കീവികളെ പറപ്പിച്ച് ബെൽജിയം; ഇറാനെ സമനിലയിൽ തളച്ച് ഈജിപ്തും നോക്കൗട്ടിൽ

bel_nz

വാൻകൂവർ: സൂപ്പർതാരം ടോസാർഡിന്‍റെ എണ്ണംപറഞ്ഞ ഇരട്ടഗോളുകൾ ഉൾപ്പടെ ബെൽജിയം പായിച്ച അഞ്ച് ഗോളുകൾക്ക് മുന്നിൽ ന്യൂസിലാൻഡ് പതറിപ്പോയി. ലോകകപ്പിലെ ഗ്രൂപ്പ് ജിയിൽനിന്ന് ബെൽജിയവും ഈജിപ്തും നോക്കൗട്ടിൽ കടന്നു. ഇന്ന് നടന്ന നിർണായക മത്സരങ്ങളിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ചാണ് ബെൽജിയം റൗണ്ട് ഓഫ് 32ൽ ഇടംനേടിയത്. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തോൽപ്പിച്ചാണ് ബെൽജിയത്തിന്‍റെ കുതിപ്പ്. ടൊസാർഡിന്‍റെ ഇരട്ടഗോളുകളും കെവിൻ ഡിബ്രുയിൻ, ലുകാകു, അലക്സിസ് സെലെസ്മേക്കേഴ്സ് എന്നിവരുടെ ഗോളുകളുമാണ് ബെൽജിയത്തിന് വൻ ജയം സമ്മാനിച്ചത്.

അതേസമയം അത്യന്തം ആവേശകരമായ മത്സരത്തിൽ ഇറാനെ സമനിലയിൽ തളച്ചാണ് ഈജിപ്ത് മുന്നേറിയത്. ഈജിപ്തിനുവേണ്ടി അഞ്ചാം മിനിട്ടിൽ മഹ്‌മൂദ് സാബിറും ഇറാന് വേണ്ടി 14ആം മിനിട്ടിൽ റെമിൻ റെസിയാനും ലക്ഷ്യംകണ്ടു. ഇതോടെ ഗ്രൂപ്പ് ജിയിൽ ഈജിപ്തിനും ബെൽജിയത്തിന് 5 പോയിന്‍റ് വീതമായി. ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള ബെൽജിയമാണ് ഗ്രൂപ്പ് ജേതാക്കൾ.

കളംനിറഞ്ഞ് കളിച്ച് ബെൽജിയം

കാൽപ്പന്ത് കളിയിലെ കരുത്ത് കളിത്തട്ടിൽ പുറത്തെടുത്ത പ്രകടനമാണ് ബെൽജിയം പുറത്തെടുത്തത്. ആദ്യ 30 മിനിട്ട് പന്തടക്കത്തിലും ആക്രമണത്തിലും സമ്പൂർണ ആധിപത്യമാണ് അവർ പുലർത്തിയത്. ടോസാർഡും ഡോകുവും നടത്തിയ നിരന്തര ആക്രമണത്തിന് മുന്നിൽ കോട്ടകെട്ടി പിടിച്ചുനിൽക്കുകയായിരുന്നു ന്യൂസിലാൻഡ്. എന്നാൽ 28ആം മിനിട്ടിൽ സൂപ്പർതാരം കെവിൻ ഡി ബ്രൂയിൻ എടുത്ത കോർണറിൽനിന്നാണ് ടൊസാർഡ് ആദ്യ ഗോൾ നേടിയത്. തുടർന്നും ബെൽജിയം ആക്രമണം തുടർന്നു. ചില നല്ല അവസരങ്ങൾ ടൊസാർഡിനും ഡോക്കുവിനും ലഭിച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു. ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ടൊസാർഡ് വീണ്ടും ലക്ഷ്യം കാണുകയായിരുന്നു. ഹാൻസ് വനാകെന്‍റെ പാസിൽനിന്ന് ന്യൂസിലാൻഡിലെ പ്രതിരോധത്തിലെ വീഴ്ച മുതലെടുത്താണ് ഇത്തവണ ടൊസാർഡ് പന്ത് വലയിലാക്കിയത്. രണ്ടു ഗോൾ വഴങ്ങിയതോടെ, ഏതുവിധേനയും ഗോൾ മടക്കാൻ ന്യൂസിലാൻഡ് കിണഞ്ഞുപരിശ്രമിച്ചു. എന്നാൽ 66ആം മിനിട്ടിൽ ബെൽജിയം ലീഡ് ഉയർത്തി. ടൊസാർഡിന്‍റെ പാസിൽനിന്നാണ് ഡിബ്രുയിൻ ലക്ഷ്യം കണ്ടത്. മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും വെറ്ററൻ താരം ഡിബ്രുയിന് ലക്ഷ്യം കാണാൻ 66 മിനിട്ട് വരെ കാത്തിരിക്കേണ്ടിവന്നു.

