
അമേരിക്കൻ ഫുട്ബോളിൽ ഫൊലാരിൻ ജെറി ബലോഗൺ എന്ന പേരിന് ഇനിമുതൽ തിളക്കമേറും. കാരണം സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിലെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയിരിക്കുകയാണ് ഈ 24കാരൻ. ഗ്രൂപ്പ് ഡിയിൽ ലാറ്റിനമേരിക്കൻ കരുത്തരായ പരാഗ്വേയ്ക്കെതിരെ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകളാണ് ബലോഗൺ നേടിയത്. അതും തകർപ്പൻ രണ്ടു ഗോളുകൾ. ഇതോടെ കളി ആരാധകരുടെയും ഫുട്ബോൾ വിദഗ്ദരുടെയും മനസിൽ ബലോഗൺ എന്ന പേരിന് സ്ഥാനമേറുകയാണ്.
അമേരിക്കയിലേക്ക് കുടിയേറിയ നൈജീരിയൻ മാതാപിതാക്കളുടെ മകനായി ന്യൂയോർക്കിലാണ് ബലോഗൺ ജനിച്ചത്. എന്നാൽ ഒരു മാസം പ്രായമുള്ളപ്പോൾ ബലോഗണിനെയുംകൊണ്ട് മാതാപിതാക്കൾ ബ്രിട്ടനിലേക്ക് കുടിയേറി. പിന്നീട് വളർന്നതും പഠിച്ചതും ലണ്ടനിൽ. വളരെ ചെറുപ്പത്തിലേ ബലോഗൺ പന്തുതട്ടി തുടങ്ങി.
മുൻ സൺഡേ ലീഗ് ടീമായ ആൽഡേഴ്‌സ്ബ്രൂക്കിനായി കളിച്ചുകൊണ്ടായിരുന്നു തുടക്കം. ഫുട്ബോളിൽ ബലോഗണിന് ഭാവിയുണ്ടെന്ന് മനസിലാക്കിയ മാതാപിതാക്കൾ എട്ടാം വയസ്സിൽ ആഴ്സണൽ അക്കാദമിയിൽ ചേർത്തു. ആഴ്‌സണലിന്റെ ഹെയ്ൽ എൻഡ് അക്കാദമിയിലാണ് ബലോഗൺ കാൽപ്പന്തുകളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ചത്.
കൌമാരം വിട്ടതോടെ ബലോഗണിന്‍റെ പ്രതിഭ മനസിലാക്കി, മിഡിൽസ്ബറോ ഇദ്ദേഹത്തെ വാങ്ങി. പിന്നീട് ഫ്രഞ്ച് ലീഗിലേക്ക് മാറിയ ബലോഗൺ അവിടെ ലീഗ് വൺ ടീമായ റീംസിനുവേണ്ടി കളിച്ചു. ഇത് അദ്ദേഹത്തിന്‍റെ കരിയറിൽ വലിയ വഴിത്തിരിവായി. ആദ്യ സീസണിൽ തന്നെ 22 ഗോളുകളാണ് ബലോഗൺ അവിടെ അടിച്ചുകൂട്ടിയത്. ഇതോടെ യൂറോപ്യൻ ലീഗിൽ ഏറ്റവുമധികം ഗോൾ നേടുന്ന അമേരിക്കൻ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.
Also Read- ലോകകപ്പ് അരങ്ങറ്റത്തിൽ ഇരട്ടഗോളുമായി ബലോഗൺ; പരാഗ്വേയെ 4-1ന് തകർത്ത് അമേരിക്ക
2023 ഓഗസ്റ്റിൽ, ബലോഗൺ പ്രശസ്ത ഫ്രഞ്ച് ക്ലബായ മൊണാക്കോയിൽ ചേർന്നു, അവിടെ അദ്ദേഹം 2025–26 സീസണിലെ മൊണാക്കോ പ്ലെയർ ഓഫ് ദി സീസണായി തിരഞ്ഞെടുക്കപ്പെട്ടു. മൊണോകോയ്ക്കുവേണ്ടി ഈ സീസണിൽ ഇതിനോടകം 19 ഗോളുകളും അഞ്ച് അസിസ്റ്റുകളും ബലോഗൺ സ്വന്തം പേരിൽ കുറിച്ചുകഴിഞ്ഞു.
അന്താരാഷ്ട്ര ഫുട്ബോളിൽ യൂത്ത് തലത്തിൽ ബലോഗൺ അമേരിക്കയെയും ഇംഗ്ലണ്ടിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാൽ സീനിയർ തലത്തിലേക്ക് എത്തിയപ്പോൾ അമേരിക്കൻ ജഴ്സി തെരഞ്ഞെടുക്കുകയായിരുന്നു. 2023 ജൂണിൽ ആയിരുന്നു അമേരിക്കയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ചത്. 2023 കോൺകകഫാഫ് നേഷൻസ് ലീഗ് ഫൈനലിൽ ഗോളടിച്ച് കിരീടനേട്ടത്തിൽ പങ്കാളിയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

