
ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇന്ന് രാവിലെ നോർവേക്കെതിരെ കളിക്കാനിറങ്ങുന്ന ഐവറി കോസ്റ്റിന്റെ വജ്രായുധമാവുക ക്രൈസ്റ്റ് ഇനോ ഔലൈ ആവുമെന്നതിൽ സംശയമില്ല. തുർക്കിയിലെ ട്രെബിസോൺസ്പോർ ക്ലബ്ബിന്റെ മധ്യനിര താരമായ ഈ ഇരുപതുകാരൻ അറിയപ്പെടുന്നത് തന്നെ ഐവറി കോസ്റ്റിന്റെ ഇനിയേസ്റ്റ എന്നാണ്. പ്രീക്വാർട്ടർ സ്വപ്നവുമായി വരുന്ന ഹാളണ്ടിനെയും കൂട്ടുകാരെയും വിറപ്പിക്കാൻ പി എസ് ജി നോട്ടമിട്ടു കഴിഞ്ഞ ഈ താരത്തിനാവും.
നഗ്നപാദനായി കളിച്ച ബാല്യം
ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിദ്ജാനിൽ ജനിച്ച ക്രൈസ്റ്റ് മാതാപിതാക്കളുടെ പന്ത്രണ്ട് മക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു. മുൻ ഫ്രഞ്ച് താരമായ ജീൻ-മാർക്ക് ഗില്ലൂ നടത്തുന്ന ഫുട്ബോൾ അക്കഡമിയിൽ എത്തുമ്പോൾ താരത്തിന്റെ പ്രായം വെറും പന്ത്രണ്ട്. ജീൻ-മാർക്ക് ഗില്ലൂവിന്റെ അക്കാഡമിയിൽ ഒരു രസകരമായ നിയമം ഉണ്ടായിരുന്നു. കുട്ടികൾ ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിക്കേണ്ടത് ബൂട്ട് ഇടത്തെ നഗ്നപാദരായി കളിച്ച് ആകണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു. അതനുസരിച്ചു തന്റെ മുൻഗാമികളെ പോലെ ക്രൈസ്റ്റും ചുവന്ന മണ്ണിൽ ബൂട്ട് കെട്ടാതെ കളിച്ചു വളർന്നു. ആറു കൊല്ലങ്ങൾക്ക് ശേഷം അക്കാദമി വിടുമ്പോൾ കാലിൽ ബൂട്ടുകൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് , ലോക നിലവാരമുള്ള ഒരു താരമാവാനുള്ള എല്ലാ കഴിവുകളും അദ്ദേഹം സ്വായത്തമാക്കിയിരുന്നു.
അന്താരാഷ്ട്ര പ്രശസ്തിയിലേക്ക്
അവിടെനിന്നും ക്രൈസ്റ്റിന്റെ വളർച്ച അതിവേഗം ആയിരുന്നു. ആ താരത്തിന്റെ പ്രതിഭ ലോകം ആദ്യം അറിഞ്ഞത് അഫ്‌കോൺ കപ്പിൽ ആയിരുന്നു. കഴിഞ്ഞ വര്ഷം ഗാബോണിനെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിൽ രണ്ടു ഗോളുകൾക്ക് ടീം പിന്നിലായപ്പോൾ കളത്തിലിറങ്ങിയ താരം ടീമിന്റെ 3-2 സ്കോറിലുള്ള ജയത്തിൽ പ്രധാന പങ്കു വഹിച്ചു. ടൂർണമെന്റ് അവസാനിച്ചപ്പോഴേക്കും പകരക്കാരനിൽ നിന്നും ടീമിന്റെ നേടും തൂണായി ആ യുവാവ് വളർന്നിരുന്നു.
Also Read:മാസ്സ് ആയി മഞ്ഞപ്പട: ജപ്പാനെ തകർത്ത് ബ്രസീൽ ലോകകപ്പ് പ്രീക്വാർട്ടറിൽ
ലോകകപ്പിലും ടീമിന്റെ നെടുംതൂണാകാൻ ഇതുവരെ ക്രൈസ്റ്റിനു കഴിഞ്ഞു. ജർമനിക്കെതിരായ മത്സരത്തിലുൾപ്പടെ മികച്ച പ്രകടനമാണ് താരം നടത്തിയത്. ജർമനിക്കെതിരെ പാസുകളിൽ 90 ശതമാനം കൃത്യതയോടെ അദ്ദേഹം പൂർത്തിയാക്കി. 14 ഡ്യുവലുകളിൽ 10 എണ്ണത്തിലും അദ്ദേഹം വിജയിച്ചു. മത്സരത്തിൽ അദ്ദേഹം നേടിയ അഞ്ചിൽ അഞ്ചു ഡ്രിബിളുകൾ ഒരൊറ്റ ലോകകപ്പ് മത്സരത്തിൽ 21 വയസ്സിന് താഴെയുള്ള ഏതൊരു കളിക്കാരനും നേടുന്ന ഏറ്റവും ഉയർന്ന ഡ്രിബിൾ കംപ്ലീഷൻ ടോട്ടൽ ആയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