84ആം മിനിട്ടിൽ ന്യൂസിലാൻഡിന്‍റെ ആശ്വാസഗോൾ വന്നു. എലിജ ജസ്റ്റിലൂടെയാണ് കീവികൾ ലക്ഷ്യം കണ്ടത്. ജെസ്സെ റൻഡാൾ എടുത്ത കോർണർ കിക്കിൽനിന്നാണ് ജസ്റ്റ് ലക്ഷ്യം കണ്ടത്. എന്നാൽ പകരക്കാരനായി ഇറങ്ങിയ ലുകാകു രണ്ട് മിനിട്ടനകം ബെൽജിയത്തിന്‍റെ ലീഡ് ഉയർത്തി, സ്കോർ 4-1 ആയി. അതുകൊണ്ടും ബെൽജിയം ആക്രമണം അവസാനിപ്പിച്ചില്ല. അലക്സിസ് സെലെസ്മേക്കേഴ്സിലൂടെ ബെൽജിയം പട്ടിക തികച്ചു. ഇഞ്ചുറി ടൈമിന്‍റെ നാലാം മിനിട്ടിലായിരുന്നു ഈ ഗോൾ പിറന്നത്.

ഈജിപ്തും ഇറാനും പൊരിഞ്ഞ പോരാട്ടം

അൺലക്കി ഇറാൻ- ഈജിപ്തിനെതിരായ ഇറാന്‍റെ പോരാട്ടത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇഞ്ചുറിടൈമിൽ ജയം ഉറപ്പിച്ച ഗോൾ നേടിയെങ്കിലും വാർ ചെക്കിൽ അത് ഗോൾ അല്ലാതായി. തുടരെത്തുടരെ നടത്തിയ ആക്രമണങ്ങൾക്ക് മുന്നിൽ ഈജിപ്ത് ഗോളിയും ക്രോസ് ബാറും വിലങ്ങുതടിയായി നിന്നപ്പോൾ ഇറാന് സമനില വഴങ്ങേണ്ടിവന്നു. മൂന്ന് പോയിന്‍റുമായി മൂന്നാമതായതോടെ, ഇറാൻ ലോകകപ്പിൽനിന്ന് പുറത്തായി.

Also Read- ഫിഫ ലോകകപ്പ് 2026: സ്പെയിനിനോട് തോറ്റ ഉറുഗ്വായ് നോക്കൗട്ട് യോഗ്യത നേടാതെ പുറത്ത്

ഒന്നിനൊന്ന് മികച്ച പ്രകടനം ഈജിപ്തും ഇറാനും പുറത്തെടുത്തതോടെ ലോകകപ്പിലെ മറ്റൊരു ആവേശ പോരാട്ടമായി ഈ മത്സരം മാറി. കളിയുടെ തുടക്കത്തിൽ തന്നെ ഈജിപ്ത് മുന്നിലെത്തിയെങ്കിലും പത്ത് മിനിട്ടിനകം ഗോൾ മടക്കി ഇറാൻ തിരിച്ചുവന്നു. സൂപ്പർതാരം മുഹമ്മദ് സലായുടെ ഒരു എണ്ണംപറഞ്ഞ ക്രോസ്-കം-ഷോട്ട് ഇറാൻ ഗോൾകീപ്പർ അലിറേസ ബെയ്‌റാൻവാണ്ട് തടുക്കാൻ ശ്രമിച്ചെങ്കിലും അവസരം മുതലെടുത്ത് സാബിർ ഗോൾ നേടുകയായിരുന്നു. 11ആം മിനിട്ടിൽ ഇറാന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും മെഹ്ദി തരേമി എടുത്ത കിക്ക് ഈജിപ്ഷ്യൻ ഗോളി രക്ഷപ്പെടുത്തി. ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇത് മൂന്ന് തവണയാണ് പെനാറ്റി നഷ്ടപ്പെടുത്തിയതിന് സാക്ഷിയാകുന്നത്. എന്നാൽ റെസിയാനിലൂടെ 14ആം മിനിട്ടിൽ ഇറാൻ തിരിച്ചടിച്ചു. മിലാദ് മൊഹമ്മദിയുടെ ഗോൾശ്രമത്തിനൊടുവിലാണ് അപ്രതീക്ഷിതമായി പന്ത് ലഭിച്ച റെസിയാൻ ലക്ഷ്യം കണ്ടത്.

തുടർന്നും ഇരു ടീമുകളും ആക്രമിച്ചുതന്നെയാണ് മുന്നേറിയത്. എന്നിരുന്നാലും മുൻതൂക്കം ഈജിപ്തിനായിരുന്നു. ആദ്യപകുതി 1-1ന് അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ സർവശക്തിയുമെടുത്ത് ആക്രമിച്ചെങ്കിലും ഇറാന് നിർഭാഗ്യം വിനയായി. ഇഞ്ചുറി ടൈമിലെ ഗോളിൽ വിജയാഘോഷം നടത്തിയെങ്കിലും വാർ ചെക്കിൽ അത് ഓഫ് സൈഡായി. തുടർന്നും ഒന്നാന്തരം അവസരങ്ങൾ ലഭിച്ചെങ്കിലും ക്രോസ് ബാർ ഉൾപ്പടെ ഇറാന് ഗോൾ നിഷേധിച്ചു. ഇതോടെ ഈജിപ്ത് അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News