
1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ വിഖ്യാതമായ ‘ദൈവത്തിന്‍റെ കൈ’ ഗോൾ ആർക്കാണ് മറക്കാനാകുക. ഇത്തവണ ലോകകപ്പിൽ അതുപോലെ ഒരു സംഗതി നടന്നിട്ടുണ്ട്. ഇംഗ്ലണ്ടും മെക്സിക്കോയും തമ്മിലുള്ള പ്രീ-ക്വാർട്ടർ മത്സരത്തിൽ ‘ദൈവത്തിന്‍റെ കാൽ’ മെക്സിക്കോയുടെ ഗോളെന്ന് ഉറച്ച ഷോട്ട് നിഷ്പ്രഭമാക്കി. രണ്ട് ഗോളടിച്ച് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ച ജൂഡ് ബെല്ലിങ്ഹാമിന്‍റെ കാൽ ആണ് രക്ഷയായി മാറിയത്.
മെക്സിക്കോ നായകൻ സീസർ മോണ്ടെസ് ഗോൾ നേടിയെന്ന് ഉറപ്പിച്ച ഷോട്ടായിരുന്നു അത്. ഒരു കോർണർ കിക്ക് റൗൾ ജിമെനെസ് ഗോൾ പോസ്റ്റിന് മുന്നിൽവെച്ച് ഫ്ലിക്ക് ചെയ്തപ്പോൾ, പന്ത് എത്തിയത് മോണ്ടെസിലേക്ക്. പന്ത് നിയന്ത്രണത്തിലാക്കി ഗോൾ പോസ്റ്റിലേക്ക് തിരിച്ചുവിടാൻ വളരെ ആയാസരഹിതമായ ഒരു ടച്ച് മാത്രം മതിയായിരുന്നു. ഗ്യാലറികൾ നിറഞ്ഞ മെക്സിക്കൻ ആരാധകർ ഗോളെന്ന് ഉറച്ച് ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ മോണ്ടെസ് ചിന്തിക്കുന്നതിന് മുമ്പ് ഒരു കാൽ നീണ്ടുവന്ന് ആ പന്ത് പുറത്തേക്ക് തട്ടിക്കളഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ മോണ്ടെസിന് കുറച്ചധികം സമയമെടുത്തിട്ടുണ്ടാകും, തീർച്ച.
വളരെ മനോഹരമായ ഒരു ഹാഫ് ടാക്കിൾ, ഹാഫ് ക്ലിയറൻസിലൂടെയാണ് ഇവിടെ ബെല്ലിങ്ഹാം അവസരത്തിനൊത്ത് ഉയർന്നത്. വളരെ കൃത്യമായി പന്തിലേക്ക് ടച്ച് ചെയ്യാനായില്ലെങ്കിൽ, പെനാൽറ്റി വഴങ്ങാനുള്ള സാധ്യതയും ഏറെയായിരുന്നു. എന്നാൽ ഒരു പിഴവും കൂടാതെ ബെല്ലിങ്ഹാം ഇംഗ്ലണ്ടിനെ അക്ഷരാർഥത്തിൽ രക്ഷപ്പെടുത്തുകയായിരുന്നു.
ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത്(45′ + 4′) മെക്സിക്കോ 1-2ന് പിന്നിട്ടുനിൽക്കുമ്പോഴാണ് ബെല്ലിങ്ഹാമിന്‍റെ അത്ഭുകരമായ രക്ഷപ്പെടുത്തൽ സംഭവിക്കുന്നത്. മാർക്ക് ചെയ്യപ്പെടാതെ നിന്ന മോണ്ടെസിന് മുന്നിൽ ഗോൾ പോസ്റ്റ് മാത്രമാണുണ്ടായിരുന്നത്. ഉറപ്പായും ഗോളാക്കാമായിരുന്ന അവസരമാണ് ബെല്ലിങ്ഹാം തല്ലിക്കെടുത്തിയത്. ഇത് ഗോളായിരുന്നെങ്കിൽ ഒരുപക്ഷെ മത്സരഫലം മറ്റൊന്നാകുമായിരുന്നു.

തിങ്ങിനിറഞ്ഞ് ആർപ്പുവിളിച്ച ആരാധകർക്ക് മുന്നിൽ പന്തുതട്ടിയ മെക്സിക്കോയെ 96 സെക്കൻഡ് വ്യത്യാസത്തിൽ രണ്ട് ഗോളുകൾ നേടി പിന്നിലാക്കാൻ നേരത്തെ ജൂഡ് ബെല്ലിങ്ഹാമിന് സാധിച്ചിരുന്നു. ഈ മത്സരത്തിൽ ഡീഗോ മറഡോണയുടെ ഒരു നേട്ടത്തിനൊപ്പമെത്താനും ബെല്ലിങ്ഹാമിന് സാധിച്ചു. ചരിത്രപ്രസിദ്ധമായ ആസ്ടെക്ക സ്റ്റേഡിയത്തിൽ ഒരു ലോകകപ്പ് മത്സരത്തിൽ ഇരട്ടഗോൾ എന്ന മറഡോണയുടെ നേട്ടത്തിനൊപ്പമാണ് ബെല്ലിങ്ഹാമും എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

