ലോകകപ്പ് ആവേശം പോസ്റ്ററിലാക്കാം; വിജയികളെ കാത്തിരിക്കുന്നത് ലക്ഷങ്ങൾ, അവാർഡുകൾക്കായി ലാവ’കോം എൻട്രികൾ ക്ഷണിച്ചു

FIFA World Cup 2026 Poster Competition

ഫിഫ വേള്‍ഡ് കപ്പ് 2026നോടനുബന്ധിച്ച് കോമണ്‍ ഗ്രൗണ്ട് ഫിഫ വേള്‍ഡ് കപ്പ് 2026 അന്താരാഷ്ട്ര പോസ്റ്റര്‍ അവാര്‍ഡുകള്‍ക്കായി ലാവ’കോം (ലബോറട്ടറി ഓഫ് വിഷ്വല്‍ ആര്‍ട്ട് കമ്മ്യൂണ്‍) എന്‍ട്രികള്‍ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള സര്‍ഗ്ഗപ്രതിഭകള്‍ക്ക്, ഫിഫ വേള്‍ഡ് കപ്പ് 2026-ന്റെ സത്തയും സംസ്‌കാരവും ഫുട്ബോളിന്റെ കൂട്ടായ ഊര്‍ജ്ജവും പ്രതിഫലിപ്പിക്കുന്ന, പോസ്റ്റര്‍ എന്ന മാധ്യമത്തിലൂടെയുള്ള സര്‍ഗ്ഗ പ്രതികരണങ്ങള്‍ സമര്‍പ്പിക്കാനാവും. മൊത്തം 101 പോസ്റ്ററുകളാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കുക. ജൂറി തിരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്ക് യഥാക്രമം 10,00,000, 5,00,000, 2,50,000 രൂപ അവാര്‍ഡുകള്‍ ലഭിക്കും. 2026 ജൂലൈ ആറിനാണ് പോസ്റ്ററുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. തിരഞ്ഞെടുത്ത എല്ലാ യഥാര്‍ത്ഥ കൃതികളും ഇനിപ്പറയുന്ന വിലാസത്തിലേക്ക് അയയ്ക്കണം:

മേത്തര്‍ സ്‌ക്വയര്‍, സേവ്യര്‍ അറക്കല്‍ റോഡ്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍, എറണാകുളം നോര്‍ത്ത്, കച്ചേരിപ്പടി, എറണാകുളം.

ALSO READ: കോഹ്‌ലി അന്ന് പറഞ്ഞതെന്ത്? വെളിപ്പെടുത്തി വൈഭവ് സൂര്യവംശി

കൃതികളുടെ ഡിജിറ്റല്‍ ഫയലുകള്‍ awards@lavacom.org എന്ന വിലാസത്തില്‍ മെയില്‍ വഴി സമര്‍പ്പിക്കാം. ജൂലൈ 13ന് വിജയികളെ പ്രഖ്യാപിക്കും. ഫിഫ വേള്‍ഡ് കപ്പ് 2026-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ പദ്ധതിയില്‍ 16 വയസോ അതില്‍ കൂടുതലോ പ്രായമുള്ള കലാകാരര്‍, ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, ചിത്രകാരര്‍, ഫോട്ടോഗ്രാഫര്‍മാര്‍, വിദ്യാര്‍ഥികള്‍, എന്നിവര്‍ കൂടാതെ എല്ലാ മേഖലകളിലുമുള്ള സര്‍ഗ്ഗ പ്രവര്‍ത്തകര്‍ക്കും ഈ അന്താരാഷ്ട്ര പോസ്റ്റര്‍ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാം.

പെയിന്റിങ്, ഡ്രോയിങ്, കൊളാഷ്, ഫോട്ടോഗ്രഫി, പ്രിന്റ് മേക്കിങ്, ടെക്സ്റ്റൈല്‍ അടിസ്ഥാനമാക്കിയ സൃഷ്ടികള്‍, മിക്സ്ഡ് മീഡിയ, ഡിജിറ്റല്‍ ഫോര്‍മാറ്റുകള്‍ എന്നിവ ഉള്‍പ്പെടെ ഏത് ദ്വിമാന മാധ്യമത്തിലും സൃഷ്ടികള്‍ സമര്‍പ്പിക്കാവുന്നതാണ്. എന്‍ട്രികള്‍ നിര്‍ദിഷ്ട ഇംപീരിയല്‍ പോസ്റ്റര്‍ വലുപ്പമായ 22: 30 ഇഞ്ച് (55.9: 76.2 സെ.മീ.) ഫോര്‍മാറ്റില്‍ ആയിരിക്കണം. ഈ സൃഷ്ടികള്‍ പോര്‍ട്രെയ്റ്റ് അല്ലെങ്കില്‍ ലാന്‍ഡ്സ്‌കേപ്പ് ഓറിയന്റേഷനില്‍ സമര്‍പ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സൃഷ്ടികളും ലാവ’കോം പ്രൊഫഷണലായി മൗണ്ട് ചെയ്ത് പ്രദര്‍ശിപ്പിക്കും.

