
കോട്ടയത്ത് മത്സ്യത്തൊഴിലാളി വെള്ളത്തിൽ വീണു മരിച്ചു. കൈപ്പുഴയിലാണ് സംഭവം. കൈപ്പുഴ സെന്റ് ജോർജ് സ്കൂളിന് സമീപം നീണ്ടൂർ കുരീക്കുന്നേൽ ദാസപ്പൻ (62) ആണ് മരിച്ചത്.
മത്സ്യത്തൊഴിലാളിയായ ദാസപ്പൻ ഇന്നലെ രാവിലെ സ്ഥിരമായി വലയിടുന്ന കൈപ്പുഴ ചോഴിയാപ്പാറ പാടശേഖരത്തിൽ മത്സ്യബന്ധത്തിനായി പോയതാണ്. ഉച്ചയായിട്ടും തിരിച്ചു വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോൾ പാടത്തെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് മേൽ നടപടി സ്വീകരിച്ചു . മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: പൊട്ടിക്കിടന്ന വൈദ്യുതലൈനിൽ ചവിട്ടിയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു
അതേസമയം സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വള്ളത്തിൽ പോയ യുവാവ് വള്ളം മറിഞ്ഞ് കാൽ മീൻ വലയിൽ കുടുങ്ങി മുങ്ങി മരിച്ചു. തിരുവല്ലയിലെ വള്ളംകുളം കാവുങ്കലിലാണ് സംഭവം. വള്ളംകുളം ചെറുശ്ശേരി വീട്ടിൽ രഞ്ജിത്ത് രാജേന്ദ്രൻ (35) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. കാവുങ്കൽ ജംഗ്ഷന് സമീപത്തെ ദാനപ്പള്ളി പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയി മടങ്ങവേ ഒഴുക്കിൽപ്പെട്ട വള്ളം തലകീഴ് മറിയുകയായിരുന്നു. മറിഞ്ഞ വള്ളത്തോടൊപ്പം രഞ്ജിത്തും വെള്ളത്തിലേക്ക് വീണു. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും സംഭവം കണ്ട് ഓടിയെത്തിയ സമീപവാസികളും ചേർന്ന് രഞ്ജിത്തിനെ മുങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് കാറിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

