
ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേക്ഷണം സംബന്ധിച്ച വിഷയം അന്തിമ തീരുമാനത്തിലേക്ക്. ഫിഫ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ആണ് റിപ്പോർട്ട്. ഇതോടെ വിശ്വകിരീട പോരിന്റെ ഇന്ത്യയിലെ ടെലികാസ്റ്റിനെ ചൊല്ലി മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് അവസാനമാകാൻ ആണ് സാധ്യത.
ലോകകപ്പ് ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ചർച്ചകൾ പൂർത്തിയായതായും അടുത്ത ആഴ്ച ആദ്യം തന്നെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുൻ സെക്രട്ടറി ഷാജി പ്രഭാകരൻ അറിയിച്ചു. 2022ലെ ലോകകപ്പ് സംപ്രേഷണം ചെയ്ത ജിയോ തങ്ങളുടെ 20 മില്യൺ ഡോളർ എന്ന മൂല്യനിർണ്ണയത്തിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്. എന്നാൽ സോണിയും ഫാൻകോഡും മത്സരത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് മത്സരരംഗത്തേക്ക് വൈകിയാണ് സീ എത്തിയത്. സംപ്രേക്ഷണാവകാശം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സീ എന്റർടൈൻമെന്റ്സ് പുതിയ ഏഴ് സ്പോർട്സ് ചാനലുകൾ ആരംഭിക്കുമെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് 8 സ്‌പോർട്‌സ് എന്ന പേരിൽ അവർ ട്രേഡ്മാർക്കിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ALSO READ:ചിയർലീഡർമാരെ അപമാനിച്ച് ക്രിക്കറ്റ് ആരാധകർ; സംഭവം ലഖ്‌നൗ-പഞ്ചാബ് മത്സരത്തിനിടെ
2026, 2030 പതിപ്പുകളുടെ സംയുക്ത അവകാശങ്ങൾക്കായി ആദ്യം ഏകദേശം 100 മില്യൺ ഡോളർ ആവശ്യപ്പെട്ടിരുന്ന ഫിഫ, പിന്നീട് ഈ തുക ഏകദേശം 35 മില്യൺ ഡോളറായി കുറച്ചു. ഇതോടെ അന്തിമ കരാർ 35 മില്യൺ ഡോളറിന്റെ പരിധിയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 2026, 2030 വർഷങ്ങളിലെ പുരുഷ ലോകകപ്പുകൾ ഉൾപ്പെടും. കരാർ ഒപ്പിട്ടുകഴിഞ്ഞാൽ അടുത്ത ആഴ്ച തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
മത്സരങ്ങളുടെ സമയക്രമമാണ് പ്രധാന വെല്ലുവിളികളിലൊന്ന്. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 104 മത്സരങ്ങളിൽ 90 ശതമാനവും ഇന്ത്യൻ സമയം അർദ്ധരാത്രിക്കും പുലർച്ചെ 6 മണിക്കും ഇടയിലാണ്. ഇന്ത്യ ഈ ടൂർണമെന്റിൽ കളിക്കാത്ത സാഹചര്യത്തിൽ പരസ്യദാതാക്കൾക്ക് ഇതൊരു ബുദ്ധിമുട്ടേറിയ സമയക്രമമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