കല, ഡിസൈന്‍, മാധ്യമപ്രവര്‍ത്തനം, വാസ്തുവിദ്യ, സംസ്‌കാരം എന്നീ മേഖലകളിലെ പ്രമുഖരടങ്ങുന്ന ഒരു അന്താരാഷ്ട്ര ജൂറിയാണ് എന്‍ട്രികള്‍ വിലയിരുത്തി അവാര്‍ഡ് തീരുമാനിക്കുക.

ഇതിനെ തുടര്‍ന്ന് ഫുട്ബോളിനെയും അതിന്റെ വിശാലമായ സാംസ്‌കാരിക പ്രാധാന്യത്തെയും ആസ്പദമാക്കി സംഘാടകര്‍ പ്രത്യേകമായി ക്ഷണിച്ച പ്രമുഖ കലാകാരര്‍, ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, മറ്റ് സര്‍ഗ്ഗ പ്രവര്‍ത്തകര്‍ എന്നിവര്‍ ഒരുക്കുന്ന പോസ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക പ്രദര്‍ശനവും കോമണ്‍ ഗ്രൗണ്ടിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് ആര്‍ട്ടിസ്റ്റിക്ക് ഡയരക്ടര്‍ ബോസ് കൃഷ്ണമാചാരി പറഞ്ഞു. മേത്തര്‍ ഗ്രൂപ്പിന്റെ പിന്തുണയോടെ, 2026 സെപ്റ്റംബര്‍ 7-ന് കേരളത്തിലെ എറണാകുളത്തുള്ള മേത്തര്‍ സ്‌ക്വയറില്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ ആദ്യ പ്രദര്‍ശനത്തിന് ശേഷം, ഫുട്ബോളിനോടുള്ള ആവേശത്തിനും അതിന്റെ സാംസ്‌കാരിക ചൈതന്യത്തിനും പേരുകേട്ട ഗോവ, കൊല്‍ക്കത്ത തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കും മറ്റ് കേന്ദ്രങ്ങളിലും കൂടി സഞ്ചരിക്കാനാണ് ഈ പ്രദര്‍ശനം ലക്ഷ്യമിടുന്നത്.

കല, ഡിസൈന്‍, സംസ്‌കാരം, വിജ്ഞാനം, സാങ്കേതികവിദ്യ എന്നീ മേഖലകള്‍ക്കിടയില്‍ സംവാദത്തിനും സഹകരണത്തിനും പരീക്ഷണാത്മക ഇടപെടലുകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനായി രൂപീകരിച്ച വേദിയായ ലാവ’കോമിന്റെ ആദ്യ അന്താരാഷ്ട്ര പദ്ധതിയാണ് കോമണ്‍ ഗ്രൗണ്ട്.

2005-ല്‍ ബോസ് കൃഷ്ണമാചാരി വിഭാവനം ചെയ്ത സഞ്ചരിക്കുന്ന കലാസംരംഭമായ ലാവയില്‍ നിന്നാണ് ലാവ’കോം രൂപംകൊള്ളുന്നത്. ലാവ പിന്നീട് മുംബൈ, ബറോഡ, ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുകയും, ഒടുവില്‍ കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി പെപ്പര്‍ ഹൗസില്‍ സമാപിക്കുകയും ചെയ്തു. പഠനത്തിനും ആശയവിനിമയത്തിനും സര്‍ഗ്ഗപരമായ ഇടപെടലുകള്‍ക്കും അത് വേദിയൊരുക്കി.

കോമണ്‍ ഗ്രൗണ്ട് മുഖേന, കായിക, സംസ്‌കാരിക, സര്‍ഗാത്മക മേഖലകള്‍ സംഗമിക്കുന്ന ഒരു ആഗോള വേദി രൂപപ്പെടുത്താനാണ് ലാവ’കോം ലക്ഷ്യമിടുന്നത്. ഫുട്ബോള്‍ എന്ന സാര്‍വത്രിക ഭാഷയെ ആഘോഷിക്കുന്നതിനൊപ്പം, പങ്കാളിത്തത്തിനും സംവാദത്തിനും കൂട്ടായ ഭാവനയ്ക്കും പ്രോത്സാഹനം നല്‍കുന്നതാണ് ഈ സംരംഭം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist