
ലോകകപ്പിൽ ഒരു യുഗാന്ത്യം കൂടി…
ലോകകപ്പില്‍ പോർച്ചുഗൽ കിരീടം നേടില്ലെന്ന് ഓരോ ആരാധകനും അറിയാമായിരുന്നു; എങ്കിലും, തങ്ങൾക്ക് സന്തോഷം പകരുന്ന ഒരു അവസാന പ്രകടനത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ അവർ പ്രതീക്ഷയർപ്പിച്ചു. പക്ഷേ മികച്ച താരങ്ങൾ അണിനിരന്നിട്ടും ഒത്തിണക്കമില്ലാത്ത അവസ്ഥയിലായിരുന്നു ടീം. വ്യക്തിഗത നേട്ടങ്ങൾക്കായി മാത്രം കളിച്ച താരങ്ങള്‍ ദേശീയ ജേഴ്സിയോട് പ്രതിബദ്ധത പുലര്‍ത്തുകയോ കിരീട നേട്ടത്തിനായി പോരാടുകയോ ചെയ്തില്ല എന്നുപറയുന്നത് അതിശയോക്തിയാവില്ല.
പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പ്ലേമേക്കറായ ബ്രൂണോ ഫെർണാണ്ടസ് ടൂർണമെന്‍റിലുടനീളം പരാജയമായിരുന്നു. എതിര്‍ ടീമിന്‍റെ ഗോള്‍മുഖത്ത് റൊണാൾഡോയ്ക്ക് ഒരു അർത്ഥവത്തായ
പാസ് മാത്രമേ ബ്രൂണോയ്ക്ക് നൽകാൻ കഴിഞ്ഞുള്ളൂ.
ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ ജോവോ നെവസ്, റൊണാൾഡോ മറ്റുള്ളവരെപ്പോലെ ഒരു സാധാരണ കളിക്കാരൻ മാത്രമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റൊണാൾഡോയുടെ ചരിത്രവും പാരമ്പര്യവും നെവസിന്‍റെ പ്രായത്തേക്കാൾ എത്രയോ വലുതാണ്.
റോബർട്ടോ മാർട്ടിനസ്-ലോകത്തെ ഏറ്റവും മികച്ച ചില ഫുട്ബോള്‍ താരങ്ങളുടെ ചുമതല വഹിക്കുന്നത് ഫുട്ബോളിന്‍റെ അടിസ്ഥാനകാര്യങ്ങളിൽ പോലും പ്രാവീണ്യം നേടാത്ത പരിശീലകനാണെന്ന് ആരാധകര്‍ സംശയിച്ചാല്‍ തെറ്റുപറയാകാനാകില്ല.

ചിലർ ചോദിച്ചേക്കാം, മുഴുവൻ ടീമും എന്തിനാണ് റൊണാൾഡോയ്ക്ക് വേണ്ടി കളിക്കേണ്ടത്? ഉത്തരം ചരിത്രം തന്നെയാണ്. റൊണാൾഡോയാണ് പോർച്ചുഗലിന്‍റെ ഫുട്ബോൾ ചരിത്രം കെട്ടിപ്പടുത്തത്. 2002 ന് ശേഷമുള്ള പോര്‍ച്ചുഗലിന്‍റെ രാജ്യാന്തര മത്സര ചരിത്രം നോക്കുക. റൊണാള്‍ഡോയ്ക്ക് മുമ്പും റൊണാള്‍ഡോയ്ക്ക് ശേഷവും എന്ന നിലയില്‍ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ചരിത്രത്തെ വേര്‍തിരിക്കാം.

