ഈ കപ്പും തൂക്കാൻ അർജന്റീന; മെസിപ്പടയെക്കുറിച്ച് അറിയേണ്ടതെല്ലാം

Messi_argentina

കാൽപ്പന്തുകളിയുടെ ലോക മാമാങ്കത്തിന് വീണ്ടും കളിത്തട്ടുണരുകയാണ്. വരുന്ന ജൂൺ-ജൂലൈ മാസങ്ങളിലായി അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പിൽ കിരീടം നിലനിർത്തുകയാണ് നിലവിലെ ജേതാക്കളായ അർജന്റീന ലക്ഷ്യമിടുന്നത്. 2022-ൽ ഖത്തറിൽ നേടിയ ആ മോഹകപ്പ് അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ സ്കലോണിയുടെ പിള്ളേർക്ക് ആകുമോ? ലോകകപ്പിന് പിന്നാലെ 2024 കോപ്പ അമേരിക്ക കിരീടവും നേടിയ ആത്മവിശ്വാസത്തിലാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്‍റീന. 1958-ലും 1962-ലും ബ്രസീൽ തുടർച്ചയായി ലോകകപ്പ് നേടിയതിന് ശേഷം, ആ നേട്ടം ആവർത്തിക്കുന്ന ആദ്യ ടീമാകുകയെന്ന ലക്ഷ്യത്തോടെയാണ് ലയണൽ മെസ്സിയും സംഘവും ഇത്തവണ പന്ത് തട്ടാൻ ഇറങ്ങുന്നത്…

തുറുപ്പ് ചീട്ട് സ്കലോണിയുടെ തന്ത്രങ്ങൾ തന്നെ

2018 ലോകകപ്പ് അർജന്‍റീനൻ ആരാധകർ എക്കാലവും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. ഏറെ നിരാശപ്പെടുത്തിയ ആ ലോകകപ്പിന് ശേഷമാണ് ലയണൽ സ്കലോണി അർജന്‍റീനയുടെ ആശാനാകുന്നത്. അത് അർജന്‍റീനൻ ഫുട്ബോളിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. റോഡ്രിഗോ ഡി പോൾ, ലൗട്ടാരോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ തുടങ്ങിയ താരങ്ങളെ ദേശീയ ടീമിലെത്തിച്ച സ്കലോനി, അർജന്റീനയുടെ കേളിശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തുകയാണ് അദ്യം ചെയ്തത്. അതിന്‍റെ ഫലം 2021-ലെ കോപ്പ അമേരിക്കയിൽ കണ്ടുതുടങ്ങി. 28 വർഷത്തെ കിരീടവരൾച്ചയ്ക്ക് അന്ത്യംകുറിച്ച അർജന്‍റീന പിന്നീട് ഫൈനലിസിമ, 2022 ലോകകപ്പ്, 2024 കോപ്പ അമേരിക്ക എന്നിവയും സ്കലോണിയുടെ തന്ത്രങ്ങളിലൂടെ സ്വന്തമാക്കി.

നയിക്കാൻ സാക്ഷാൽ ലയണൽ മെസ്സി

കാൽപ്പന്ത് കളിയുടെ ചരിത്രത്തിലെ തന്നെ അസാമാന്യ പ്രതിഭകളിൽ ഒരാളാണ് ലയണൽ മെസി. ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് മെസിയുടെ പേരിലാണ് (5 ലോകകപ്പുകളിലായി 26 മത്സരങ്ങൾ). ഇതിനുപുറമെ അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും മെസിയാണ് (13 ഗോളുകൾ). 10 ഗോളുകൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയാണ് മെസ്സിക്ക് തൊട്ടുപിന്നിൽ. ഇത്തവണയും അർജന്‍റീനയെ മുന്നിൽനിന്ന് നയിക്കാൻ മെസിയുണ്ട്.

ടീം അർജന്റീനയിൽ ഇവരൊക്കെ

പ്രതിരോധനിര: ലിയാൻഡ്രോ ബാലേർഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മൊണ്ടിയൽ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫക്കൂണ്ടോ മെദീന, നവൽ മൊളീന

മധ്യനിര: ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോൾ, വാലന്റൈൻ ബാർക്കോ, ജിയോവാനി ലോ സെൽസോ, എസക്വെൽ പാലാസിയോസ്, അലക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്

മുന്നേറ്റനിര: ജൂലിയൻ അൽവാരസ്, ലയണൽ മെസ്സി, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാർട്ടിനെസ്, ജോസ് മാനുവൽ ലോപസ്

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാൻ മൂസ്സോ

അർജന്‍റീനയുടെ ലോകകപ്പ് വിജയങ്ങൾ

ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീന ഇതുവരെ മൂന്ന് തവണ ജേതാക്കളായിട്ടുണ്ട്.

1978: സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ മരിയോ കെംപസിന്റെ തകർപ്പൻ പ്രകടനമാണ് അർജന്റീനയ്ക്ക് ആദ്യമായി ലോകകിരീടം നേടിക്കൊടുത്തത്.

1986: ലോക ഫുട്ബോളിലെ ഇതിഹാസതാരമായ ഡിയേഗോ മറഡോണയുടെ മാന്ത്രിക പ്രകടനങ്ങളിലൂടെ മെക്സിക്കോയിൽവെച്ച് അർജന്‍റീന രണ്ടാമതും ലോകകപ്പ് കൈപ്പിടിയിലൊതുക്കി. ഇംഗ്ലണ്ടിനും ബെൽജിയത്തിനുമെതിരെ മറഡോണ നേടിയ ഗോളുകൾ ലോകകപ്പ് ചരിത്രത്തിലെ തന്നെ അതുല്യ നിമിഷങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

Also Read- മെസ്സി ആറാം ലോകകപ്പിന്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

2022: ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്‍റീന മൂന്നാം കിരീടം നേടിയത്. ലയണൽ മെസ്സി തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും ഖത്തർ ലോകകപ്പ് സാക്ഷിയായി.

1930-ൽ നടന്ന പ്രഥമ ലോകകപ്പ് ഫൈനലിൽ കളിച്ച അർജന്റീന, ഇതുവരെ 19 തവണ ലോകകപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

2026 ലോകകപ്പിലേക്കുള്ള വഴി

തെക്കേ അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അർജന്റീന 2026 ലോകകപ്പിന് യോഗ്യത നേടിയത്. ചിരവൈരികളായ ബ്രസീലിനെ അവരുടെ നാട്ടിൽ വെച്ച് പരാജയപ്പെടുത്തിയതടക്കം പോയിന്‍റ് ടേബിളിൽ ഒന്നാമൻമാരായാണ് അർജന്റീനയുടെ വരവ്.

അർജന്‍റീനയുടെ മത്സരങ്ങൾ

2026 ലോകകപ്പിൽ ഗ്രൂപ്പ് ജെയിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവർക്കൊപ്പമാണ് അർജന്റീന ഇത്തവണ പന്തുതട്ടുന്നത്.

16 ജൂൺ: അർജന്‍റീന v അൾജീരിയ – കാൻസാസ് സിറ്റി സ്റ്റേഡിയം
22 ജൂൺ: അർജന്‍റീന v ഓസ്ട്രിയ – ഡള്ളാസ് സ്റ്റേഡിയം
27 ജൂൺ: ജോർദാൻ v അർജന്‍റീന – ഡള്ളാസ് സ്റ്റേഡിയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here