
ഈ ലോകകപ്പിലെ സ്വപ്നസമാനമായ കുതിപ്പ് നടത്തിയ ഫ്രാൻസ് സെമിഫൈനലിൽ എത്തിയത്. ആ കുതിപ്പിന് ഊർജമായത് അവരുടെ ക്യാപ്റ്റൻ കീലിയൻ എംബാപ്പെയുടെ ഉജ്ജ്വല ഫോമും. ടൂർണമെന്‍റിൽ ഗോൾഡൻ ബൂട്ടിനായി സാക്ഷാൽ ലയണൽ മെസിയുമായി ഇഞ്ചോടിഞ്ച് പോരാടിയാണ് എംബാപ്പെ മുന്നേറിയത്. ഇതിനോടകം എട്ട് ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. മൂന്ന് അസിസ്റ്റ് കൂടിയായതോടെ മെസിയേക്കാൾ മുന്നിലാണ് എംബാപ്പെ.
ഈ പെരുമയുമായാണ് എംബാപ്പെ സെമിഫൈനലിൽ പന്തു തട്ടാൻ ഇറങ്ങിയത്. എന്നാൽ സെമിയിൽ ഇടംവലം തിരിയാതെ സ്പാനിഷ് പ്രതിരോധം എംബാപ്പയെ പൂട്ടി. അതിന് ചുക്കാൻ പിടിച്ചതാകട്ടെ ഒരു പത്തൊമ്പതുകാരൻ പയ്യൻ. അവന്‍റെ പേരാണ് പൗ കുബാർസി.
സ്പെയിനിന്‍റെ പ്രതിരോധവും ഫ്രഞ്ച് മുന്നേറ്റനിരയും തമ്മിലുള്ള പോരാട്ടമായിരിക്കും സെമിയെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഗോളുകളടിച്ചാണ് ഫ്രാൻസ് സെമിയിലെത്തിയത്. എന്നാൽ സ്പെയിൻ ആകട്ടെ ഗോൾ വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയാണ് അവസാന നാലിൽ ഇടംപിടിച്ചത്. സെമിഫൈനൽ വരെ ആകെ വഴങ്ങിയത് ഒരൊറ്റ ഗോൾ മാത്രം. ബെൽജിയത്തിനെതിരായ ക്വാർട്ടറിലാണ് സ്പെയിൻ ആ ഗോൾ വഴങ്ങിയത്.
എതിരാളികളെ അടുപ്പിക്കാതെ സ്പാനിഷ് ബോക്സ് ഉരുക്കുകോട്ടയാക്കി നിർത്തിയത് പൗ കുബാർസിയുടെ തകർപ്പൻ പ്രകടനമാണ്. പന്ത് ക്ലിയർ ചെയ്യുന്നതിലും ടാക്ലിങ്ങിലും അസാമാന്യ പാടവമാണ് പൗ കുബാർസി പുറത്തെടുക്കുന്നത്. എത്ര പുകൾപെറ്റ മുന്നേറ്റമാണെങ്കിലും കുബാർസിയുടെയും സംഘത്തിനും മുന്നിൽ നിഷ്പ്രഭമായി പോകുന്ന കാഴ്ചയാണ് ഈ ലോകകപ്പിൽ കാണുന്നത്. സ്പാനിഷ് സെന്റർ ബാക്കിലെ വൻമതിലാണ് കുബാർസി. സെമിഫൈനലിൽ എംബാപ്പയ്ക്ക് അനങ്ങാൻ പോലും അവസരം നൽകിയില്ല. പരുക്കൻ അടവുകളില്ലാതെ, വളരെ ശാന്തമായും അനായാസമായുമാണ് സ്പാനിഷ് പ്രതിരോധത്തിന്‍റെ ക്ലിയറും ടാക്ലിങ്ങും എന്നതും ശ്രദ്ധേയമാണ്.
സെമിയിൽ കുബാർസിയുടെ പ്രകടനം കണക്കുകളിലൂടെ
പാസ് കൃത്യത- 29/32
നീണ്ട പന്തുകളിലെ കൃത്യത- 100%
അവസാന തേർഡിലേക്കുള്ള പാസ്- 1
ടാക്ലിങ്- 2
ക്ലിയറൻസ്- 4
പന്ത് തിരിച്ചുപിടിക്കൽ- 2
ബാഴ്സലോണയുടെ പ്രതിരോധത്തിലെ വിശ്വസ്തൻ കൂടിയായ കുബാർസി ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽനിന്ന് ഒരൊറ്റ മഞ്ഞ കാർഡ് മാത്രമാണ് കണ്ടത്. ഒന്നും ചെയ്യാനാകാതെ, ഒടുവിൽ സ്പാനിഷ് ഗോൾ കീപ്പറെ തട്ടിവീഴ്ത്താൻ ശ്രമിച്ച് മഞ്ഞകാർഡ് കാണുന്ന എംബാപ്പെയുടെ ദയനീയ ചിത്രത്തിലുണ്ട്, കുബാർസി എന്ന ഡിഫൻഡറുടെ വലുപ്പം. വരുംനാളുകളിൽ ലോകത്തെ മികച്ച ഡിഫൻഡറായി കുബാർസി മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