റൊണാള്‍ഡോയ്ക്ക് മുന്‍പ് ലൂയിസ് ഫിഗോ കാരണം ദേശീയ ടീമിനെ പിന്തുടർന്നവർ ഒഴികെ, ദേശീയ ടീമിന് വിരലിലെണ്ണാവുന്ന പിന്തുണക്കാർ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ.
മറുവശത്ത്, അർജന്‍റീനിയൻ ദേശീയ ടീം ഈ ലോകകപ്പില്‍ മാത്രമല്ല, മുൻ ടൂർണമെന്‍റ് മുതൽ ലയണൽ മെസ്സിക്ക് വേണ്ടി പോരാടുകയാണ്. മെസ്സിക്ക് വേണ്ടി ദേശീയ ജേഴ്സിയണിയുന്ന പത്ത് താരങ്ങളാണ് കളിക്കളത്തിലിറങ്ങുക.
നേരെമറിച്ച്, പോർച്ചുഗൽ ടീമിലാകട്ടെ, റൊണാൾഡോയിലേക്ക് പന്ത് എത്താതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ഒരു കൂട്ടം താരങ്ങളാണ് മൈതാനത്തുള്ളത്. ലക്ഷ്യം ഒന്നുമാത്രം, റൊണാള്‍ഡോയെ തോൽപ്പിക്കുക, കിരീട നേട്ടം ഒഴിവാക്കുക. ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തില്‍ മാത്രമാണ് പോര്‍ച്ചുഗല്‍ ടീമെന്ന നിലയില്‍ കളിച്ചത് എന്നത് മറക്കുന്നില്ല.
ഇത് അതിശയോക്തിയാണെന്ന് ചിലരെങ്കിലും കരുതിയേക്കാം, പക്ഷേ നമ്മുടെ ജീവിതകാലത്ത് കണ്ടനുഭവിച്ച യാഥാർത്ഥ്യമാണിത്. യുവേഫ യൂറോ 2004 മുതൽ രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന റൊണാൾഡോയുടെ ഏറ്റവും മികച്ച വർഷങ്ങൾക്ക് ഈ തലമുറ സാക്ഷ്യം വഹിച്ചു, ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി തന്‍റെ പേര് അദ്ദേഹം എഴുതിച്ചേര്‍ത്തു. പോർച്ചുഗൽ പരാജയപ്പെട്ടതും റൊണാൾഡോ പുറത്തായതും ഒരു വശത്തുണ്ടെങ്കിലും, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസ താരത്തിന്‍റെ കാലഘട്ടത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം.

നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ഓരോ സന്തോഷനിമിഷത്തിനും നന്ദി. ഇന്ന് ഞങ്ങൾ നിങ്ങളുടെ ദുഃഖത്തിലും പങ്കുചേരുന്നു; കാരണം, വിജയവേളകളിൽ മാത്രമല്ല, നിരാശയുടെ നിമിഷങ്ങളിലും
ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. അതിനാൽ അവസാനമായി ഞങ്ങൾ പറയുന്നു, നന്ദി, ക്രിസ്റ്റ്യാനോ…, നന്ദി പോര്‍ച്ചുഗല്‍…
Also Read- ബാല്യങ്ങളും കൗമാരങ്ങളും മൈതാനത്ത് നിന്നും ഇറങ്ങിപ്പോകുന്ന ഒരു ലോകകപ്പ്
ഇനി പോർച്ചുഗൽ ദേശീയ ടീമിനോട് വിട പറയുന്ന ആരാധകരുണ്ടാകാം. വരും ലോകകപ്പുകളില്‍, യൂറോ മത്സര കാലയളവില്‍ പോര്‍ച്ചുഗലിനായി കേരളത്തിലങ്ങോളമിങ്ങോളം ഫ്ലക്സുകളോ പതാകകളോ ഉയരുകയില്ലെന്നുറപ്പ്. ഒരു പക്ഷേ പോര്‍ച്ചുഗലില്‍ പോലും ഇനി ആ ടീമിന് അവശേഷിക്കുന്ന പിന്തുണക്കാർ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ഭാര്യയും ജോവോ നെവെസിന്‍റെ കുടുംബാംഗങ്ങളുമായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

