
ഫിഫ ലോകകപ്പ് ഫുട്‌ബോളിനു പന്തുരുളാന്‍ ഇനി ആഴ്ചകള്‍ മാത്രം. ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് ലോകകപ്പുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന ഒരു കാര്യത്തിലെ ആശങ്ക ഇപ്പോള്‍ നീങ്ങുന്ന സ്ഥിതിവിശേഷമാണ് ഉടലെടുക്കുന്നത്. അത് മറ്റൊന്നുമല്ല. ലോകകപ്പ് ടെലിവിഷനില്‍ കാണുന്നതായിരുന്നു. ലോകകപ്പ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച ഇപ്പോള്‍ അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്നുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. വൈകാതെ ഇന്ത്യയിലെ സംപ്രേഷണം സംബന്ധിച്ച അനിശ്ചിതത്വം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിയോ ഹോട്ട്സ്റ്റാറാണ് സംപ്രേഷണാവകാശം ഏറ്റെടുക്കാന്‍ ഫിഫയുമായി പ്രധാനമായി ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച് രണ്ടു തവണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. വൈകാതെ അന്തിമതീരുമാനം വരുന്നമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 20 മില്യണ്‍ ഡോളറാണ് ജിയോ ഹോട്ട്സ്റ്റാര്‍ മുന്നോട്ടുവെക്കുന്ന തുക. ഈ തുക കുറവാണെന്നാണ് ഫിഫ ഇതുവരെ സ്വീകരിച്ച നിലപാട്. എന്നാല്‍ മത്സരം തുടങ്ങാന്‍ ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തില്‍ ഈ തുക സ്വീകരിക്കാന്‍ ഫിഫ തയ്യാറാകുമെന്നാണ് സൂചന. ലോകകപ്പിന്റെ സംപ്രേഷണത്തിനായി 100 മില്യണ്‍ ഡോളറാണ് ഫിഫ തുടക്കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്രയും ഭീമമായ തുക മുടക്കാന്‍ ആരും തയ്യാറാകാത്തതിനെത്തുടര്‍ന്ന് 35 മില്യണ്‍ ഡോളറായി കുറച്ചെങ്കിലും കമ്പനികള്‍ എത്തിയില്ല. ഇതോടെയാണ് വീണ്ടും തുകയില്‍ ഇളവ് വരുത്താന്‍ ഫിഫ ഒരുങ്ങുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് ഫിഫ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Also Read: ക്യാപ്റ്റനുമില്ല, വൈസ് ക്യാപ്റ്റനുമില്ല; ആര്‍.സി.ബി.ക്കെതിരെ മുംബൈയെ ആരു നയിക്കും?
ഇത്തവണ ജൂണ്‍ 11നാണ് ലോകകപ്പിനു തുടക്കം കുറിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങള്‍ സംയുക്തമായാണ് ഇക്കുറി ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. ആദ്യമായി 48 ടീമുകള്‍ അരങ്ങേറുന്ന ലോകകപ്പാണ് ഇത്തവണത്തേത്. ഇതുവരെ 32 ടീമുകള്‍ മാത്രമായിരുന്നു ലോകകപ്പില്‍ പങ്കെടുത്തിരുന്നത്. ജൂലായ് 19 വരെ ലോകകപ്പ് നീണ്ടുനില്‍ക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

