
ഫിലാഡൽഫിയ: ലോകകപ്പ് ഗ്രൂപ്പ് സിയിൽ കരുത്തരായ ബ്രസീൽ ഹെയ്തിക്കെതിരെ ആദ്യ പകുതിയിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ. മാത്യൂസ് ക്യൂഞ്ഞ നേടിയ ഇരട്ടഗോളുകളും വിനീഷ്യസ് ജൂനിയറിന്‍റെ എണ്ണം പറഞ്ഞ മറ്റൊരു ഗോളുമാണ് ബ്രസീലിനെ ആദ്യ പകുതിയിൽ മുന്നിലെത്തിച്ചത്. ആദ്യ 10 മിനിട്ടിലേറെ നന്നായി പൊരുതി പിടിച്ചുനിന്ന ഹെയ്തി പിന്നീട് ഗോൾ വഴങ്ങുകയായിരുന്നു.
ബ്രസീലിന്‍റെ ചില നല്ല നീക്കങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഇതോടെ ഹെയ്തി പരുക്കൻ അടവുകൾ പുറത്തെടുത്തു. നാലാം മിനിട്ടിൽ ബ്രസീൽ താരത്തെ ഫൗൾ ചെയ്തതിന് ഹെയ്തിയുടെ കാർലെൻസ് ആർക്കസിന് മഞ്ഞ കാർഡ് ലഭിച്ചു. കളിയുടെ തുടക്കം മുതൽ ബ്രസീൽ ആധിപത്യം പുലർത്തിയെങ്കിലും ചില നല്ല നീക്കങ്ങൾ ഹെയ്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. 14ആം മിനിട്ടിൽ റഫീഞ്ഞ്യ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 21ആം മിനിട്ടിൽ ലൂക്കാസ് പാക്വെറ്റയുടെ പാസിൽനിന്ന് വിനീഷ്യസ് ജൂനിയറിന് മികച്ച ഒരു ഗോളവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല.
23ആം മിനിട്ടിൽ ബ്രസീൽ ആരാധകർ കാത്തിരുന്ന ഗോൾ എത്തി. വിനീഷ്യസ് ജൂനിയർ ഡ്രിബിൾ ചെയ്ത് ബോക്സിലേക്ക് നടത്തിയ നീക്കമാണ് ഗോളിൽ കലാശിച്ചത്. റീബൌണ്ട് ചെയ്തുവന്ന പന്ത് മാത്യൂസ് ക്യൂഞ്ഞ ഒരവസരം പോലും നൽകാതെ വലയിലാക്കുകയായിരുന്നു. ഈ സമയം ഹെയ്തി ഗോൾ കീപ്പർ ജോണി പ്ലാസിഡ് വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു. 36ആം മിനിട്ടിൽ ഒരു ത്രൂപാസ് പിടിച്ചെടുത്ത് മാത്യൂസ് ക്യൂഞ്ഞ ബ്രസീലിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.
ചില പ്രത്യാക്രമണങ്ങൾ ഹെയ്തി നടത്തിയെങ്കിലും അവയ്ക്ക് മൂർച്ഛ പോരായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയർ മനോഹരമായ മറ്റൊരു ഗോളിലൂടെ മഞ്ഞപ്പടയുടെ ലീഡ് മൂന്നാക്കി ഉയർത്തുകയായിരുന്നു. ഹെയ്തിയുടെ മധ്യനിരയെയും പ്രതിരോധത്തെയും വകഞ്ഞ് മുന്നേറിയ വിനീഷ്യസ് ലക്ഷ്യം തെറ്റാതെ അനായാസം പന്ത് വലയിലാക്കുകയായിരുന്നു.
Also Read- ഫിഫ ലോകകപ്പ് 2026: ടൂർണമെന്റിലെ അതിവേഗ ഗോളിന്റെ ബലത്തിൽ സ്കോട്ലൻഡിനെ മറികടന്ന് മൊറോക്കോ
ആദ്യ പകുതിയിൽ 60 ശതമാനത്തിലേറെ ബോൾ പൊസെഷൻ നിലനിർത്തിയത് ബ്രസീൽ ആയിരുന്നു. ഹെയ്തി പോസ്റ്റിലേക്ക് ബ്രസീൽ അഞ്ച് തവണയാണ് ഓൺ ടാർജറ്റ് ഷോട്ടുകൾ ഉതിർത്തത്. രണ്ട് ഹെയ്തി താരങ്ങളാണ് ആദ്യ പകുതിയിൽ മഞ്ഞ കാർഡ് കണ്ടത്.
ആദ്യ പകുതിയിൽ സൂപ്പർ താരം റഫീഞ്ഞ്യ പരുക്ക് മൂലം പുറത്തായത് ബ്രസീലിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. റയാൻ ആണ് പകരക്കാരനായി മൈതാനത്തേക്ക് എത്തിയത്.
ആദ്യ മത്സരത്തിൽ മൊറോക്കയോട് സമനില വഴങ്ങിയ ബ്രസീലിന് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. ഇന്നും സൂപ്പർതാരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

