയും ഇല്ലാതാക്കാൻ ശ്രമം നടത്തുന്ന അമേരിക്കയിൽ. ഇതാ ഫുട്ബോളിൻ്റെ ജനാധിപത്യത്തെ കൊല്ലുന്ന ഒരു വാർത്ത കൂടി ഫിഫ വേദിയിൽ നിന്നും വരുന്നു. യു എസ് താരം ബലോഗൻ്റെ സസ്പെൻഷൻ പിൻവലിച്ചതായ വാർത്ത. ഡൊണാൾഡ് ട്രംപിൻ്റെ രാഷ്ട്രീയ പകപോക്കലുകൾക്ക് ശേഷം ഉണ്ടായിട്ടുള്ള മറ്റൊരു സംഭവമാണിതെന്ന ആരോപണങ്ങൾ ഏറെയാണ്. കാരണം ബലോഗൻ അമേരിക്കയുടെ ആത്മ വിശ്വസമായിരുന്നു.
ബോസ്നിയ ആൻ്റ് ഹെർസഗോവ്നിയയുമായുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് നേടി ഗ്രൗണ്ടിൽ നിന്നും ഇറങ്ങിയ താരമാണ് ഫോളറിൻ ബലോഗൻ. ഇപ്പോഴിതാ പ്രീ ക്വാട്ടറിൽ ബെൽജിയത്തെ നേരിടാൻ ഒരുങ്ങുകയാണ് യു എസ് എ. അതിന് മുന്നെയാണ് ഫിഫയുടെ നീക്കം അതും ചട്ടങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട്. ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്‌പെൻഷൻ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്നാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ഫിഫയുടെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് മറ്റ് രാജ്യങ്ങളിൽ നിന്നും ഉയർന്ന് വരുന്നത്. റോയൽ ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ വിഷയത്തെ നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ്.
Also read: വിംബിൾഡൺ: റോജർ ഫെഡററിന്റെ റെക്കോർഡ് പഴങ്കഥയാക്കി നൊവാക് ജോക്കോവിച്ച്
അമേരിക്കയിലേക്ക് വേൾഡ് കപ്പ് മത്സരങ്ങൾ എത്തിയ നാൾ തൊട്ട് ലോകം ഏറ്റുപറയുന്ന മറ്റൊരു സംഭവമുണ്ട്. ഹിറ്റ്ലറുടെ ഒളിമ്പിക്സ്… ജനങ്ങളെ കൊല്ലാക്കൊല ചെയ്ത നാസി ഭരണകൂടത്തിന് സ്വന്തം മുഖത്തെ വെള്ള പൂശാനുള്ള അവസരമായിരുന്നു അത്. ജൂതർക്കെതിരെയുള്ള എല്ലാ നടപടികളും അവർ അല്പനാൾ മാറ്റി വെച്ചു. ലോകത്തിന് മുന്നിൽ കായിക- രാഷ്ട്രീയ തന്ത്രത്തിലൂടെ സമാധാനത്തിൻ്റെ മുഖം മൂടി അണിയുകയായിരുന്നു അന്ന് ജർമനിയുടെ ലക്ഷ്യം. ഇന്ന് അമേരിക്കയുടെ ലക്ഷ്യവും അത് തന്നെയാണോ? ട്രംപ് മറ്റൊരു ഹിറ്റ്ലർ തന്നെയല്ലേ…ഏകാധിപതിയായ ഹിറ്റ്ലർ ലോകകപ്പിനേയും തൻ്റെ കൈക്കുള്ളിൽ ഒതുക്കാനുള്ള നീക്കമാണോ?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

