
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കാനഡയും ബോസ്നിയ-ഹെർസഗോവിനയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു.മത്സരത്തിന് മുന്നോടിയായി മൈക്കൽ ബൂബ്ലെ, നോറ ഫത്തേഹി എന്നിവർ അണിനിരന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ് ടൊറന്റോയിൽ പന്തുരുണ്ടത്. പരുക്കേറ്റ ക്യാപ്റ്റൻ അൽഫോൻസോ ഡേവിസ് ഇല്ലാതെയാണ് കാനഡ മത്സരത്തിനിറങ്ങിയത്.
സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ ലോകകപ്പ് മത്സരം കളിക്കുന്ന ആവേശത്തിൽ കാനഡയാണ് കളി നിയന്ത്രിച്ചത്. ടാജോൺ ബുക്കാനനും ജോനാഥൻ ഡേവിഡും ചേർന്ന് ആദ്യ നിമിഷങ്ങളിൽ തന്നെ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും മുന്നേറ്റത്തിലെ പോരായ്മകൾ കാരണം ലക്ഷ്യം കാണാനായില്ല. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി 21-ാം മിനിറ്റിൽ ബോസ്നിയ സ്റ്റേഡിയത്തെ നിശബ്ദമാക്കി. മുൻ ആഴ്സണൽ താരം സീഡ് കൊളാസിനാക് എടുത്ത കോർണർ കിക്ക് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ സ്ട്രൈക്കർ ജോവോ ലൂക്കിച്ച് കാനഡയുടെ വലയിലെത്തിക്കുകയായിരുന്നു.
Also Read: ഫിഫ ലോകകപ്പ് 2026: കാനഡയെ ഞെട്ടിച്ച് ബോസ്നിയ-ഹെർസഗോവിന; ആതിഥേയർ ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ
രണ്ടാം പകുതിയിൽ ഗോൾ മടക്കാനായി കാനഡ കനത്ത ആക്രമണമാണ് ബോസ്നിയയുടെ ഗോൾമുഖത്തേക്ക് നടത്തിയത്. ലിയാം മില്ലറുടെ മുന്നേറ്റത്തിന് പിന്നാലെ റിച്ചി ലര്യേ എടുത്ത ഷോട്ട് ഗോൾകീപ്പറെയും മറികടന്ന് വലയിലേക്ക് നീങ്ങിയെങ്കിലും ബോസ്നിയൻ താരം കൊളാസിനാക് ഗോൾലൈനിൽ വെച്ച് പന്ത് ക്രോസ്സ്ബാറിലേക്ക് തട്ടിമാറ്റി. തുടർന്ന് കാനഡ കോച്ച് ജെസ്സി മാർഷ് ആക്രമണ നിരയിൽ മൂന്ന് മാറ്റങ്ങൾ വരുത്തി. 75-ാം മിനിറ്റിൽ ഒലുവസെയിക്ക് പകരം കൈൽ ലാരിൻ കളത്തിലിറങ്ങി.പകരക്കാരനായി വന്ന് വെറും മൂന്ന് മിനിറ്റിനുള്ളിൽ പ്രോമിസ് ഡേവിഡിന്റെ അസിസ്റ്റിൽ നിന്നും കൈൽ ലാരിൻ ബോക്സിന്റെ മധ്യത്തിൽ നിന്നും തൊടുത്ത ക്ലിനിക്കൽ ഷോട്ട് ബോസ്നിയൻ വലയുടെ താഴെ വലതുമൂലയിലേക്ക് തുളച്ചുകയറി. മുൻപ് കളിച്ച ആറ് ലോകകപ്പ് മത്സരങ്ങളിലും പരാജയപ്പെട്ട കാനഡ ലോകകപ്പിൽ നേടുന്ന ആദ്യ പോയിന്റാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

